

മമ്മൂട്ടി- മോഹൻലാൽ ചിത്രം പേട്രിയറ്റിന് വിലക്ക്
കൊച്ചി: നിർമാതാവ് തിയെറ്റർ വിഹിതം കൂട്ടിച്ചോദിച്ചതിനു പിന്നാലെ മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ബിഗ്ബജറ്റ് ചിത്രം പേട്രിയറ്റിന് വിലക്ക്. തിയറ്ററുകൾ സിനിമയുടെ കരാറുണ്ടാക്കരുതെന്ന് തിയെറ്ററുകളുടെ സംഘടന ഫിയോക് നിർദേശം നൽകിയിട്ടുണ്ട്. ആദ്യ രണ്ടാഴ്ചകളിൽ 60-40 ശതമാനം വേണമെന്നാണ് നിർമാതാവിന്‍റെ ആവശ്യം. ചിത്രത്തിന്‍റെ നിർമാണച്ചെലവ് കൂടുതലായതു കൊണ്ടാണ് ഇത്തരമൊരു ആവശ്യം ഉന്നയിച്ചിരിക്കുന്നത്. എപ്രിൽ 23ന് ചിത്രം തിയെറ്ററുകളിൽ എത്താനിരിക്കേയാണ് അപ്രതീക്ഷിത പ്രതിസന്ധി.
സിനിമയുടെ നിർമാതാവിന്‍റെ താത്പര്യപ്രകാരമാണ് ഇത്തരമൊരാവശ്യമെന്നും സംഘടനാ തലത്തിലുള്ള ആവശ്യമല്ലെന്നും, തിയെറ്റർ ഉടമകൾ ആവശ്യം അനുഭാവപൂർവം പരിഗണിക്കണമെന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പറയുന്നത്.
മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രാജീവ് മേനോൻ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ആന്‍റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പ ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്‍റോ ജോസഫ്, കെ.ജി. അനിൽകുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.