മലയാളത്തിലെ ആദ്യ എഐ സിനിമ വരുന്നു, മണികണ്ഠൻ

എഐ സാങ്കേതികവിദ്യ മുഴുവൻ ഘട്ടങ്ങളിലും ഉപയോഗിച്ച് ഒരുക്കുന്ന മിത്തോളജിക്കൽ ആക്ഷൻ ത്രില്ലർ മലയാള സിനിമ
First AI movie in Malayalam

മണികണ്ഠൻ: ദി ലാസ്റ്റ് അവതാർ

Updated on

മലയാളത്തിൽ ആദ്യമായി ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിച്ച് അണിയിച്ചൊരുക്കുന്ന 'മണികണ്ഠൻ: ദി ലാസ്റ്റ് അവതാർ' എന്ന സിനിമ പ്രഖ്യാപിച്ചു. പാപ്പരാസി എന്‍റർടെയ്ൻമെന്‍റ് കമ്പനി ഒരുക്കുന്ന ചിത്രം, പൗരാണിക വിശ്വാസങ്ങളെ ആധുനിക യുഗവുമായി ലയിപ്പിച്ച ഒരു മിത്തോളജിക്കൽ ആക്ഷൻ ത്രില്ലർ ഡ്രാമ ആയിരിക്കും.

ജീവിതത്തിലെ നഷ്ടങ്ങൾക്കിടയിലും, വിശ്വാസവും കടമയും മുറുകെപ്പിടിച്ച് ധർമത്തിനും പ്രതികാരത്തിനുമിടയിലുള്ള നേർത്ത രേഖയിലൂടെ സഞ്ചരിക്കുന്ന യുവാവിന്‍റെ ജീവിതം പൗരാണിക ബിബങ്ങളുടെ മേമ്പൊടിയോടെ ആധുനികകാലഘട്ടത്തിൽ ദൃശ്യവത്കരിക്കുന്നതാണ് ഈ സിനിമ.

പ്രകൃതിദുരന്തത്തിലൂടെ അനാഥനായ കഥാനായകൻ ഗുരുകുല വിദ്യാഭ്യാസത്തിലൂടെയും അയ്യപ്പന്‍റെ ആത്മീയ പ്രഭാവലയത്തിലൂടെയും തികഞ്ഞ യോദ്ധാവും കർമ നീതിയുടെ നിശബ്ദ ഉപകരണവുമായി മാറുന്ന പരിണാമങ്ങൾ ഹിമാലയത്തിന്‍റെ പശ്ചാത്തലത്തിലൂടെ ദൃശ്യവത്കരിക്കുന്നു. 5000 വർഷം പഴക്കമുള്ള ഇന്ത്യൻ പുരാണങ്ങളെയും ദാർശനികതയെയും സംയോജിപ്പിക്കുന്ന സിനിമാറ്റിക് അനുഭവമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

സ്ക്രിപ്റ്റും വിഷ്വൽ ഡിസൈനും മുതൽ പോസ്റ്റ് പ്രൊഡക്ഷൻ വരെയുള്ള പ്രക്രിയകളിൽ ഉടനീളം എഐ ഉപയോഗിക്കുന്നതാണ് ഈ പ്രോജക്റ്റിനെ വ്യത്യസ്തമാക്കുന്നത്. പരിധികളില്ലാത്ത ദൃശ്യാവിഷ്കാരത്തിന്‍റെ അനന്തമായ സാധ്യതകൾ എഐ നമുക്കു മുന്നിൽ തുറന്നു വയ്ക്കുന്നു എന്ന് പാപ്പരാസി എന്‍റർടെയ്ൻമെന്‍റ്സ് പറയുന്നു.

പോസ്റ്റ് പ്രൊഡക്ഷന്‍റെ അവസാന ഘട്ടത്തിലുള്ള സിനിമയുടെ ഫസ്റ്റ് ഞായറാഴ്ച എറണാകുളം, വെണ്ണല തൈക്കാട്ട് ശ്രീ മഹാദേവ ക്ഷേത്രത്തിൽ പുറത്തിറക്കും. മേയ് 29ന് അഞ്ച് ഭാഷകളിലായി തിയെറ്ററുകളിൽ റിലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com