

വളർത്തുനായയ്ക്കായി മഞ്ജു ഒരുക്കിയ സർപ്രൈസാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്
മലയാളത്തിന്‍റെ പ്രിയനടിയാണ് മഞ്ജു വാര്യർ. പുതിയ കാര്യങ്ങൾ പഠിക്കാൻ താരം കാണിക്കുന്ന താൽപ്പര്യം ആരാധകരെ ഞെട്ടിപ്പിക്കാറുണ്ട്. ഇപ്പോൾ താനൊരു ചിത്രകാരി കൂടിയാണെന്ന് തെളിയിച്ചിരിക്കുകയാണ് മഞ്ജു. വളർത്തുനായയ്ക്കായി മഞ്ജു ഒരുക്കിയ സർപ്രൈസാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. നായക്കുട്ടിയുടെ പടം ക്യാൻവാസിൽ പകർത്തിയാണ് താരം ഞെട്ടിച്ചത്.
മനോഹരമായ കുടുംബ വിഡിയോയാണ് താരം പങ്കുവച്ചത്. അമ്മയും സഹോദരൻ മധു വാര്യരും അദ്ദേഹത്തിന്‍റെ ഭാര്യയും മകളുമെല്ലാം വിഡിയോയിലുണ്ട്. അമ്മ വീടിന്‍റെ വാതിൽ തുറക്കുന്നതോടെ മഞ്ജുവിന്‍റെ അടുത്തേക്ക് ഓടിവരുന്ന നായ്ക്കുട്ടിയെ ആണ് വിഡിയോയിൽ കാണുന്നത്. വരച്ച ക്യാൻവാസ് തുണികൊണ്ട് മൂടി വച്ചിരിക്കുകയായിരുന്നു മഞ്ജു. ചിത്രം കണ്ട് കുടുംബം ഒന്നാകെ അമ്പരക്കുന്നതും കാണാം. ചിത്രം കണ്ട് എക്സൈറ്റഡാകുന്ന നായക്കുട്ടി ആരാധകരുടെ മനം കവരുകയാണ്.
‘‘ഈ കൊച്ചു കുഞ്ഞിന്… ഞങ്ങളുടെ ജീവിതം നീ മാറ്റിമറിച്ച കാര്യം നിനക്കറിയാമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,"’’ എന്ന അടിക്കുറിപ്പോടെയാണ് മഞ്ജു ചിത്രങ്ങളും വിഡിയോയും പോസ്റ്റ് ചെയ്തത്. വീഡിയോ പുറത്തുവന്നതോടെ നിരവധി ആരാധകരാണ് മഞ്ജുവിനെ അഭിനന്ദിച്ച് രംഗത്തെത്തുന്നത്. നിങ്ങൾ സാധിക്കാത്തതായി എന്തെങ്കിലുമുണ്ടോ എന്നാണ് ഒരാളുടെ ചോദ്യം. "രാമനാഥന് ഇതും വശമുണ്ടല്ലേ" എന്നും "നിങ്ങൾ ശരിക്കുമൊരു വിസ്മയമാണ്" എന്നുമൊക്കെയാണ് ആരാധകരുടെ കമന്റ്.