
മമിത ബൈജു.
https://www.facebook.com/imamithabaijuofficial
പി.ജി.എസ്. സൂരജ്
ചിരിയിലെ നിഷ്കളങ്കത കൊണ്ടും സ്വാഭാവികമായ അഭിനയശൈലി കൊണ്ടും അന്യഭാഷാ ചിത്രങ്ങളുടെ കൂറ്റൻ ക്യാൻവാസുകളിലേക്ക് അനായാസം നടന്നു കയറി, ബോക്സ് ഓഫിസ് റെക്കോർഡുകൾ തിരുത്തിയെഴുതുകയാണ് മലയാളത്തിന്‍റെ സ്വന്തം മമിത ബൈജു. മനോഹരമായ ഒരു സ്വപ്നം പോലെയാണ് മമിതയുടെ സിനിമാ യാത്ര. മലയാളത്തിൽ കൊച്ചു കൊച്ചു വേഷങ്ങളിൽ തുടങ്ങി ഇന്ന് തമിഴ് സിനിമാ ലോകത്തെയും കീഴടക്കി ജൈത്രയാത്ര തുടരുന്ന മമിത, പുതിയ കാലത്തെ താരസങ്കൽപ്പങ്ങളെത്തന്നെ തിരുത്തിയെഴുതുകയാണ്.
മമിത നായികയായ 'ബത്‌ലഹേം കുടുംബ യൂണിറ്റ്' ആഗോള തലത്തിൽ 200 കോടി രൂപയുടെ കളക്ഷൻ നേടി ബോക്സ് ഓഫിസിൽ ചരിത്രം സൃഷ്ടിക്കുമ്പോൾ, അതൊരു നടിയെന്ന നിലയിൽ ലഭിക്കുന്ന താരമൂല്യത്തിന്‍റെ ഏറ്റവും വലിയ അംഗീകാരമായി മാറുന്നു. മലയാളത്തിന് പുറമെ തമിഴിലും മമിത നായികയായ ചിത്രങ്ങൾ വൻ വിജയമായി മുന്നേറുന്ന കാഴ്ചയാണ് ഇപ്പോൾ സിനിമാലോകം കാണുന്നത്.
മമിത ബൈജു, ഖോ ഖോ എന്ന സിനിമയിൽ.
പെട്ടെന്ന് താരമായ നടിയല്ല മമിത ബൈജു. കഠിനാധ്വാനവും സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശവും തന്നെയാണ് ഈ നിലയിൽ എത്തിച്ചത്. 2017-ൽ പുറത്തിറങ്ങിയ 'സർവോപരി പാലക്കാരൻ' എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലെ അരങ്ങേറ്റം. വലിയ അവകാശവാദങ്ങളൊന്നുമില്ലാതെ സിനിമയിലെത്തിയ ആ പെൺകുട്ടിക്ക് തുടക്കത്തിൽ ലഭിച്ചതെല്ലാം ചെറിയ വേഷങ്ങളായിരുന്നു. ഹണി ബീ 2, ഡാകിനി, സ്‌കൂൾ ഡയറി, വികൃതി തുടങ്ങി നിരവധി ചിത്രങ്ങളിൽ മുഖം കാണിച്ചു.
എന്നാൽ, ഈ ചെറിയ വേഷങ്ങളിലൂടെ തന്നെ ക്യാമറയ്ക്ക് മുന്നിൽ തന്‍റേതായ ഒരു സ്പേസ് കണ്ടെത്താൻ മമിതയ്ക്ക് കഴിഞ്ഞു. ഓരോ സിനിമ കഴിയുമ്പോഴും തന്‍റെ അഭിനയത്തെ കൂടുതൽ മിനുക്കിയെടുക്കാൻ ശ്രദ്ധിച്ചു. ഈ പരിശ്രമങ്ങൾക്കൊടുവിലാണ് 'ഓപ്പറേഷൻ ജാവ' എന്ന ചിത്രത്തിലെ അൽഫോൻസ എന്ന കഥാപാത്രം മമിതയെ തേടിയെത്തുന്നത്. ആ ഒരൊറ്റ കഥാപാത്രത്തിലൂടെ മലയാളികൾ മമിതയെ ശ്രദ്ധിച്ചു തുടങ്ങി. പിന്നീട് രജിഷ വിജയൻ നായികയായ 'ഖോ ഖോ' എന്ന ചിത്രത്തിലെ അഞ്ജു എന്ന കഥാപാത്രവും മമിതയുടെ കരിയറിൽ നിർണായകമായി മാറി. മികച്ച സഹനടിക്കുള്ള അവാർഡുകളടക്കം ഈ ചിത്രത്തിലെ പ്രകടനത്തിന് മമിതയെ തേടിയെത്തി.
