നോളന്‍റെ ഒഡീസി ചെറിയ കഥയല്ല; സിനിമയ്ക്ക് കയറും മുൻപേ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ|Video

ട്രോജൻ യുദ്ധത്തിനു ശേഷം ഇത്താക്കയിലെ രാജാവായ ഒഡീസിയൂസ് നാട്ടിലേക്കെത്താനായി അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളാണ് സിനിമയിൽ.
Nolan's Odyssey is no small tale; things to know before watching the movie

നോളന്‍റെ ഒഡീസി ചെറിയ കഥയല്ല; സിനിമയ്ക്ക് കയറും മുൻപേ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ|Video

Updated on

ക്രിസ്റ്റഫർ നോളന്‍റെ ഒഡീസി കാണാനായി കാത്തിരിക്കുന്നവരാണോ? എങ്കിൽ സിനിമയ്ക്കു കയറും മുൻപേ ചില കാര്യങ്ങൾ ഒക്കെ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ജൂലൈ 17നാണ് സിനിമ റിലീസ് ചെയ്യുന്നത്. മാറ്റ് ഡെമൺ, ടോം ഹോളണ്ട്, എന്നിവരാണ് ‌പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. സങ്കീർണമായ കഥകൾ തിയെറ്ററിൽ എത്തിക്കുന്നതിൽ പണ്ടേ വിഖ്യാതനാണ് നോളൻ. ഇൻസെപ്ഷൻ, ഇന്‍റർസ്റ്റെല്ലാർ, ഓപ്പൻഹെയ്മർ എന്നിവയെല്ലാം അതിനുദാഹരണങ്ങളാണ്. ഹോമർ രചിച്ച ഗ്രീക്ക് ഇതിഹാസമായ ഒഡീസിയാണ് നോളൻ ഇത്തവണ തിയെറ്ററിലെത്തിക്കുന്നത്.

ട്രോജൻ യുദ്ധത്തിനു ശേഷം ഇത്താക്കയിലെ രാജാവായ ഒഡീസിയൂസ് നാട്ടിലേക്കെത്താനായി അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളാണ് സിനിമയിൽ. ഗ്രീക്ക് ദൈവങ്ങളും രാജാക്കന്മാരും രാക്ഷസന്മാരും പരസ്പരമുള്ള പകയുമെല്ലാം ഒഡീസിയിൽ നിറഞ്ഞു നിൽക്കുന്നുണ്ട്.

എന്താണ് ഒഡീസി

ഹോമർ എഴുതിയ രണ്ട് ഗ്രീക്ക് ഇതിഹാസങ്ങളിൽ ഒന്നാണ് ഒഡീസി. ആദ്യത്തേക്ക് ഇലിയഡ്. ട്രോജൻ യുദ്ധമാണ് ഇലിയഡിന്‍റെ കഥ. യുദ്ധത്തിനു ശേഷം നീണ്ട പത്തു വർഷങ്ങൾ എടുത്ത് രാജ്യത്തേക്ക് തിരിച്ചെത്തുന്ന ഒഡീസിയൂസിന്‍റെ കഥയാണ് ഒഡീസി. ഒഡീസിയൂസ് തിരിച്ചെത്തുന്ന കാലം വരെയും ഭാര്യ പെനെലോപ്പും മകൻ ടെലെമാക്കസും രാജകിരീടം മറ്റാരും തട്ടിയെടുക്കാതിരിക്കാൻ കഠിനപ്രയത്നം തന്നെ ചെയ്യേണ്ടി വരുന്നുണ്ട്.

