സ്റ്റേജ് ഷോ ചെയ്യുന്നതു കാരണം സിനിമയിൽനിന്ന് ഒഴിവാക്കി: ഷംന | Video

സിനിമയിൽ വേഷം തരണമെങ്കിൽ മൂന്ന് മാസത്തോളം ഷോകളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് ഒരു പ്രമുഖ സംവിധായകൻ ആവശ്യപ്പെട്ടിട്ടുണ്ട്

സ്വന്തം ലേഖകൻ

ദുബായ്: നൃത്തത്തോടും സ്റ്റേജ് ഷോകളോടുമുള്ള അഭിനിവേശം മൂലം തന്നെ മികച്ച മലയാള സിനിമകളിൽ നിന്നു തന്നെ മാറ്റിനിർത്തിയിട്ടുണ്ടെന്ന് നടിയും നർത്തകിയുമായ ഷംന കാസിം. സിനിമയിൽ വേഷം തരണമെങ്കിൽ മൂന്ന് മാസത്തോളം ഷോകളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് ഒരു പ്രമുഖ സംവിധായകൻ ആവശ്യപ്പെട്ടിട്ടുണ്ട്. സംവിധായകന്‍റെ ആവശ്യം നിരാകരിച്ചു. അന്ന് സിനിമക്ക് വേണ്ടി നൃത്തവും ഷോകളും ഒഴിവാക്കിയിരുന്നെങ്കിൽ ഇന്ന് സിനിമയും ഷോയും ഇല്ലാതെ അവസ്ഥ വന്നേനെ എന്നും ഷംന.

ദുബായിൽ തുടങ്ങിയ 'ഷംന കാസിം ഡാൻസ് സ്റ്റുഡിയോ' എന്ന സ്ഥാപനത്തിന്‍റെ ഉദ്‌ഘാടനവുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഷംന.

അന്യഭാഷകളിൽ ഇപ്പോഴും സജീവമാണ്. സമുദ്രക്കനിയുമൊത്ത് ഒരു തെലുങ്ക് ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. തമിഴിലും തെലുങ്കിലും വെബ് സീരീസുകളിലും വേഷങ്ങൾ ചെയ്യുന്നു. എന്തുകൊണ്ട് മലയാള സിനിമ മാത്രം തന്നെ ഒഴിവാക്കുന്നതിന്‍റെ കാരണം അറിയില്ല.

ഇന്ന് ഇൻഫ്ളുവൻസർമാരെ പോലും അഭിനയിപ്പിക്കാൻ സംവിധായകർക്ക് മടിയില്ല. മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവർക്കൊപ്പം അഭിനയിച്ചിട്ടും ഷോകൾ ചെയ്യുന്നു എന്ന കാരണത്താൽ തന്നെ മാറ്റിനിർത്തുകയാണ്.

ഏറെ പ്രതീക്ഷകളോടെ ചെയ്ത ചട്ടക്കാരി എന്ന ചിത്രത്തിന് മികച്ച പ്രതികരണം ലഭിക്കാതെ വന്നപ്പോൾ സിനിമാഭിനയം നിർത്തി നൃത്തത്തിൽ കൂടുതൽ ശ്രദ്ധിക്കാമെന്ന് വിചാരിച്ചിരുന്നുവെന്നും ഷംന പറഞ്ഞു.

മലയാള ചലച്ചിത്ര രംഗത്തെ ഇപ്പോഴത്തെ പ്രതിസന്ധിയെക്കുറിച്ചുള്ള ചോദ്യത്തിന്, എല്ലാ മാറ്റങ്ങളും നല്ലതിനാണെന്നും കൂടുതൽ അനുഭവസമ്പത്തുള്ള മുതിർന്ന നടിമാർ മുൻകൈ എടുത്ത് ഇപ്പോഴുള്ള അവസ്ഥയ്ക്ക് മാറ്റം കൊണ്ടുവരാൻ ശ്രമിക്കണമെന്ന് അവർ അഭിപ്രായപ്പെട്ടു. 'അമ്മയിൽ നിന്ന് മോശം അനുഭവം ഉണ്ടായിട്ടില്ല. താൻ ഇപ്പോഴും 'അമ്മ' സംഘടനയിൽ അംഗമാണെന്നും ഷംന കാസിം വ്യക്തമാക്കി.

Trending

No stories found.

More Videos

No stories found.
logo
Metro Vaartha
www.metrovaartha.com