സൂപ്പർ ശരണ്യയിൽ അനശ്വര രാജനായിരുന്നു നായികയെങ്കിലും, തിയേറ്ററുകളിൽ കൈയടി മുഴുവൻ നേടിയത് മമിത അവതരിപ്പിച്ച 'സോന' എന്ന കഥാപാത്രമായിരുന്നു.
മമിത ബൈജു എന്ന നടിയുടെ സിനിമാ ജീവിതത്തെ രണ്ടായി തിരിക്കാം; സൂപ്പർ ശരണ്യയ്ക്ക് മുൻപും പിൻപും. ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ഈ ചിത്രത്തിൽ അനശ്വര രാജനായിരുന്നു നായികയെങ്കിലും, തിയേറ്ററുകളിൽ കൈയടി മുഴുവൻ നേടിയത് മമിത അവതരിപ്പിച്ച 'സോന' എന്ന കഥാപാത്രമായിരുന്നു. ക്യാമ്പസ് പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രത്തിൽ, അല്പം തന്‍റേടിയായ, എന്നാൽ സുഹൃത്തുക്കൾക്ക് വേണ്ടി എന്തും ചെയ്യുന്ന സോനയെ യുവാക്കൾ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. മമിതയുടെ ഡയലോഗ് ഡെലിവറിയും, കോമഡി കൈകാര്യം ചെയ്യാനുള്ള അപാരമായ ടൈമിങ്ങും പ്രേക്ഷകരെ അദ്ഭുതപ്പെടുത്തി. സോനയുടെ മാനറിസങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറി.
അതുവരെ കണ്ടിരുന്ന നായികമാരുടെ അച്ചടക്കമുള്ള അച്ചുകളിൽ നിന്ന് മാറി, തികച്ചും സ്വതന്ത്രയായ, ബോൾഡായ ഒരു ക്യാരക്റ്റർ എങ്ങനെ പ്രേക്ഷകരെക്കൊണ്ട് ഇഷ്ടപ്പെടുത്താം എന്ന് മമിത കാട്ടിത്തന്നു. ഈ ഒറ്റ സിനിമയോടെ മമിത യുവാക്കളുടെ ഹരമായി മാറി. മലയാള സിനിമയിൽ മമിതയുടെ സ്വന്തം സിംഹാസനം ഉറപ്പിക്കപ്പെട്ടത് സൂപ്പർ ശരണ്യയിലൂടെയാണ്. പിന്നീട് വന്ന 'പ്രണയവിലാസം', 'രാമചന്ദ്ര ബോസ് ആൻഡ് കോ' എന്നീ ചിത്രങ്ങളിലും തന്‍റേതായ കൈയൊപ്പ് പതിപ്പിക്കാൻ കഴിഞ്ഞു.
പ്രേമലുവിൽ മമിത ബൈജു അവതരിപ്പിച്ച റീനുവിനെ മലയാളികൾ മാത്രമല്ല, തെലുങ്ക്, തമിഴ് പ്രേക്ഷകരും നെഞ്ചിലേറ്റി.
സൂപ്പർ ശരണ്യക്കു ശേഷം മമിതയുടെ കരിയർ ഗ്രാഫ് കുത്തനെ ഉയർത്തിയത് ഗിരീഷ് എ.ഡി. തന്നെ സംവിധാനം ചെയ്ത 'പ്രേമലു' എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രമാണ്. റീനു എന്ന ഐടി പ്രൊഫഷണലായി മമിത മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഒരു ശരാശരി മലയാളി പെൺകുട്ടിയുടെ ആഗ്രഹങ്ങളും ആശയക്കുഴപ്പങ്ങളും പ്രണയവുമെല്ലാം വളരെ തന്മയത്വത്തോടെ മമിത സ്ക്രീനിൽ അവതരിപ്പിച്ചു.
പ്രേമലു കേരളത്തിൽ മാത്രമല്ല, ആന്ധ്രയിലും തമിഴ്‌നാട്ടിലും വൻ തരംഗമാണ് സൃഷ്ടിച്ചത്. അതോടെ മമിതയുടെ താരമൂല്യം തെന്നിന്ത്യയാകെ വ്യാപിച്ചു. തെലുങ്ക്, തമിഴ് പ്രേക്ഷകർ അവരുടെ റീനുവിനെ നെഞ്ചിലേറ്റി. മലയാളത്തിൽ മാത്രം ഒതുങ്ങിനിൽക്കേണ്ട പ്രതിഭയല്ല താനെന്ന് മമിത തെളിയിച്ച സിനിമ കൂടിയായിരുന്നു അത്.
