"കോടതിയിൽ ഹാജരാകണം"; നടി നോറ ഫത്തേഹിക്ക് വീണ്ടും സമൻസ്

ഇത് ചെറിയ കാര്യമല്ലെന്നും ഒരു സാക്ഷി എന്ന നിലയിൽ നിങ്ങൾ കോടതിയ്ക്കു മുൻപിൽ ഹാജരാകേണ്ടതാണെന്നും കോടതി പറഞ്ഞു.
Must appear in court; fresh summons for actress Nora Fatehi

നോറ ഫത്തേഹി

Updated on: 

ന്യൂഡൽഹി: സുകേഷ് ചന്ദ്രശേഖർ 200 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട കേസിൽ നടി നോറ ഫത്തേഹിക്ക് സമൻസ് അയച്ച് ഡൽഹി കോടതി. അഡീഷണൽ സെഷൻസ് ജഡ്ജി ഗഗൻദീപ് സിങ് ആണ് കോടതിയിൽ നേരിട്ട് ഹാജരാകാത്തതിലുള്ള അതൃപ്തി വ്യക്തമാക്കിക്കൊണ്ട് നടിക്ക് പുതിയ സമൻസ് അയച്ചിരിക്കുന്നത്. കോടതി നടപടികൾക്കിടെ നോറ ഫത്തേഹിക്ക് നേരിട്ട് എത്താനുള്ള അസൗകര്യത്തെക്കുറിച്ച് അഭിഭാഷകൻ അറിയിച്ചിരുന്നു.

ഇത് ചെറിയ കാര്യമല്ലെന്നും ഒരു സാക്ഷി എന്ന നിലയിൽ നിങ്ങൾ കോടതിയ്ക്കു മുൻപിൽ ഹാജരാകേണ്ടതാണെന്നും കോടതി പറഞ്ഞു. നിലവിൽ ശരിയായ രീതിയിൽ അല്ല പെരുമാറുന്നതെന്നും കോടതി വ്യക്തമാക്കി. നോറ ഹാജരാകുമോ എന്ന കാര്യത്തിൽ സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്ന് ഡൽഹി പൊലീസ് കോടതിയെ അറിയിച്ചിരുന്നു.

ഒക്റ്റോബർ 22ന് വാട്സാപ്പ് വഴിയും ഇമെയിൽ വഴിയും നോറയ്ക്ക് നോട്ടീസ് അയച്ചിരുന്നു. പിന്നീട് ഫോണിൽ വിളിച്ചും അറിയിച്ചു. എന്നാൽ നോറ പ്രതികരിച്ചിരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി. ഡൽഹി പൊലീസിനു കീഴിലുള്ള പ്രത്യേക സെൽ ആണ് സുകേഷ് ചന്ദ്രശേഖർ പ്രതിയായ കേസ് അന്വേഷിക്കുന്നത്.