"മയക്കി പിടികൂടി ഒരു കോളറുമിട്ട് 'ചക്കകൊമ്പന്മാർ വരുന്നുണ്ട് ഓടിക്കോ' എന്ന് പറയുന്നതല്ല നീതി"; മീനാക്ഷി അനൂപ്

"വനാതിർത്തിയിൽ താമസിക്കുന്ന മനുഷ്യർക്കും നമ്മെപ്പോലെ സ്വസ്ഥമായി ജീവിക്കുവാൻ അവകാശമുള്ളവരാണ്"
meenakshi anoop about wild animal human conflict chakkakomban

"മയക്കി പിടികൂടി ഒരു കോളറുമിട്ട് 'ചക്കകൊമ്പന്മാർ വരുന്നുണ്ട് ഓടിക്കോ' എന്ന് പറയുന്നതല്ല നീതി"; മീനാക്ഷി അനൂപ്

Updated on: 

ചക്കകൊമ്പനെ വെടിവച്ച് പിടികൂടി റെഡിയോ കോളർ ധരിപ്പിക്കാനുള്ള നീക്കം തുടരുന്നതിനിടെ വന്യജീവി പ്രശ്നങ്ങളിൽ പ്രതികരിച്ച് നടി മീനാക്ഷി അനൂപ്. മനുഷ്യ ജീവിതത്തിന് ഭീഷണിയാകുന്ന വന്യ മൃഗങ്ങളെ കൈകാര്യം ചെയ്യുന്ന രീതിയില്‍ മാറ്റം വരണമെന്നാണ് മീനാക്ഷി പറയുന്നത്. കാലാനുസൃതമായ വനനിയമങ്ങൾ പരിഷ്ക്കരിക്കപ്പെടേണ്ടതുണ്ടെന്ന് മീനാക്ഷി ഫെയ്സ് ബുക്കിൽ കുറിച്ചു.

വനാതിർത്തിയിൽ താമസിക്കുന്ന മനുഷ്യർക്കും നമ്മെപ്പോലെ സ്വസ്ഥമായി ജീവിക്കുവാൻ അവകാശമുള്ളവരാണ് എന്നതും പ്രാധാന്യമുള്ളതാണെന്നും പിന്നെ കാടു കൈയേറി എന്നുപറ‍യുന്നത് മുൻ തലമുറക്കാരാണെന്നും ജനനം കൊണ്ട് വനാതിർത്തിയിൽ താമസിക്കപ്പെടാൻ വിധിക്കപ്പെട്ട മനുഷ്യരാണ് കൂടുതൽ പേരുമെന്നും മീനാക്ഷി പറയുന്നു.

കൃത്യമായി നിയമങ്ങൾ പരിഷ്ക്കാരിക്കാതെ മയക്കി പിടികൂടി ഒരു കോളറുമിട്ട് "ചക്കകൊമ്പന്മാർ വരുന്നുണ്ട് ഓടിക്കോ" എന്ന് അവയെക്കൊണ്ടൊക്കെ പൊറുതിമുട്ടിയ ജന്മം കൊണ്ട് ആ നാട്ടിൽ ജീവിക്കാൻ വിധിക്കപ്പെട്ട ഒരു ജനതയോട് പറയലല്ല നീതി എന്നു കരുതുന്നുവെന്നും മീനാക്ഷി ഫെയ്സ്ബുക്കിൽ കുറിച്ചു.

ഫെയ്സ് ബുക്ക് കുറിപ്പ് ഇങ്ങനെ...