വിജയ്‌ക്കൊപ്പം മമിത ബൈജു.
തമിഴ് സിനിമാ ലോകത്ത് മമിത ബൈജുവിന്‍റെ താരമൂല്യം കുത്തനെ ഉയർത്തിയത് മുൻനിര നായകന്മാർക്കൊപ്പമുള്ള ചിത്രങ്ങളുടെ വമ്പൻ വിജയങ്ങളാണ്. ജി.വി. പ്രകാശ് നായകനായ 'റിബൽ' എന്ന ചിത്രത്തിലൂടെയാണ് തമിഴിലെ അരങ്ങേറ്റം. തുടർന്ന് പ്രദീപ് രംഗനാഥൻ നായകനായ 'ഡ്യൂഡ്'. കീർത്തിശ്വരൻ സംവിധാനം ചെയ്ത ഈ ചിത്രം തമിഴ് പ്രേക്ഷകർക്കിടയിൽ കൂടുതൽ സ്വീകാര്യത നേടിക്കൊടുത്തു.
ജൂലൈ 23-ന് തിയേറ്ററുകളിലെത്തിയ ദളപതി വിജയ് ചിത്രം 'ജനനായകൻ' മമിതയുടെ സിനിമാജീവിതത്തിൽ വലിയ വഴിത്തിരിവായി. പൂജ ഹെഗ്‌ഡെ നായികയായ ബ്രഹ്മാണ്ഡ ചിത്രത്തിൽ വളരെ ശ്രദ്ധേയമായതും പ്രാധാന്യമുള്ളതുമായ കഥാപാത്രത്തെയാണ് മമിത അവതരിപ്പിച്ചത്. ജനനായകൻ തിയേറ്ററുകളിൽ തീർത്ത വമ്പൻ ഓളവും ബോക്സ് ഓഫിസ് കുതിപ്പും തമിഴകത്ത് കൂടുതൽ ജനപ്രീതി നേടിക്കൊടുത്തു.
തമിഴിലെ സൂപ്പർ താരം സൂര്യ നായകനായെത്തിയ 'വിശ്വനാഥ് ആൻഡ് സൺസ്' എന്ന ചിത്രത്തിലൂടെ മമിത വീണ്ടും ബോക്സ് ഓഫിസിൽ വിസ്മയം തീര്‍ത്തു. വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്ത ഈ ചിത്രം വലിയൊരു കൊടുങ്കാറ്റാണ് സൃഷ്ടിച്ചത്. ആഗോള തലത്തിൽ 200 കോടിയോളം വാരിക്കൂട്ടിയ ചിത്രം സൂര്യക്കും ദീർഘകാലത്തിനു ശേഷം വലിയൊരു ബ്രേക്ക് നൽകി. സൂര്യയുടെ നായികയായി മികച്ച പ്രകടനമാണ് മമിത ഈ ചിത്രത്തിൽ കാഴ്ചവച്ചത്. തമിഴിലെ മറ്റൊരു സൂപ്പർ താരമായ ധനുഷിന്‍റെ നായികയായി 'കാര' എന്ന ചിത്രത്തിലും മമിത എത്തി.
ബെത്ലഹേം കുടുംബ യൂണിറ്റിന്‍റെ വിജയത്തിനു പിന്നിൽ മമിതയുടെ പ്രഭാവം വലിയ ഘടകമായി.
ഇന്ന് സൗത്ത് ഇന്ത്യയിലെ ഏറ്റവും ഡിമാൻഡുള്ള നായികയായി മമിത മാറിയിരിക്കുന്നത് ഏറ്റവും പുതിയ ചിത്രമായ 'ബത്‌ലഹേം കുടുംബ യൂണിറ്റ്' നേടിയ വമ്പൻ വിജയത്തോടെയാണ്. ആഗോള തലത്തിൽ 200 കോടി രൂപയ്ക്കു മുകളിൽ കളക്ഷൻ നേടി പ്രദർശനം തുടരുന്ന ചിത്രം, മമിതയുടെ കരിയറിലെ ഏറ്റവും വലിയ നാഴികക്കല്ലാണ്. വളരെ ശക്തമായ ഒരു കഥാപാത്രത്തെയാണ് ചിത്രത്തിൽ മമിത അവതരിപ്പിച്ചിരിക്കുന്നത്.
