കാന്താര 2 വിനെ വിടാതെ പിന്തുടരുന്ന ശാപം; ഷൂട്ടിങ്ങിനിടെ മരിച്ചത് 3 പേർ, അപകടങ്ങൾ നിരവധി

മുദൂരിൽ ഷൂട്ടിങ് നടക്കുന്നതിനിടെ 20 ജൂനിയർ ആർട്ടിസ്റ്റുകൾ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞു.
misfortune of kantara 2 film

കാന്താര 2 വിനെ വിടാതെ പിന്തുടരുന്ന ശാപം; ഷൂട്ടിങ്ങിനിടെ മരിച്ചത് 3 പേർ, അപകടങ്ങൾ നിരവധി

Updated on

തെന്നിന്ത്യൻ സിനിമയുടെ കിരീടത്തിലെ പൊൻ തൂവലായിരുന്നു കാന്താര. സിനിമ ഉയർത്തിയ ആരവം ഇനിയും അവസാനിച്ചിട്ടില്ല. പക്ഷേ കാന്താര 2 ഷൂട്ടിങ് ആരംഭിച്ചതു മുതൽ തുടരുന്ന പ്രശ്നങ്ങൾ സിനിമാ പ്രവർത്തകരെ പരിഭ്രാന്തരാക്കുകയാണ്. മലയാളിയും പ്രശസ്ത മിമിക്രി താരവുമായ കലാഭവൻ നിജുവിന്‍റെ അപ്രതീക്ഷിക മരണത്തോടെ കാ‌ന്താര 2 ഷൂട്ടിങ്ങിനിടെ പല കാരണങ്ങളാൽ മരിക്കുന്നവരുടെ എണ്ണം 3 ആയി. നിജു ഉൾപ്പെടെ രണ്ട് മലയാളികളും ഉണ്ട് കൂട്ടത്തിൽ. അതു കൂടാതെ അപകടങ്ങളും കേസുകളും എല്ലാം സിനിമയെ വിടാതെ പിന്തുടരുകയാണ്.

ജൂനിയർ ആർട്ടിസ്റ്റുമാർക്കായുള്ള വസതിയിൽ വച്ച് പുലർച്ചെയാണ് കലാഭവൻ നിജുവിന് നെഞ്ചു വേദന അനുഭവപ്പെട്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ടാഴ്ച മുൻപാണ് സിനിമയിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്ന കന്നഡ താരം രാകേഷ് പൂജാരി ഹൃദയാഘാതം മൂലം മരിച്ചത്. സുഹൃത്തിന്‍റെ വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിനിടെ അപ്രതീക്ഷിതമായാണ് രാകേഷ് മരിച്ചത്. കഴിഞ്ഞ മാസം ചിത്രത്തിൽ അഭിനയിക്കാനെത്തിയ വൈക്കം സ്വദേശി എം.എഫ്. കപിലിന്‍റെയും സഹപ്രവർത്തകരെ ഞെട്ടിക്കുന്ന മരണമായിരുന്നു. സൗപർണിക നദിയിൽ വീണ് മുങ്ങിയാണ് കപിൽ മരിച്ചത്. തെയ്യം കലാകാരനായ കപിൽ മുൻപ് നിരവധി ടെലിഫിലിമുകളിൽ അഭിനയിച്ചിട്ടുണ്ട്. അതേ തുടർന്ന് സിനിമയുടെ ചിത്രീകരണം താത്കാലികമായി നിർത്തി വച്ചിരുന്നു.

അതു മാത്രമല്ല അപകടങ്ങളും സിനിമാസൈറ്റിൽ ഒഴിയാതെ തുടരുകയാണ്. മുദൂരിൽ ഷൂട്ടിങ് നടക്കുന്നതിനിടെ 20 ജൂനിയർ ആർട്ടിസ്റ്റുകൾ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞു. പക്ഷേ ആർക്കും ഗുരുതരമയ പരുക്കുകൾ ‌ഉണ്ടായില്ല. എങ്കിലും കുറച്ചു ദിവസത്തേക്ക് ചിത്രീകരണം നിർത്തി വച്ചു.

മറ്റൊരിക്കൽ സിനിമയ്ക്ക് വേണ്ടി നിർമിച്ച സെറ്റ് അപ്പാടെ തകർന്നു വീണതും നഷ്ടമുണ്ടാക്കി.

വനപ്രദേശത്ത് സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചതിനെച്ചൊല്ലി ചിത്രീകരണത്തിനിടെ സിനിമാ പ്രവർത്തകരും ഗ്രാമീണരും തമ്മിൽ ‌ഏറ്റുമുട്ടലുണ്ടായി.സംഭവത്തിൽ വനംവകുപ്പ് കേസെടുത്തിരുന്നു. ഈ വർഷം ഒക്റ്റോബർ 2 ന് ചിത്രം റിലീസ് ചെയ്യണമെന്നാണ് അണിയറപ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്.

ഫാന്‍റസിയും മണ്ണിനെ സംരക്ഷിക്കുന്ന മനുഷ്യരുടെ രാഷ്ട്രീയവും ചേർത്താണ് കാന്താരയുടെ ആദ്യഭാഗം തിയെറ്ററിലെത്തിയത്. ഋഷഭ് ഷെട്ടിയാണ് പ്രധാന കഥാപാത്രമായി എത്തിയത്. കർണാടകയുടെ ദൈവക്കോലവും തെയ്യവും ചേർന്നതാണ് കാന്താരയുടെ കാതൽ.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com