ആലുവ മണപ്പുറത്ത് കുതിര സവാരി പരിശീലിച്ച് നടി മഞ്ജു വാര്യർ

കഴിഞ്ഞ ഒരു മാസത്തിലേറെയായി രാവിലെ 5 മണിക്കായിരുന്നു ആലുവ മണപ്പുറത്ത് പരിശീലനം
manju warrier horse ride practice in aluva manappuram

നടി മഞ്ജു വാര്യർ ആലുവാ മണപ്പുറത്ത് 'ലോറ' എന്ന കുതിരയോടൊപ്പം കുതിരസവാരി പരിശീലനത്തിൽ

Updated on

ആലുവ: കുതിരസവാരി പഠിക്കാൻ ചലച്ചിത്രതാരം മഞ്ജു വാര്യർ ആലുവ മണപ്പുറത്ത്. തോട്ടക്കാട്ടുകര ആലപ്പാട്ട് ജോർജ് ഡയസാണ് പരിശീലകൻ. ജോർജിന്‍റെ ഉടമസ്ഥതയിലുള്ള "ലോറ" എന്ന പെൺകുതിരയിലാണ് താരം കുതിരസവാരി പഠിച്ചത്. കഴിഞ്ഞ ഒരു മാസത്തിലേറെയായി ആലുവ മണപ്പുറത്തായിരുന്നു പരിശീലനം .

പുലർച്ചെ കൃത്യം അഞ്ചുമണിയോടെ മണപ്പുറത്ത് എത്തിയിരുന്ന മഞ്ജുവിന് രണ്ടു മണിക്കൂറാണ് സവാരി പരിശീലനം. ഒരാഴ്ചക്കകം തന്നെ മഞ്ജു കുതിര സവാരി പഠിച്ചെടുത്തു. പിന്നീടുള്ള ദിവസങ്ങളിൽ മഞ്ജു ഒറ്റയ്ക്ക് തന്നെയായിരുന്നു സവാരി.

മണപ്പുറത്ത് സന്ദർശകരെത്തും മുമ്പേ പരിശീലനം പൂർത്തിയാക്കേണ്ടി വരുമെന്നു മാത്രം. താൻ പരിശീലനത്തിന് മണപ്പുറത്ത് എത്തുന്ന കാര്യം പുറത്തറിയരുതെന്ന് മഞ്ജുവിന് നിർബന്ധം ഉണ്ടായിരുന്നു. പരിശീലനം പൂർത്തിയാക്കും വരെ ജോർജും ഇക്കാര്യം രഹസ്യമായി സൂക്ഷിച്ചു.

ട്രാക്ക് സ്യൂട്ടും ബനിയനും തൊപ്പിയും അണിഞ്ഞ് പരിശീലനം നടത്തുന്ന മഞ്ജുവിനെ അധികമാരും തിരിച്ചറിഞ്ഞിരുന്നില്ല. തിരിച്ചറിഞ്ഞ അപൂർവം ചിലർക്ക് ഒപ്പം നിന്ന് സെൽഫി എടുക്കാനും താരം അനുവാദം നൽകി. പരിശീലശേഷം ഓൾഡ് ദേശം റോഡിലെ മാടവന സ്റ്റോഴ്സിലെ ജിഞ്ചർ സർബത്തും, മുന്തിരി ജ്യൂസും കഴിക്കാൻ നിത്യം എത്തുമായിരുന്നു, ശേഷം മണപ്പുറം റോഡിലെ അച്ചൂസ് ഹോട്ടലിൽ നിന്ന് ചൂട് ദോശയും, സാമ്പാറും കഴിച്ചാണ് മടങ്ങാറുള്ളത്.

