ധ്യാനത്തിലൂടെയാണ് സീതയായി മാറാനായത്; ആ കഥാപാത്രം അനുഗ്രഹം: സായ് പല്ലവി

സീതയുടെ സ്വഭാവവും ആത്മീയതയും ഒരു പുസ്തകത്തിൽ എഴുതിവച്ച് പഠിച്ചെടുക്കാൻ കഴിയുന്നതല്ലെന്ന് സായ് പല്ലവി
Sai Pallavi

സായ് പല്ലവി

Updated on

നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന രാമായണം എന്ന ചിത്രത്തിൽ സീതയായി അഭിനയിക്കാൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമാണെന്ന് നടി സായ് പല്ലവി. ആ കഥാപാത്രം താൻ തെരഞ്ഞെടുത്തതല്ലെന്നും, മറിച്ച് ആ വേഷം ചെയ്യാനുള്ള അനുഗ്രഹം ലഭിച്ചതാണെന്നും താരം പറയുന്നു.

ഡൽഹിയിൽ നടന്ന രാമായണം പാർട്ട് വൺ പ്രമോഷൻ പരിപാടിയിലായിരുന്നു സായ് പല്ലവി തന്‍റെ അനുഭവങ്ങൾ പങ്കുവെച്ചത്. സീതയെപ്പോലൊരു ദിവ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് എളുപ്പമല്ലെന്നും, അതിന് തിരക്കഥ മാത്രം മതിയാകില്ലെന്നും അവർ പറഞ്ഞു.

ചിത്രീകരണ വേളയിൽ എല്ലാ ദിവസവും ധ്യാനിക്കാറുണ്ടായിരുന്നുവെന്ന് സായ് പല്ലവി വെളിപ്പെടുത്തി. കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ കഴിയുന്നത്ര മനസും ചിന്തകളും ശുദ്ധമായി നിലനിർത്താൻ ശ്രമിച്ചിരുന്നുവെന്നും നടി കൂട്ടിച്ചേർത്തു.

സീതയുടെ സ്വഭാവവും ആത്മീയതയും ഒരു പുസ്തകത്തിൽ എഴുതിവച്ച് പഠിച്ചെടുക്കാൻ കഴിയുന്നതല്ലെന്ന് സായ് പല്ലവി പറഞ്ഞു. ആ കഥാപാത്രത്തിന്‍റെ ആഴം മനസിലാക്കാൻ ആത്മീയമായ സമീപനം ആവശ്യമായിരുന്നുവെന്നും അതിനാലാണ് ധ്യാനവും പ്രാർഥനയും തന്‍റെ തയ്യാറെടുപ്പിന്‍റെ പ്രധാന ഭാഗമായതെന്നും അവർ വ്യക്തമാക്കി.

ചിത്രത്തിന്‍റെ സംവിധായകൻ നിതേഷ് തിവാരിയും ചടങ്ങിൽ സായ് പല്ലവിയെ പ്രശംസിച്ചു. സീതയുടെ കഥാപാത്രത്തിന് ആവശ്യമായ ഭാവവും വിശുദ്ധതയും ഉൾക്കൊള്ളാൻ താരത്തിന് കഴിഞ്ഞുവെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. രാമനായി അഭിനയിക്കുന്ന രൺബീർ കപൂറിന്‍റെ പ്രകടനത്തെയും അദ്ദേഹം പ്രശംസിച്ചു.

നമിത് മൽഹോത്ര നിർമ്മിക്കുന്ന രാമായണം ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ പൗരാണിക ചിത്രങ്ങളിലൊന്നായാണ് ഒരുങ്ങുന്നത്. ചിത്രത്തിൽ രാമനായി രൺബീർ കപൂറും, സീതയായി സായ് പല്ലവിയും, രാവണനായി യാഷും എത്തുന്നു. ചിത്രത്തിന്‍റെ ആദ്യഭാഗം ദീപാവലിക്കാണ് പ്രദർശനത്തിന് എത്തുക.

logo
Metro Vaartha
www.metrovaartha.com