"എന്‍റെ വനവാസം എന്ന് തീരും? ഇപ്പോഴും ആളുകൾ എന്നെ ചീത്തപറയുന്നു": പവൻ കല്യാണിന്‍റെ മുൻ ഭാര്യ ചോദിക്കുന്നു

രാമന് 14 വർഷമായിരുന്നു വനവാസമെന്നും എന്നാൽ തന്‍റെ വനവാസം എന്ന് തീരുമെന്ന് അറിയില്ലെന്നും രേണു
pawan kalyan's ex wife renu desai about her life after divorce

പവൻ കല്യാണും രേണു ദേശായിയും

Updated on: 

തെലുങ്കിലെ സൂപ്പർതാരവും ആന്ധ്രപ്രദേശിലെ ഉപമുഖ്യമന്ത്രിയുമാണ് പവൻ കല്യാൺ. ഇപ്പോൾ പവൻ കല്യാണിന്‍റെ മുൻ ഭാര്യയും നടിയുമായ രേണു ദേശായിയുടെ വാക്കുകളാണ് ചർച്ചയാവുന്നത്. വിവാഹമോചനം നേടി 14 വർഷം കഴിഞ്ഞിട്ടും പവൻ കല്യാണിന്‍റെ പേരു പറഞ്ഞ് താൻ സോഷ്യൽ മീഡിയയിലൂടെ ചീത്ത കേട്ടുകൊണ്ടിരിക്കുകയാണ് എന്നാണ് രേണു പറയയുന്നത്. രാമന് 14 വർഷമായിരുന്നു വനവാസമെന്നും എന്നാൽ തന്‍റെ വനവാസം എന്ന് തീരുമെന്ന് അറിയില്ലെന്നും രേണു പറഞ്ഞു.

തെലുങ്ക് നാട്ടിലുള്ളവർക്ക് ബദ്രിയിൽ ഞാൻ‌ അഭിനയിക്കാനെത്തിയ 1999 ജൂണിലാണ് ഞാൻ ജനിച്ചത്. അതിനു മുൻപ് എനിക്ക് ഒരു ജീവിതമില്ല എന്നാണ് അവർ കരുതുന്നത്. ഇപ്പോൾ വിവാഹമോചനം നേടിയിട്ട് 14 വർഷമായി. രാമന് പോലും 14 വർഷം മാത്രമായിരുന്നു വനവാസം. എന്നാൽ എന്‍റെ വനവാസം എന്ന് തീരുമെന്ന് അറിയില്ല.- രേണു ദേശായി പറഞ്ഞു.

ഞങ്ങൾ 2012ലാണ് വിവാഹമോചിതരാകുന്നത്. അതിന് ശേഷം ഞാൻ ഒരു മറാത്തി സിനിമ നിർമിച്ചു. അത് സൂപ്പർഹിറ്റായിരുന്നു. അതിനു ശേഷം ഞാൻ ഒരു സിനിമ എഴുതി, സംവിധാനം ചെയ്ത് നിർമിച്ചു. ഞാൻ ഡാൻസ് ഷോ നടത്തി. കവിത എഴുതി. ഞാൻ സിനിമ ചെയ്യുന്നു. ഞാൻ ആരുമല്ലെങ്കിൽ ആളുകൾ എന്തിനാണ് എന്നെ വിളിക്കുന്നത്? സോഷ്യൽ മീഡിയയിൽ ആളുകൾ എന്നെ ചീത്ത വിളിക്കുകയാണ്. എന്‍റെ ജീവിതം വെയ്സ്റ്റാണെന്നും അദ്ദേഹം കൂടെയില്ലാത്തതിനാൽ തനിക്ക് ജീവിതമേ ഇല്ല എന്നൊക്കെയാണ് കമന്‍റുകൾ.- രേണു ദേശായി പറഞ്ഞു.

പവൻ കല്യാൺ നായകനായെത്തിയ ബദ്രിയിലൂടെയാണ് രേണു തെലുങ്ക് സിനിമയിലേക്ക് എത്തിയത്. തുടർന്ന് ഇരുവരും പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയുമായിരുന്നു. ഇവർക്ക് രണ്ട് മക്കളുണ്ട്. രേണുവിനൊപ്പമുള്ള വിവാഹമോചനത്തിനു ശേഷം 2013ൽ നടി അന്ന ലെസ്നേവയെ പവൻ കല്യാൺ വിവാഹം കഴിച്ചു. ഇവർക്ക് ഒരു മകനുണ്ട്.