

ചിരിസദ്യ വിളമ്പാൻ 'ഓണം തൂക്കി മാവേലി'
ആലപ്പുഴ: നയന്‍റീസ് കിഡ്‌സിന്‍റെ ഓണം ഗൃഹാതുരതയിൽ ഒന്നാണ് ഇന്നസെന്‍റിന്‍റെ ശബ്ദമുള്ള മാവേലിയും ജഗതി ശ്രീകുമാറിന്‍റെ ശബ്ദമുള്ള ഡ്യൂപ്പും ചേർന്നൊരുക്കിയിരുന്ന സമകാലിക ആക്ഷേപഹാസ്യം. ഇത്തവണയും ഉത്രാടം ദിനത്തിൽ രാത്രി എട്ടു മണിക്ക് മാവേലിയെയും ഡ്യൂപ്പിനെയും തിരികെ എത്തിക്കുകയാണ് കണ്ണനുണ്ണിയും രാജൻ സോമസുന്ദരവും ആകാശവാണി റെയ്ൻബോ എഫ്എം കൊച്ചി 107.5 ലെ ചിരിക്കട എന്ന പരിപാടിയിലൂടെ.
"ഓണം തൂക്കി മാവേലി' എന്നു പേരിട്ടിരിക്കുന്ന സമകാലിക ആക്ഷേപ ഹാസ്യപരിപാടിയിൽ മഴക്കെടുത്തിയിൽ മാവേലിയുടെ വരവു മുതൽ, ജെൻസി ഭാഷ, നവമാധ്യമപ്രവർത്തകനും പൂക്കി ചിരിയും, ബൈക്ക് ടാക്സിയും ബസ് യാത്രയും തുടങ്ങി മാവേലി തിരികെപോകുന്നത് വരെയുള്ള പ്രമേയങ്ങൾ ഹാസ്യരൂപത്തിൽ ശ്രോതാക്കളിലേക്ക് എത്തിക്കുന്നു.
പതിനാലു വർഷമായി റെയ്ൻബോ എഫ്‌എമ്മിലെ അവതാരകരാണ് കണ്ണനുണ്ണിയും രാജൻ സോമസുന്ദരവും. മിമിക്രി ആർട്ടിസ്റ്റ് അസോസിയേഷൻ അംഗമാണ് ആലപ്പുഴ സ്വദേശി കണ്ണനുണ്ണി. മിമിക്രിക്ക് ഒപ്പം രാജേട്ടൻ കാർട്ടൂൺസ് എന്ന പേജിലൂടെ കാർട്ടൂൺ ചിരി ഒരുക്കുന്നു എറണാകുളം കാലടി സ്വദേശി രാജൻ സോമസുന്ദരം.
"ദേ മാവേലി കൊമ്പത്തും' "ഓണത്തിനിടയ്ക്ക് പുട്ട്' കച്ചവടവും ഇറക്കിയ കലാകാരൻമാർക്കും ആസ്വാദകർക്കും ഈ പരിപാടി സമർപ്പിക്കുന്നതായി കണ്ണനുണ്ണിയും രാജനും പറഞ്ഞു. കേരളത്തിലെ ആദ്യത്തെ ആക്കാപെല്ല രൂപത്തിലെ ഭക്തിഗാനം ഒരുക്കിയ കണ്ണനുണ്ണി ബാലസാഹിത്യകാരൻ കൂടിയാണ്. വിഡിയോ എഡിറ്റർ കൂടിയാണ് രാജൻ സോമസുന്ദരം.