കുടുംബപ്രേക്ഷകരെയും യുവാക്കളെയും ഒരുപോലെ തിയേറ്ററുകളിലേക്ക് ആകർഷിക്കാൻ ഈ സിനിമയ്ക്ക് കഴിഞ്ഞതിന് പിന്നിൽ മമിതയുടെ താരപ്രഭാവം ഒരു പ്രധാന ഘടകമാണ്. മലയാള സിനിമയുടെ ബോക്സ് ഓഫിസ് ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി ഈ ചിത്രം മാറുമ്പോൾ, അത് മമിതയുടെ താരസിംഹാസനത്തിനുള്ള വലിയൊരു അംഗീകാരം കൂടിയാകുന്നു. ഒരു നായികയെ കേന്ദ്രീകരിച്ച് ഇത്രയും വലിയൊരു ബോക്സ് ഓഫിസ് വിജയം നേടാനാകുന്നത് സിനിമാ മേഖലയെ സംബന്ധിച്ചിടത്തോളം വളരെ പോസിറ്റീവായ ഒരു മാറ്റമാണ് സൂചിപ്പിക്കുന്നത്.
തനിക്ക് അനുയോജ്യമായ, പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന കഥാപാത്രങ്ങൾ മാത്രമേ താൻ ചെയ്യൂ എന്ന നിർബന്ധം മമിതയ്ക്കുണ്ട്.
മമിത ബൈജു എന്തുകൊണ്ട് ഇത്രയധികം സ്നേഹിക്കപ്പെടുന്നു എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ; അഭിനയ ശൈലിയിലെ സ്വാഭാവികത. അമിതമായ മേക്കപ്പോ, കൃത്രിമ ഭാവങ്ങളോ ഇല്ലാതെ സ്ക്രീനിൽ വരുന്ന മമിതയെ പ്രേക്ഷകർക്ക് പെട്ടെന്ന് റിലേറ്റ് ചെയ്യാൻ സാധിക്കുന്നു. അടുത്ത വീട്ടിലെ കുട്ടി എന്ന ഇമേജ് നിലനിർത്തുമ്പോൾ തന്നെ, കഥാപാത്രം ആവശ്യപ്പെടുന്ന ബോൾഡ്നെസ് കൊണ്ടുവരാനും സാധിക്കുന്നുണ്ട്. കോമഡി റോളുകൾ ചെയ്യാനുള്ള അപാരമായ കഴിവ് മറ്റ് നായികമാരിൽ നിന്ന് വേറിട്ട് നിർത്തുന്നു. പ്രേക്ഷകരെ ചിരിപ്പിക്കുക എന്നത് ഒരു നടിയെ സംബന്ധിച്ച് വളരെ വെല്ലുവിളി നിറഞ്ഞ കാര്യമാണ്. എന്നാൽ, മമിതയുടെ ടൈമിംഗും ഡയലോഗ് പ്രസന്‍റേഷനും തിയേറ്ററുകളിൽ വലിയ പൊട്ടിച്ചിരികളാണ് സൃഷ്ടിക്കുന്നത്.
താരജാഡകളില്ലാത്ത മമിതയുടെ പെരുമാറ്റവും, അഭിമുഖങ്ങളിലെ തുറന്ന സംസാരവും ആരാധകർക്കിടയിൽ വലിയ സ്വീകാര്യത നേടിക്കൊടുത്തു. സിനിമകളുടെ തെരഞ്ഞെടുപ്പിലും മമിതയുടെ സൂക്ഷ്മത എടുത്തു പറയേണ്ടതാണ്. തനിക്ക് അനുയോജ്യമായ, പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന കഥാപാത്രങ്ങൾ മാത്രമേ താൻ ചെയ്യൂ എന്ന നിർബന്ധം മമിതയ്ക്കുണ്ട്. പുതിയ കാലത്തെ സിനിമാസ്വാദകർ കൃത്രിമത്വങ്ങളെ വെറുക്കുന്നവരാണ്. തങ്ങളിൽ ഒരാളായി തോന്നുന്ന, തങ്ങളുടെ വികാരങ്ങളെ സത്യസന്ധമായി സ്ക്രീനിൽ പ്രതിഫലിപ്പിക്കുന്ന അഭിനേതാക്കളെയാണ് അവർക്കു വേണ്ടത്. അതുകൊണ്ടാണ് ഭാഷയുടെ അതിരുകൾ മായ്ച്ചുകൊണ്ട് മമിത തെന്നിന്ത്യയുടെ മുഴുവൻ സ്നേഹം ഏറ്റുവാങ്ങുന്നത്.