"ധനുഷിന്‍റെ മകനൊപ്പം ഇനി എന്ന് അഭിനയിക്കുമെന്ന് അറിയില്ല, സായ് പല്ലവി ഫൈറ്റ് ചെയ്തത് ബ്രൂസ്‌ ലീയെ പോലെ": ഹിറ്റായി മമ്മൂട്ടിയുടെ പ്രസംഗം

നർമ്മം കലർത്തിക്കൊണ്ടുള്ള മമ്മൂട്ടിയുടെ സംസാരം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്
mamootty om pre release event speech viral

സായ് പല്ലവി, മമ്മൂട്ടി, ധനുഷ്

Updated on: 

മമ്മൂട്ടിയും ധനുഷും ഒന്നിക്കുന്ന ചിത്രമാണ് ഓം. വൻ പ്രേക്ഷക സ്വീകാര്യത ലഭിച്ച പേരൻപിന് ശേഷം മമ്മൂട്ടി പ്രധാന വേഷത്തിലെത്തുന്ന തമിഴ് ചിത്രം എന്ന പ്രത്യേകതയും ഓമിനുണ്ട്. ഇപ്പോൾ വൈറലാവുന്നത് ചിത്രത്തിന്‍റെ പ്രീറിലാസ് ചടങ്ങിനിടെ മമ്മൂട്ടി നടത്തിയ പ്രസംഗമാണ്. ചിത്രത്തിന്‍റെ അഭിനേതാക്കളായ ധനുഷിനെയും സായി പല്ലവിയെയും പ്രശംസിച്ച മമ്മൂട്ടി ധനുഷിന്‍റെ മകനൊപ്പം അഭിനയിക്കാനുള്ള താൽപ്പര്യവും പങ്കുവച്ചു. നർമ്മം കലർത്തിക്കൊണ്ടുള്ള മമ്മൂട്ടിയുടെ സംസാരം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

‘ഓം’ എനിക്ക് അവിസ്മരണീയമായ സിനിമയാണ്. ഞാൻ രജനി സാറിനൊപ്പം അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ ധനുഷിനൊപ്പവും അഭിനയിച്ചു കഴിഞ്ഞു. ധനുഷിന്റെ മകൻ അടുത്തിരിക്കുന്നുണ്ട്. അവൻ എപ്പോൾ അഭിനയിക്കാൻ പോകുന്നെന്ന് അറിയില്ല.- എന്നാണ് മമ്മൂട്ടി പറഞ്ഞത്. ഏഴ് വർഷത്തിനുശേഷമാണ് താൻ തമിഴ് സിനിമയിലേക്ക് തിരിച്ചെത്തുന്നതെന്ന് മമ്മൂട്ടി പറഞ്ഞു.

പേരൻപിന് ശേഷം ഒരു തമിഴ് പടം ചെയ്യണമെന്ന് കരുതിയിരുന്നു. ഒരുപാടു പേരോട് ചോദിച്ചു. അവരാരും എനിക്ക് അവസരം തന്നില്ല. ഈ കഥയുമായി സംവിധായകൻ സമീപിക്കുമ്പോൾ എന്റെ ആരോഗ്യം അൽപം മോശമായി ഇരിക്കുന്ന സമയമായിരുന്നു. കഥ ഇഷ്ടപ്പെട്ടു, എന്നാൽ എനിക്കായി കുറച്ച് കാത്തിരിക്കാമോ എന്നു ചോദിച്ചു. അവർ എനിക്കായി കാത്തിരുന്നു. ഈ സിനിമ സംഭവിക്കുന്നത് തന്നെ അങ്ങനെയാണ്.- മമ്മൂട്ടി വ്യക്തമാക്കി.

സായ് പല്ലവിയുടെ ഭാവപ്രകടനങ്ങൾ അതിശയകരമാണെന്നാണ് താരം പറയുന്നത്. സായ് പല്ലവിയെ താൻ ഹീറോ എന്ന് വിളിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാധാരണ സിനിമകളിൽ നായകന്മാരാണ് ഫൈറ്റ് ചെയ്യാറുള്ളത്. എന്നാൽ സായ് പല്ലവി ഇതിൽ ഫൈറ്റ് ചെയ്യുമ്പോൾ നായകന്മാർ പോലും തോറ്റുപോകും. ബ്രൂസ് ലീയെ പോലെയാണ് അവർ ഫൈറ്റ് ചെയ്യുന്നത് എന്നാണ് മമ്മൂട്ടി പറഞ്ഞത്.