'വീണ്ടും ചില ആനക്കാര്യങ്ങൾ'... സത്യത്തിൽ .എപ്പോഴാണ് ഈ ആനകളുടെ കാര്യങ്ങൾ നമുക്ക് 'ആന'ക്കാര്യങ്ങളാവുന്നത് .. മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള പോര് ചരിത്രാതീത കാലം മുതൽ നിലവിലുണ്ട് .. മനുഷ്യൻ അവന്‍റെ ബുദ്ധിയും... ടെക്നിക്കുകളും.. അവൻ കണ്ടുപിടിച്ച ഉപകരണങ്ങളും കൊണ്ട് കാടുകൾ നാടുകളാക്കി നാടുകൾ നഗരങ്ങളാക്കി ചുരുക്കത്തിൽ കാടാണ് മൊത്തത്തിൽ മാറ്റിയത്.... മറ്റൊരു വിധത്തിൽ പറഞ്ഞാൽ ലോകം മനുഷ്യ കേന്ദ്രീകൃതമാക്കപ്പെട്ടു എന്നും പറയാം...

പക്ഷെ പിന്നീട് ആധുനിക മനുഷ്യർ തങ്ങളുടെ നിലനില്പിന് കാടും മൃഗങ്ങളും ഒക്കെയും ആവശ്യമാണെന്ന് കണ്ടെത്തി അവയേയും സംരക്ഷിക്കുവാൻ വേണ്ട നിയമങ്ങളുണ്ടാക്കി പക്ഷെ നിർഭാഗ്യവശാൽ അവ കാലാനുസൃതമായി പരിഷ്ക്കരിക്കപ്പെടുന്നില്ല എന്നതാണ് കഷ്ടം ... ജനനം കൊണ്ട് വനാതിർത്തിയിൽ താമസിക്കപ്പെടാൻ വിധിക്കപ്പെട്ട മനുഷ്യരാണ് കൂടുതൽ പേരും അവർക്ക് നാടിനും കാടിനും അതിർത്തിയുണ്ട് താനും ..

എന്നാൽ മൃഗങ്ങൾക്ക് എന്തതിർത്തി ... അവിടെ താമസിക്കുന്ന മനുഷ്യർക്കാവട്ടെ എന്നും അവരുടെ കഷ്ടപ്പാടിന്‍റെ ഫലമായ കൃഷിയും മറ്റ് സ്വത്തുക്കളും വന്യജീവികളുടെ ആക്രമണത്താൽ നശിപ്പിക്കപ്പെട്ട് ജീവിതം ദുസ്സഹമാക്കപ്പെട്ട കഥകളാണധികം .. എന്നാൽ മനുഷ്യനാൽ വല്ല വന്യമൃഗങ്ങൾക്കും വല്ലതും സംഭവിച്ചാൽ തീർന്നു ..സ്വന്തം പക്ഷം പോലും പറഞ്ഞിട്ട് കാര്യമില്ലാത്ത നീതിയും ...ഏതെങ്കിലും വന്യമൃഗങ്ങൾ വനാതിർത്തിയോട് ചേർന്നുള്ള കിണറ്റിലോ കുഴിയിലോ വീണാൽ രക്ഷാപ്രവർത്തനമുണ്ടാവും... അവയൊക്കെ ടി.വി യിലും സോഷ്യൽ മീഡിയയിലും കാണുമ്പോൾ അവ രക്ഷപെടണമേയെന്ന ആഗ്രഹത്തിലാണ് ദൂരെ സുരക്ഷിത നഗരങ്ങളിലും നാടുകളിലുമിരിക്കുന്നവർ ...അതൊരു മനുഷ്യത്വപരമായ വികാരമാണെങ്കിൽ കൂടിയും അതിനൊരു മറുപക്ഷവുമുണ്ട് എന്നതും കാണാതിരിക്കരുത് അത് പക്ഷെ സത്യത്തിൽ ആ നാട്ടിലെ ജനതയുടെ ഭാഗത്ത് നിന്ന് ചിന്തിക്കുമ്പോഴാണ് മനസ്സിലാവുക ...

