വണ്ടിച്ചെക്ക് കേസ്: നടി അമീഷ പട്ടേലിന് ജാമ്യമില്ലാ വാറന്‍റ്

അഡ്വാൻസ് തുകയായി 14.50 ലക്ഷമാണ് നടിക്കു കൈമാറിയത്.
non bailable warrant to actress ameesha patel

അമീഷ പട്ടേൽ

Updated on

മൊറാദാബാദ്: ബോളിവുഡ് താരം അമീഷ പട്ടേലിനെതിരേ വണ്ടിച്ചെക്ക് കേസിൽ ജാമ്യമില്ലാ വാറന്‍റ്. മൊറാദാബാദ് കോടതിയാണ് വാറന്‍റ് പുറത്തു വിട്ടിരിക്കുന്നത്. ഇവന്‍റ് ഓർഗനൈസറായ പവൻ വർമയുടെ പരാതിയിലാണ് നടപടി. 2017 നവംബർ 16ന് ഒരു വിവാഹച്ചടങ്ങിൽ നൃത്തം ചെയ്യുന്നതിനായി അമീഷ പട്ടേലിനെ സമീപിച്ചിരുന്നു. അഡ്വാൻസ് തുകയായി 14.50 ലക്ഷമാണ് നടിക്കു കൈമാറിയത്. അവർക്കു സഞ്ചരിക്കാനും താമസിക്കുന്നതിനുമുള്ള സജ്ജീകരണങ്ങളും ഒരുക്കിയിരുന്നു. എന്നാൽ വിവാഹച്ചടങ്ങിൽ അമീഷ പങ്കെടുത്തില്ല.

പിന്നീട് സംഘാടകൻ സമീപിച്ചപ്പോൾ അഡ്വാൻസ് തുക പൂർണമായും തിരിച്ചു നൽകാമെന്ന് നടി സമ്മതിച്ചിരുന്നു. എന്നാൽ പണം തിരിച്ചു കിട്ടിയിട്ടില്ലെന്ന് കാണിച്ചാണ് പരാതി നൽകിയിരിക്കുന്നത്.

എന്നാൽ ഇതു വളരെ പഴയ സംഭവമാണെന്നും വർമ തെറ്റായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും നടി ആരോപിക്കുന്നു. ഹൃത്വിക് റോഷൻ ആദ്യമായി അഭിനയിച്ച കഹോ നാ പ്യാർ ഹേ എന്ന സിനിമയിലൂടെയാണ് അമീഷ സിനിമയിലേക്കെത്തിയത്. പിന്നീട് ഗദാർ- ഏക് പ്രേം കഥ, ഗദാർ 2 എന്നീ ചിത്രങ്ങളും സൂപ്പർഹിറ്റായി.

logo
Metro Vaartha
www.metrovaartha.com