വെബ് സീരീസുകള്‍ പ്രേക്ഷകപ്രീതി പിടിച്ചുപറ്റുന്ന കാലമാണിപ്പോള്‍. വിവിധ ഒ ടി ടി പ്ലാറ്റ്‌ഫോമുകളിലായി പല ഭാഷകളിലുള്ള നിരവധി വെബ് സീരീസുകള്‍ പ്രദര്‍ശനത്തിനെത്തിക്കൊണ്ടിരിക്കുന്നു. സിനിമയില്‍ സജീവമായിരിക്കുന്ന, സൂപ്പര്‍സ്റ്റാറുകളടക്കമുള്ള, പലരും വെബ് സീരീസുകള്‍ നിര്‍മിക്കാനും അവയില്‍ അഭിനയിക്കാനും മടികാണിക്കുന്നില്ല. അത്തരത്തിലുള്ള പല സംരംഭങ്ങള്‍ അണിയറയില്‍ അണിഞ്ഞൊരുങ്ങുന്നുമുണ്ട്. സിനിമയിലെ അഭിനേതാക്കള്‍ക്ക് പൊതുവെ സീരിയലുകളോടുണ്ടായിരുന്ന അയിത്തമനോഭാവം വെബ് സീരീസുകളോടില്ല എന്നു ചുരുക്കം.
മലയാളത്തിന്‍റെ കാര്യമെടുത്താല്‍ ആമസോൺ പ്രൈമിൽ സംപ്രേഷണം ചെയ്ത പോച്ചർ, ഹോട്സ്റ്റാറിലെ സീരീസുകളായ കേരള ക്രൈം ഫയല്‍, മാസ്റ്റര്‍പീസ്, പേരില്ലൂര്‍ പ്രീമിയര്‍ ലീഗ് എന്നിവ പ്രേക്ഷകരെ ആകര്‍ഷിക്കുകയും ചര്‍ച്ചാവിഷയമാവുകയും ചെയ്തവയാണ്. അതിന്‍റെ തുടര്‍ച്ചയെന്നോണമാണ് ഹോട്സ്റ്റാറില്‍ ഒരു പുതിയ വെബ് സീരീസ് പ്രദര്‍ശനത്തിനെത്തിയത് - നാഗേന്ദ്രന്‍സ് ഹണിമൂണ്‍സ്.
രൺജി പണിക്കരുടെ മകന്‍ എന്ന നിലയില്‍ മമ്മൂട്ടി നായകനായ 'കസബ' എന്ന ചിത്രവുമായി വന്ന് 'കാവല്‍' എന്ന സുരേഷ് ഗോപി ചിത്രത്തിലൂടെ സംവിധായകന്‍ എന്ന നിലയില്‍ മേല്‍വിലാസമുണ്ടാക്കിയ നിതിന്‍ രൺജി പണിക്കരുടെ എല്ലാ അർഥത്തിലുമുള്ള ഒരു വഴിമാറിനടത്തമാണ് 'നാഗേന്ദ്രന്‍സ് ഹണിമൂണ്‍സ്'. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, നിര്‍മാണം എന്നിവയെല്ലാം നിർവഹിച്ചിരിക്കുന്നത് നിതിൻ രൺജി പണിക്കരാണ്.
സുരാജ് വെഞ്ഞാറമൂട് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന, ആറ് എപ്പിസോഡുകളുള്ള, ഈ സീരീസ് നാഗേന്ദ്രന്‍റെ ജീവിതത്തിലുണ്ടാകുന്ന ആറു സംഭവങ്ങളെയാണ് അനാവരണം ചെയ്യുന്നത്. 'വണ്‍ ലൈഫ്... ഫൈവ് വൈവ്‌സ്' എന്നാണ് ഈ സീരീസിന്‍റെ ടാഗ്‌ലൈന്‍.
