
ആടുജീവിതം എവിടെ? ഉർവശിയും വിജയരാഘവനും എങ്ങനെ 'സഹ'യായി?ചോദ്യങ്ങൾ അവശേഷിപ്പിച്ച് ദേശീയ പുരസ്കാരം
ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ അഭിമാനിക്കാവുന്ന നേട്ടങ്ങളാണ് മലയാള സിനിമയ്ക്കുണ്ടായത്. മികച്ച സഹനടിയും സഹനടനുമായി ഉർവശിയും വിജയരാഘവനും തെരഞ്ഞെടുക്കപ്പെട്ടെങ്കിലും ചോദ്യങ്ങൾ നിരവധി ഇപ്പോഴും അവശേഷിക്കുകയാണ്. പൃഥ്വിരാജിന്‍റെ കരിയർ ബെസ്റ്റ് എന്ന് വിശേഷിപ്പിക്കപ്പെട്ട ആടുജീവിതം പുരസ്കാരങ്ങളുടെ പട്ടികയിൽ നിന്ന് പൂർണമായും പുറന്തള്ളപ്പെട്ടതാണ് മലയാളികളെ അസ്വസ്ഥരാക്കുന്ന പ്രധാന ചോദ്യം. അമ്പരപ്പിക്കുന്ന മേക്കോവറാണ് ചിത്രത്തിനു വേണ്ടി പൃഥ്വിരാജ് നടത്തിയിരുന്നത്.
മികച്ച സിനിമ, നടൻ, ഛായാഗ്രാഹകൻ എന്നീ വിഭാഗങ്ങളിലേക്കെല്ലാം സിനിമ മത്സരിച്ചിരുന്നുവെങ്കിലും പൂർണമായും തഴയപ്പെട്ടുവെന്നാണ് ആരാധകർ ആരോപിക്കുന്നത്. ബ്ലെസി സംവിധാനം ചെയ്ത ചിത്രം മരുഭൂമിയിൽ കുടുങ്ങിപ്പോകുന്ന മലയാളിയുടെ കഥയാണ് പറയുന്നത്. ബെന്യാമിന്‍റെ ആടു ജീവിതം എന്ന നോവലാണ് സിനിമയാക്കി മാറ്റിയത്. 2023 ലെ ചിത്രങ്ങളുടെ പുരസ്കാരങ്ങളാണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. ആടുജീവിതത്തിന് സർട്ടിഫിക്കറ്റ് കിട്ടിയിരിക്കുന്ന 2024 ജനുവരിയിലാണെന്നും അതു കൊണ്ടാണ് സിനിമ പുരസ്കാരങ്ങളിൽ നിന്ന് പുറത്തായതെന്നും ചിലർ പറയുന്നു. എന്നാൽ 2023 ഡിസംബർ 31നാണ് ചിത്രത്തിന് സർട്ടിഫിക്കറ്റ് കിട്ടിയിരിക്കുന്നതെന്നും ആരാധകരിൽ ചിലർ തെളിവോടെ ചൂണ്ടിക്കാണിക്കുന്നു.
223 ജനുവരി 1 മുതൽ ഡിസംബർ 31 വരെയുള്ള ചിത്രങ്ങളാണ് ഇത്തവണത്തെ പുരസ്കാരത്തിനായി പരിഗണിച്ചിരുന്നത്. വിഷയത്തിൽ സിനിമയുടെ അണിയറപ്രവർത്തകരും താരങ്ങളും ഇതു വരെ പ്രതികരിച്ചിട്ടില്ല. പൃഥ്വിരാജിന്‍റെ അഭിനയത്തിനൊപ്പം തന്നെ മികച്ചതായിരുന്നു ചിത്രത്തിന്‍റെ ഛായാഗ്രഹണവും ആടുജീവിതവുമായി താരതമ്യം ചെയ്യുമ്പോൾ ആവറേജ് പോലുമല്ലാത്ത കേരളാ സ്റ്റോറിക്കാണ് മികച്ച ഛായാഗ്രഹണത്തിനുള്ള അവാർഡ് ലഭിച്ചിരിക്കുന്നതെന്നതും ആടുജീവിതം ആരാധകരെ അസ്വസ്ഥരാക്കുന്നുണ്ട്. പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ സൃഷ്ടിച്ച വിവാദങ്ങളാണോ അവഗണനയ്ക്ക് പിന്നിലെന്നും സംശയമുന്നയിക്കുന്നവരുണ്ട്. ബ്ലെസിയാണ് ചിത്രം സംവിധാനം ചെയ്തത്.
ഉള്ളൊഴുക്ക് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഉർവശിക്ക് മികച്ച സഹനടിക്കുള്ള പുരസ്കാരം ലഭിച്ചത്. ഉള്ളൊഴുക്കിൽ പാർവതിയും ഉർവശിയും തുല്യപ്രാധാന്യമുള്ള കഥാപാത്രങ്ങളായി എത്തുമ്പോൾ എങ്ങനെയാണ് ഉർവശി സഹനടിയായതെന്ന ചോദ്യം ഉയരുന്നുണ്ട്. പൂക്കാലത്തിൽ വിജയരാഘവൻ സഹനടനായതെങ്ങനെയെന്നതും ഉത്തരമില്ലാത്ത ചോദ്യമായി അവശേഷിക്കുന്നു.