അവർ മനസ്സറിഞ്ഞ് ആഗ്രഹിക്കുക അവ ഇല്ലാതാകണമെന്നാവും എന്നതും ഉറപ്പ് ...കാരണം അവരുടെ ജീവനും സ്വത്തും സ്വന്തം മക്കളും മാതാപിതാക്കളുമൊക്കെ ഭീഷണിയിൽ തന്നെയാണ്... കുഞ്ഞുകുട്ടികളെ സ്കൂളുകളിൽ അയക്കുന്നതുമൊക്കെ എത്ര അരക്ഷിതാവസ്ഥയിൽ മനസ്സ് പതറിയാവും ...രമ്യഹർമ്മ്യങ്ങളിലിരുന്ന് ഘോര ഘോരം മൃഗങ്ങൾക്കു വേണ്ടി വാദിക്കുന്നവർക്ക് തങ്ങളുടെ വാസസ്ഥലവും മറ്റും സ്ഥിരമായി വനാതിർത്തിയിലുള്ള നാടുകളിലേയ്ക്ക് മാറ്റി ഒരു രണ്ടു മൂന്നു വർഷമെങ്കിലും അവിടെ താമസിച്ചതിന് ശേഷം ഈ വന്യമൃഗ സ്നേഹം പ്രകടിപ്പിക്കാൻ അവർക്കാകുമോ എന്ന ചോദ്യവുമുണ്ട് ... പറഞ്ഞു വന്നത് കണ്ട മൃഗങ്ങളെയെല്ലാം ഒഴിവാക്കണം എന്ന നിലയ്ക്കുമല്ല ..

വനാതിർത്തിയിൽ താമസിക്കുന്ന മനുഷ്യർക്കും നമ്മെപ്പോലെ സ്വസ്ഥമായി ജീവിക്കുവാൻ അവകാശമുള്ളവരാണ് എന്നതും പ്രാധാന്യമുള്ളതാണ് ... പിന്നെ കാടു കൈയ്യേറി എന്നു പറയുമ്പോൾ ഇപ്പോഴാണോ അങ്ങനെ കൈയ്യേറിയത് ..മുൻ കാലഘട്ടങ്ങളിൽ മുൻ തലമുറകൾ കാടു കൈയ്യേറിത്തന്നെയാണല്ലോ .. നാടും നഗരങ്ങളും സൃഷ്ടിച്ചത് .. വനാതിർത്തി നാടിനും നാട്ടാർക്കും .. നമ്മുടെ ഒരു മുഖ്യ വരുമാന മാർഗ്ഗമായ ടൂറിസത്തിനും ഒക്കെ ഭീഷണിയായ ചില മൃഗങ്ങൾ മാറ്റപ്പെടുകയോ ഇല്ലാതാവുകയോ ചെയ്തേ മതിയാവൂ എന്നതാണ് സത്യം... അതാണ് നീതിയും .. അതിനായ് കാലാനുസൃതമായ

വനനിയമങ്ങൾ പരിഷ്ക്കരിക്കപ്പെട്ടേ മതിയാവൂ ..

ആസ്ത്രേലിയ പോലെയുള്ള വനാതിർത്തി ധാരാളമുള്ള രാജ്യങ്ങൾ അവരുടെ ജനതയ്ക്കു വേണ്ടി എന്താണ് (വനവും വന്യമൃഗങ്ങളുമായി ബന്ധപ്പെട്ട് ) ചെയ്യുന്നത് എന്നതൊക്കെയും മാതൃകയാക്കാവുന്നതാണ് .. (നിരന്തരമായി മനുഷ്യന്‍റെ ജീവനും സ്വത്തിനും ഭീഷണിയായ വന്യമൃഗങ്ങളുടെ കാര്യത്തിലാണ് ഞാനിതെഴുതുന്നത് ...) അല്ലാതെ മയക്കി പിടികൂടി ഒരു കോളറുമിട്ട് "ചക്കകൊമ്പന്മാർ വരുന്നുണ്ട് ഓടിക്കോ" എന്ന് അവയെക്കൊണ്ടൊക്കെ പൊറുതിമുട്ടിയ ജന്മം കൊണ്ട് ആ നാട്ടിൽ ജീവിക്കാൻ വിധിക്കപ്പെട്ട ഒരു ജനതയോട് പറയലല്ല നീതി എന്നു കരുതുന്നു ,...

ഹൃദയപൂർവ്വംമീനാക്ഷി ..