ചലച്ചിത്രതാരങ്ങളായ സണ്ണി വെയിൻ , സിജു വിൽസൺ ,ചലച്ചിത്ര നിർമാതാവ് ബിനീഷ് ചന്ദ്രൻ എന്നിവരുംമഞ്ജുവിനൊപ്പം കുതിരസവാരി പഠിക്കാൻ ആലുവ മണപ്പുറത്ത് എത്തിയിരുന്നു. അഞ്ച് മണിക്ക് തന്നെ പരിശീലനം ആരംഭിക്കുന്ന മഞ്ജു നിത്യവുമുള്ള സവാരി പൂർത്തിയാക്കിയ ശേഷം സുഹൃത്തുക്കളുടെ പരിശീലനം കഴിയുന്നതുവരെ മണപ്പുറത്തെ പുൽമേടുകളിൽ വിശ്രമിക്കുമായിരുന്നു.

ബിഎംഡബ്ല്യു, ഹിമാലയ എന്നീ ബൈക്കുകൾ സ്വയം ഓടിച്ചാണ് മഞ്ജു എറണാകുളത്തെ ഫ്ലാറ്റിൽ നിന്നും ആലുവയിൽ എത്തിയിരുന്നത്. ഒരുമാസത്തെ പരിശീലനം വ്യാഴാഴ്ച പൂർത്തിയാക്കി മഞ്ജു മടങ്ങി, വീണ്ടും കടൽ തീരത്ത് കുതിരസവാരി നടത്തുന്നതിനും സഹായിക്കണമെന്ന് പരിശീലകനോട് അഭ്യർഥിച്ചാണ് താരം താരം മടങ്ങിയത്.

ആലുവ സ്വദേശിയായ ചലച്ചിത്രതാരം സിജു വിൽസൺ മുഖാന്തരമാണ് മഞ്ജു വാര്യർ കുതിരസവാരി മോഹവുമായി ജോർജിനെ സമീപിച്ചത്. സാഹസികത ഏറെ ഇഷ്ടപ്പെടുന്ന മഞ്ജു വാര്യർ ബൈക്ക് റൈഡിങ്ങിനൊപ്പം, സ്വന്തമായി ഒരു കുതിരയെ വാങ്ങി സവാരി നടത്താനുള്ള പുറപ്പാടിലാണ്.

മൂന്ന് ഭാഷകൾ മനസിലാവുന്ന "ലോറ " എന്ന പെൺ കുതിരയെ ജോർജ് പ്ലസ്ടുവിന് പഠിക്കുമ്പോഴാണ് സ്വന്തമാക്കിയത്. ബൈക്ക് വാങ്ങി കൊടുക്കാൻ മുതിർന്ന മാതാപിതാക്കളോട് ജോർജ് പറഞ്ഞത് തനിക്കൊരു കുതിരയെ വേണമെന്നാണമെന്നാണ്.

കളമശ്ശേരി അപ്പോളോ ടയേഴ്സ് ഉദ്യോഗസ്ഥനായിരുന്ന പിതാവ് ഡയസും മാതാവ് ജനിയും മകന്‍റെ ആഗ്രഹം എതിർപ്പൊന്നും പറയാതെ സാധിച്ചു കൊടുത്തു. വിവാഹ ഫോട്ടോഷൂട്ട് സിനിമ സീരിയൽ ഷൂട്ട് എന്നിവയ്ക്ക് ഫീസ് വാങ്ങി കുതിരയുമായി കറക്കത്തിൽ ആണ് ജോർജ് എപ്പോഴും. ഗുജറാത്തിൽ നിന്നും 70,000 രൂപയ്ക്ക് വാങ്ങിയ ലോറയെ തന്‍റെ കുടുംബാംഗം പോലെയാണ് ജോർജ് പരിപാലിക്കുന്നത്.

ഇംഗ്ലീഷ് , മലയാളം, ഹിന്ദി എന്നീ മൂന്ന് ഭാഷകളിലെ നിർദേശങ്ങൾ ലോറയ്ക്ക് മനസിലാകും. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ആലുവ മുനിസിപ്പൽ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന ജെറോം മൈക്കിൾ ഈ കുതിരയെ പ്രചരണത്തിന് ഉപയോഗിച്ചതും വാർത്തയായിരുന്നു.

logo
Metro Vaartha
www.metrovaartha.com