ജോസഫിന് ശേഷം പദ്മകുമാറിന്‍റെ പൊലീസ് സ്റ്റോറി; ഉയിർ ടീസർ | Video
ധർമടം പിഎസ് ആൻസറിങ്...
ഗുഡ് മോർണിങ് സർ... ഓവർ....
സ്റ്റേഷനിൽ പതിനേഴ് കേസുകൾ റിപ്പോർട്ട് ആയിട്ടുണ്ട്...
ജില്ലയിലെ വിമൻ കേസുകൾ പരിശോധിച്ചിട്ട് ഇതുമായിട്ടൊന്നും മാച്ച് ആയിട്ടില്ല....
കേസ് ഫയൽ ക്ലോസ് ചെയ്യാറായപ്പോൾ സാറിന് എന്തൊക്കെയോ മാറ്റങ്ങൾ....
യഥാർഥ സംഭവങ്ങളെ ആസ്പദമാക്കി എം. പത്മകുമാർ സംവിധാനം ചെയ്യുന്ന 'ഉയിർ' എന്ന സിനിമയുടെ ടീസർ പുറത്തിറങ്ങി. 'വർഗ്ഗം', 'വാസ്തവം', 'ശിക്കാർ', 'ജോസഫ്' തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങൾക്കു ശേഷം എം. പത്മകുമാർ ഒരുക്കുന്ന ഉയിർ മികച്ചൊരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണെന്ന സൂചനയാണ് ടീസർ നൽകുന്നത്. വൗ സിനിമാസിന്‍റെ ബാനറിൽ സന്തോഷ് ത്രിവിക്രമൻ നിർമിക്കുന്ന ചിത്രത്തിൽ റോഷൻ മാത്യു പ്രധാന വേഷത്തിൽ എത്തുന്നു.
കണ്ണൂർ ജില്ലയിലെ ഒരു പോലീസ് സ്റ്റേഷന്‍റെ പശ്ചാത്തലത്തിൽ ആരംഭിക്കുന്ന ടീസറിൽ ദുരൂഹമായ ഒരു മരണവും തുടർന്നുള്ള അന്വേഷണവുമാണ് ദൃശ്യവത്കരിച്ചിരിക്കുന്നത്. കിണറ്റിൽ കണ്ടെത്തിയ മൃതദേഹത്തെക്കുറിച്ചുള്ള അന്വേഷണവും അത് ജില്ലയിലെ സ്ത്രീകളുടെ തിരോധാന കേസുകളുമായുള്ള ബന്ധവുമെല്ലാം ടീസറിൽ ചർച്ചയാവുന്നുണ്ട്.
ടെലിവിഷനിലൂടെ മലയാളികൾക്ക് ഏറെ പ്രിയങ്കരനായ ഗായകനും നടനുമായ നിഖിൽ കെ. മേനോനും, അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ട ഇല വീഴാ പൂഞ്ചിറ എന്ന ചിത്രത്തിന്‍റെ സഹ എഴുത്തുകാരനും യഥാർഥ പോലീസ് ഉദ്യോഗസ്ഥനുമായ ഷാജി മാറാടും ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.
റോഷൻ മാത്യുവിനൊപ്പം നടൻ ബൈജു സന്തോഷ് ചിത്രത്തിൽ മുഴുനീള പോലീസ് കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വിനീത് തട്ടിൽ, ദിവ്യ എം. നായർ, സന്തോഷ് ത്രിവിക്രമൻ, ഷാജു ശ്രീധർ, ശ്രീകാന്ത് മുരളി, വിനോദ് സാഗർ, അതുല്യ ചന്ദ്ര, ശ്രുതി മേനോൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ബോളിവുഡിലെ പ്രമുഖ അഭിനേതാക്കളായ സയാമി ഖേർ, മഹേഷ് ഷെട്ടി എന്നിവരും ചിത്രത്തിൽ നിർണായക അതിഥി വേഷങ്ങളിൽ പ്രത്യക്ഷപ്പെടുന്നു. കൂർഗ്, തലശ്ശേരി, പാലക്കാട്, കൊച്ചി, മുംബൈ എന്നീ ലൊക്കേഷനുകളിലാണ് ചിത്രീകരണം പൂർത്തിയാക്കിയത്.
പൊറിഞ്ചു മറിയം ജോസ്, ഗരുഡൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ക്യാമറ ചലിപ്പിച്ച് ശ്രദ്ധേയനായ അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് 'ഉയിരി'ന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. മണികണ്ഠൻ അയ്യപ്പ സംഗീതവും പശ്ചാത്തല സംഗീതവും കൈകാര്യം ചെയ്യുമ്പോൾ, മുതിർന്ന ചിത്രസംയോജകൻ രഞ്ജൻ എബ്രഹാം എഡിറ്റിങ് നിർവഹിക്കുന്നു. വരികൾ ഒരുക്കിയിരിക്കുന്നത് ഷിബു ചക്രവർത്തി, സന്തോഷ് വർമ എന്നിവരാണ്.
