
ഫെബ്രുവരിയിൽ റിലീസ് ചെയ്ത 16 സിനിമകളും പൊട്ടി; ചെലവിട്ടത് 75 കോടി രൂപ, പാതി പോലും തിരിച്ചു കിട്ടിയില്ല!
തിരുവനന്തപുരം: ഫെബ്രുവരിയിൽ റിലീസ് ചെയ്ത സിനിമകളുടെ കണക്കുകൾ പുറത്തു വിട്ട് നിർമാതാക്കളുടെ സംഘടന. റിലീസ് ചെയ്ത 16 സിനിമകളുടെ നിർമാണ ചെലവും തിയെറ്ററിൽ നിന്ന് ലഭിച്ച കലക്ഷനുമാണ് പുറത്തു വിട്ടിരിക്കുന്നത്. ഫെബ്രുവരിയിൽ 17 സിനിമകൾ റിലീസ് ആയി. അതിൽ തടവ് എന്ന ചിത്രമൊഴികെ ബാക്കി ചിത്രങ്ങളുടെയെല്ലാം കണക്കുകൾ ലഭിച്ചിട്ടുണ്ട്. 16 സിനിമകൾക്കായി 75.23 കോടി രൂപ മുതൽമുടക്കിയപ്പോൾ തിയറ്ററിൽ നിന്ന് നേടിയത് വെറും 23.55 കോടി രൂപ മാത്രമാണ്. ബ്രൊമാൻസ്, ഓഫിസർ ഓൺ ഡ്യൂട്ടി, ചാട്ടുളി, ഗെറ്റ് സെറ്റ് ബേബി എന്നീ ചിത്രങ്ങൾ ഇപ്പോൾ പ്രദർശനം തുടരുന്നുണ്ട്.
1.6 കോടി രൂപ മുടക്കി നിർമിച്ച ലവ്ഡേൽ എന്ന ചിത്രത്തിന് വെറും 10,000 രൂപ മാത്രമാണ് തിയെറ്ററിൽ നിന്ന് ലഭിച്ചത്. നാരായണീന്‍റെ മൂന്നാൺമക്കൾ എന്ന സിനിമയുടെ ചെലവ് 5.48 കോടി രൂപയായിരുന്നു. തിയെറ്ററിൽ നിന്ന് തിരികെ ലഭിച്ചത് 33.58 ലക്ഷം രൂപയാണ്. ഇഴ എന്ന സിനിമയ്ക്ക് 63.83 ലക്ഷം രൂപ ചെലവാക്കി. തിരികെ ലഭിച്ചത് 45,000 രൂപ മാത്രം. 8 കോടി മുടക്കിയ ബ്രോമാൻസിന് ഇതു വരെ 4 കോടി രൂപ മാത്രമേ തിരിച്ചു പിടിക്കാൻ സാധിച്ചിട്ടുള്ളൂ. 5 കോടി ചെലവിട്ട പൈങ്കിളി നേടിയത് രണ്ടരക്കോടി രൂപ.
ഫെബ്രുവരി 13ന് റിലീസായ ഓഫിസർ ഓൺ ഡ്യൂട്ടിയാണ് തമ്മിൽ ഭേദം. 13 കോടി രൂപ ചെലവിട്ട് നിർമിച്ച ചിത്രം ഇതു വരെയും 11 കോടി രൂപ കലക്റ്റ് ചെയ്തിട്ടുണ്ട്. തിയെറ്ററിൽ ഇപ്പോഴും പ്രദർശനം തുടരുന്നുമുണ്ട്.