

ലക്ഷ്മിപ്രിയ, അൻസിബ ഹസൻ, ശ്വേത മേനോൻ
കൊച്ചി: പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ നടിമാരായ ശ്വേത മേനോൻ, ലക്ഷ്മി പ്രിയ എന്നിവർക്കെതിരേ കേസെടുക്കാൻ സാധിക്കില്ലെന്ന് പൊലീസ്. ഇക്കാര‍്യം അറിയിച്ച് അൻസിബയ്ക്ക് പൊലീസ് മറുപടി നൽകി.
ലക്ഷ്മിപ്രിയയുടെ യൂട‍്യൂബിലെ അഭിമുഖം അടക്കമുള്ള ഡിജിറ്റൽ തെളിവുകൾ പൊലീസ് പരിശോധിച്ചതായും എന്നാൽ കേസെടുക്കാൻ പറ്റുന്ന തരത്തിലുള്ള കുറ്റങ്ങളൊന്നും അതിൽ നിന്നും കണ്ടെത്താൻ സാധിച്ചില്ലെന്നാണ് പൊലീസ് പറയുന്നത്.
അൻസിബയ്ക്ക് തുടർനടപടികൾക്കായി കോടതിയെ സമീപിക്കാമെന്നും പൊലീസ് മറുപടിയിൽ വ‍്യക്തമാക്കി. യൂട‍്യൂബ് ചാനലിലൂടെയും സോഷ‍്യൽ മീഡിയയിലൂടെയും അപകീർത്തിപരവും അശ്ലീല പ്രചരണങ്ങൾ നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് അൻസിബ പൊലീസിനെ സമീപിച്ചിരുന്നത്.
തന്നെ വ‍്യക്തിഹത‍്യ ചെയ്യാൻ ശ്വേതാ മേനോനും ഗൂഢാലോചന നടത്തിയെന്നും അൻസിബ നൽകിയ പരാതിയിൽ പറയുന്നു. ജൂലൈ 9ന് കേസ് കോടതി പരിഗണിക്കാനിരിക്കെയാണ് പൊലീസിന്‍റെ മറുപടി.