ഒരു പണിയും എടുക്കാതെ, അമ്മയുടെ ചെലവില്‍, ഉണ്ടുറങ്ങി, സുഖിച്ചു കഴിയുന്ന നാഗേന്ദ്രനെ ഉറ്റചങ്ങാതിയായ സോമന്‍ (പ്രശാന്ത് അലക്‌സാണ്ടര്‍) ഓരോ ഏടാകൂടത്തില്‍ ചാടിക്കുന്നതാണ് ഇതിന്‍റെ കഥാതന്തു. അലസതയാണ് നാഗേന്ദ്രന്‍റെ മുഖമുദ്ര. കുവൈറ്റില്‍ നിന്ന് എട്ടു വര്‍ഷത്തിനു ശേഷം നാട്ടിലെത്തിയ സുഹൃത്ത് പൗലോസിന്‍റെ (രമേശ് പിഷാരടി) പണക്കൊഴുപ്പില്‍ മയങ്ങിയ നാഗേന്ദ്രന്‍ എങ്ങനെയും അക്കരയ്ക്കു കടക്കണമെന്ന് ആഗ്രഹിക്കുന്നു. ഒരു പ്രതിസന്ധി ഘട്ടത്തില്‍ തന്നെ സഹായിച്ച നാഗേന്ദ്രനെ മൂന്നു മാസത്തിനുള്ളില്‍ കുവൈറ്റില്‍ കൊണ്ടുപോകാമെന്ന് പൗലോസ് സമ്മതിക്കുന്നു, പാസ്‌പോര്‍ട്ടെടുക്കാനും വീസയ്ക്കായുള്ള പണമുണ്ടാക്കാനും ആവശ്യപ്പെടുന്നു. പണം കണ്ടെത്താനായി സോമന്‍റെ കുരുട്ടുബുദ്ധിയില്‍ തെളിയുന്ന എളുപ്പവഴി വിവാഹമായിരുന്നു. കല്യാണത്തിലൂടെ കിട്ടുന്ന സ്ത്രീധനം ഉപയോഗിച്ച് കടല്‍ കടക്കാമെന്ന് സോമന്‍ നാഗേന്ദ്രനെ ഉപദേശിക്കുന്നു. പാല്‍ക്കച്ചവടം, നാടകനടന്‍ എന്നിവയ്ക്കു പുറമെ കല്യാണബ്രോക്കര്‍ കൂടിയായ സോമന്‍ പിന്നീട് നാഗേന്ദ്രനെ പല നാടുകളില്‍ കൊണ്ടുപോയി പെണ്ണു കെട്ടിക്കുന്നു. വെള്ളായണി(തിരുവനന്തപുരം)യില്‍ തുടങ്ങി റാന്നി (പത്തനംതിട്ട), ബേക്കല്‍ (കാസര്‍ഗോഡ്), ഒറ്റപ്പാലം (പാലക്കാട്), കൈനകരി (ആലപ്പുഴ) വഴി അത് അവസാനിക്കുന്നത് ആയക്കുടി(പളനി-തമിഴ്‌നാട്)യിലാണ്.
തീറ്റക്കാര്യം സര്‍വപ്രധാനമായി കരുതുന്ന നാഗേന്ദ്രന് അതില്‍ കവിഞ്ഞ് മറ്റൊന്നിലും താത്പര്യമില്ല. സമപ്രായക്കാരായ മറ്റു ചെറുപ്പക്കാരെപ്പോലെ പെണ്ണിലും കള്ളിലുമൊന്നും അയാളുടെ മനസ്സുടക്കുന്നില്ല. അതുകൊണ്ടുതന്നെ കല്യാണം കഴിക്കുന്ന സ്ത്രീകളോട് പ്രേമ-കാമ വികാരങ്ങളൊന്നും അയാള്‍ക്കുണ്ടാകുന്നില്ല. ആ ഒരു നിസ്സംഗത അയാളില്‍ ഒടുക്കം വരെ കാണാനാകും. ആ അവസ്‌ഥ സുരാജ് നന്നായിത്തന്നെ പകർന്നാടിയിട്ടുണ്ട്. കല്യാണത്തിനു ശേഷം പണം തട്ടിയെടുത്ത് മുങ്ങുമ്പോള്‍ കുറച്ചെങ്കിലും അവര്‍ക്കായി തിരികെ വയ്ക്കാനുള്ള ഹൃദയവിശാലത കാണിക്കുന്നുമുണ്ട് നാഗേന്ദ്രന്‍. ഇത് അയാളില്‍ തെല്ലൊരു അനുകമ്പ പടര്‍ത്താന്‍ പ്രേക്ഷകരെ പ്രേരിപ്പിക്കുന്നു. നാഗേന്ദ്രന്‍റെ വധുക്കളായി എത്തുന്ന ജാനകി (ആല്‍ഫി പഞ്ഞിക്കാരന്‍), ലില്ലിക്കുട്ടി (ഗ്രേസ് ആന്‍റണി), ലൈല (ശ്വേത മേനോന്‍), സാവിത്രി (നിരഞ്ജന അനൂപ്), തങ്കം (കനി കുസൃതി), മൊഴി (അമ്മു അഭിരാമി) എന്നിവര്‍ വ്യത്യസ്ത സാമൂഹിക പശ്ചാത്തലമുള്ളവരും പലയിടങ്ങളിലുള്ളവരുമാണ്. ഇവരിലൂടെ കേരളത്തിലെ പല ഭൂപ്രദേശങ്ങളും ഒരു തമിഴ് ഗ്രാമവും ദൃശ്യവത്കരിക്കുന്നു. 1978-ല്‍ നടക്കുന്ന കഥ എന്ന നിലയില്‍ അക്കാലത്തെ പശ്ചാത്തലം സൃഷ്ടിക്കുന്നതില്‍ ഈ പരമ്പര ഒരു പരിധി വരെ വിജയിച്ചിട്ടുണ്ടെങ്കിലും ചില കാര്യങ്ങളിൽ പൊരുത്തക്കേടുള്ളതായും തോന്നി.
