

വൈറൽ വിഡിയോയിൽ നിന്നുള്ള ദൃശ്യങ്ങൾ, ഉണ്ണി മുകുന്ദൻ
കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വലിയരീതിയിൽ വൈറലായ വിഡിയോ ആണ് പെരുമ്പാവൂരിൽ നിന്നുള്ളത്. പരസ്യമായി ലഹരി കുത്തിവയ്ക്കുന്ന യുവാക്കളെയാണ് വിഡിയോയിൽ കാണുന്നത്. പെരുമ്പാവൂരിലെ ഞായറാഴ്ചകൾ എന്ന് പറഞ്ഞ് പെരുമ്പൂവൂർ സ്റ്റോറീസ് എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വിഡിയോ പ്രത്യക്ഷപ്പെട്ടത്. ഈ വിഡിയോ പൊലീസിന്‍റെ ശ്രദ്ധയിൽപ്പെടുത്തിയിരിക്കുകയാണ് നടൻ ഉണ്ണി മുകുന്ദൻ.
വിഡിയോ ഉണ്ണി മുകുന്ദൻ ഇൻസ്റ്റഗ്രാം മെസേജിലൂടെ പൊലീസിന് അയക്കുകയായിരുന്നു. പിന്നാലെ നോട്ടഡ് എന്ന് പൊലീസ് മറുപടി നൽകി. വൈകാതെ വിഡിയോയിൽ പ്രത്യക്ഷപ്പെടുന്ന യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളുടെ ചിത്രവും പൊലീസ് താരത്തിന് അയച്ചുകൊടുത്തു. ഇൻസ്റ്റഗ്രാമിലൂടെ താരം തന്നെയാണ് വിവരം ആരാധകരെ അറിയിച്ചത്. കേരള പൊലീസിന് നന്ദി എന്ന് കുറിച്ചുകൊണ്ട് താരം പോസ്റ്റ് പങ്കുവച്ചു.
ഞെട്ടിക്കുന്ന വിഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. പൊതു സ്ഥലത്തുവച്ച് സിറിഞ്ച് വഴി മയക്കുമരുന്ന് കുത്തിവയ്ക്കുന്ന യുവാക്കളെയാണ് വിഡിയോയിൽ കാണുന്നത്. സിറിഞ്ച് കൈയിൽ വച്ചുകൊണ്ട് ഇയാൾ നടന്നുപോകുന്നതും വിഡിയോയിലുണ്ട്. മാത്രമല്ല കൂട്ടംകൂടി നിന്ന് മയക്കുമരുന്ന് ഉപയോഗിക്കുന്നത്. ഉപയോഗിച്ച സിറിഞ്ച് പോക്കറ്റിൽ സൂക്ഷിക്കുന്നതുമെല്ലാം വിഡിയോയിൽ കാണാം.