
മെറ്റ 2025 ഇരുപതാം പതിപ്പ്: പത്ത് നാമനിർദേശങ്ങളുമായി 'ജീവന്‍റെ മാലാഖ'
ദുബായ്: ഒ ടി ഷാജഹാൻറെ സംവിധാനത്തിൽ,തിയേറ്റർ ദുബായ് ഇന്‍റർനാഷണൽ, അവതരിപ്പിച്ച നാടകം 'ജീവന്‍റെ മാലാഖ' ഇന്ത്യയിലെ മഹേന്ദ്ര എക്സലൻസ് ഇൻ തിയേറ്റർ അവാർഡ്സിന്‍റെ (മെറ്റ 2025) ഇരുപതാം എഡിഷനിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. മികച്ച നാടകം, സംവിധായകൻ, അഭിനേതാവ് (സപ്പോർട്ടിങ് റോൾ ), അഭിനേത്രി (സപ്പോർട്ടിങ് റോൾ ), രംഗ സജ്ജീകരണം, ശബ്ദ വിന്യാസം, വെളിച്ച വിന്യാസം, നൃത്തസംവിധാനം , വേഷവിതാനം , എൻസംബിൾ എന്നിങ്ങനെ പത്ത് വിഭാഗങ്ങളിലേക്കാണ് നാടകത്തിന് നാമനിർദ്ദേശം ലഭിച്ചിരിക്കുന്നത്.
ഇന്ത്യയിലെ വിവിധ ഭാഷകളിൽ നിന്നുള്ള 367 നാടകങ്ങളിൽ നിന്ന് 10 എണ്ണമാണ് ഈ അവാർഡിലേക്ക് പരിഗണിക്കപ്പെട്ടത്.
മാർച്ച് 16 രാത്രി 8 മണിക്ക് ഡൽഹി കമാനി ഓഡിറ്റോറിയത്തിൽ നാടകം അവതരിപ്പിക്കും. ഇക്കഴിഞ്ഞ കെ എസ് സി ഭരത് മുരളി നാടകോത്സവത്തിൽ 'ജീവന്‍റെ മാലാഖ' നിരവധി അവാർഡുകൾ സ്വന്തമാക്കിയിരുന്നു.