എന്തു കൊണ്ടാണ് നാട്ടിലെത്താൻ വൈകുന്നത്

പത്ത് വർഷം നീണ്ട യുദ്ധത്തിനൊടുവിൽ ട്രോജൻ കുതിരയെ ഉപയോഗിച്ചാണ് ഗ്രീക്ക് സൈന്യം ട്രോയ് നഗരത്തെ ഇല്ലാതാക്കുന്നത്. ഗ്രീക്ക് ദേവതയായ അഥീനയുടെ ക്ഷേത്രത്തിൽ അഭയം തേടിയ കസ്സാൻഡ്രയെ ഗ്രീക്കു സൈനികൻ വലിച്ചിഴച്ചു പുറത്തേക്കു കൊണ്ടു പോകുന്നുണ്ട്. അതിൽ പ്രകോപിതയായ അഥീന കടൽ ക്ഷോഭിക്കണമെന്ന് സമുദ്ര ദേവനോട് ആവശ്യപ്പെട്ടു. യുദ്ധത്തിനു ശേഷം തിരിച്ചു പോകുമ്പോൾ പ്രക്ഷുബ്ധമായ കടലാണ് ഗ്രീക്ക് സൈനികരെ കാത്തിരിക്കുന്നത്. ഗ്രീക്ക് സമുദ്രദേവനായ പൊസിഡോണിന്‍റെ മകനായ പോളിഫീമസിന്‍റെ ഗുഹയിൽ സൈന്യം അകപ്പെട്ടു പോകുന്നതാണ് ഒഡീസിയിലെ പ്രധാന ഭാഗം. നോബഡി എന്നാണ് ഒഡീസിയൂസ് പോളിഫീമസിനോട് തന്നെക്കുറിച്ച് പറയുന്നത്. പിന്നീട് പോളിഫീമസ് ഉറങ്ങുന്നതിനിടെ അന്ധനാക്കിയ ശേഷം തന്‍റെ വിജയം വെളിപ്പെടുത്താൻ ഒഡീസിയൂസ് തീരുമാനിക്കുന്ന സമയം മുതലാണ് സമുദ്ര ദേവന്‍റെ ശാപം ഒഡീസിയൂസിനു മേൽ വീഴുന്നത്.അതിനു ശേഷം നിരന്തരം കൊടുങ്കാറ്റും കപ്പൽ തകർച്ചയും രാക്ഷസന്മാരും അതീന്ദ്രീയ ശക്തികളും എല്ലാം ചേർന്ന് ഒഡീസിയൂസിന്‍റെ യാത്ര മുടക്കുന്നു. ഓരോ പ്രാവശ്യവും ഇത്താക്കയോട് അടുക്കുമ്പോഴും ഒഡീസിയൂസിനെ അതീന്ദ്രീയ ശക്തികൾ തടസപ്പെടുത്തുകയും ദൂരേക്ക് കൊണ്ടു പോകുകയും ചെയ്യുന്നു.

താമര തിന്നുന്ന അലസന്മാരുടെ ദ്വീപ്

ഒഡീസിയൂസിന് ഒപ്പമുള്ള ചിലർ ഇടയ്ക്ക് താമര ച്ചെടികൾ ഭക്ഷിക്കുന്നുണ്ട്. അതോടെ അവർക്ക് വീട്ടിലേക്ക് പോകണമെന്നുള്ള ആഗ്രഹം തന്നെ ഇല്ലാതാകുന്നു. കുറച്ചു നാളത്തേക്ക് ഓർമ പോലും നഷ്ടപ്പെട്ട സ്ഥിതിയിലാണ്. പിന്നീട് ഒഡീസിയൂസ് അവരെ വലിച്ചിഴച്ചാണ് കപ്പലിലേക്ക് കൊണ്ടു പോകുന്നത്. പിന്നീട് നരഭോജികളുടെ ദ്വീപിലും സിർസ് എന്ന ദുർമന്ത്രവാദിക്കു മുന്നിലും സൈന്യം പെടുന്നു. കുറച്ചു കാലം കാലിപ്സോ എന്ന ദേവതയുടെ തടവുകാരനായും കഴിയേണ്ടി വരുന്നു. പിന്നീട് ദേവന്മാർ ഇടപെട്ടാണ് ഒഡീസിയൂസിനെ രക്ഷപെടുത്തുന്നത്. ഷെറി ദ്വീപിലേക്കെത്തുന്ന ഒഡീസിയൂസ് രാജാവിന്‍റെ അതിഥിയായി കഴിയുന്നു. അവരുടെ സഹായത്തോടെ ഇത്താക്കയിലേക്ക് യാത്ര ആരംഭിക്കുന്നു.

ഇരുപതു വർഷത്തിനു ശേഷം വൃദ്ധനായ ഭിക്ഷക്കാരനായാണ് ഒഡീസിയൂസ് ഇത്താക്കയിലെത്തുന്നത്. പെനിലോപ്പ് അദ്ദേഹത്തെ തിരിച്ചറിയുന്നതോടെ കഥ അവസാനിക്കും.

logo
Metro Vaartha
www.metrovaartha.com