തുടക്കം നന്നായെങ്കിലും തുടര്‍ന്നുള്ള എപ്പിസോഡുകള്‍ക്ക് ആ മേന്മ നിലനിര്‍ത്താനായില്ല എന്നതൊരു പോരായ്മയായി. കഥയിലെ ആവര്‍ത്തന സ്വഭാവവും ആഖ്യാനത്തിലെ മന്ദതയും ചിലയിടങ്ങളിലെങ്കിലും പ്രേക്ഷകരെ വല്ലാതെ മടുപ്പിക്കുന്നു.
അഭിനേത്രികളില്‍ തന്‍റെ കഥാപാത്രത്തെ കൃത്യമായി അടയാളപ്പെടുത്തിയത് ഗ്രേസ് ആന്‍റണിയാണെന്നു പറയാം. ആ എപ്പിസോഡിനെ രക്ഷിച്ചെടുത്തത് ഗ്രേസിന്‍റെ പ്രകടനംതന്നെയാണ്. 'നാഗേന്ദ്രന്‍സ് ഹണിമൂണ്‍സ്' കണ്ടു തീരുമ്പോള്‍ അതില്‍ നിറഞ്ഞുനില്‍ക്കുന്നത് നായകനായ നാഗേന്ദ്രനല്ല നായകന്‍റെ സുഹൃത്തായ സോമനാണെന്ന് തോന്നിപ്പോകും. കഥാപാത്രത്തെ നന്നായി ഉള്‍ക്കൊണ്ടുകൊണ്ട് അസാമാന്യ പ്രകടനമാണ് പ്രശാന്ത് അലക്‌സാണ്ടര്‍ കാഴ്ചവച്ചിരിക്കുന്നത്. ഇത് ആ നടന് ഭാവിയില്‍ ഗുണം ചെയ്യുമെന്നുതന്നെ കരുതാം. രമേശ് പിഷാരടി, ഷാജോണ്‍, ജനാര്‍ദനന്‍, ശ്രീകാന്ത് മുരളി, ശ്രീജിത്ത് രവി, ബിജു പപ്പന്‍, വിനീത് തട്ടില്‍ തുടങ്ങിയവരാണ് ഈ സീരീസിലെ മറ്റഭിനേതാക്കള്‍. ഛായാഗ്രഹണവും (നിഖില്‍ എസ്. പ്രവീണ്‍) സംഗീതവും (രഞ്ജിന്‍ രാജ്) പ്രേക്ഷകരെ കൂടെക്കൂട്ടാൻ പര്യാപ്‌തമാണ്.
കൃഷ്ണന്‍കുട്ടി, ദിലീപ് വി., അനന്തപത്മനാഭന്‍ പി എന്നിവരാണ് ഈ സീരിസിന്‍റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍ (ഡിസ്‌നി + ഹോട്സ്റ്റാര്‍).
ചുരുക്കത്തിൽ, നിതിന്‍ രൺജിപണിക്കരുടെ ഈ സംരംഭം അദ്ദേഹത്തിന്‍റെ സിനിമാവഴിയില്‍ ഒരു വേറിട്ട പരീക്ഷണമായി കണക്കാക്കാമെങ്കിലും, ഹോട്സ്റ്റാറിലെ മുന്‍ മലയാളം സീരീസുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ശരാശരിയിലൊതുങ്ങുന്നു.
sureshkumartmumbai@gmail.com