
രശ്മിക മന്ദാന
ബംഗളൂരു: നടി രശ്മിക മന്ദാന കർണാടകയെ അവഹേളിച്ചുവെന്ന ആരോപണവും അതിനു പിന്നാലെ കോൺഗ്രസ് എംഎൽഎ നടത്തിയ പ്രസ്താവനയും വിവാദമാകുന്നു. കർണാടക എവിടെയാണെന്ന് അറിയില്ലെന്നാണ് രശ്മിക മന്ദാന പറഞ്ഞതെന്നും നടിയെ ഒരു പാഠം പഠിപ്പിക്കേണ്ടതില്ലേയെന്നുമുള്ള കോൺഗ്രസ് എംഎൽഎ രവി കുമാർ ഗൗഡയുടെ പ്രസ്താവനയാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. കൊടവ സമുദായത്തിൽ നിന്നുള്ള നടിയുടെ സംരക്ഷണത്തിനായി ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് അപേക്ഷ സമർപ്പിച്ചിരിക്കുകയാണിപ്പോൾ കൊടവ ദേശീയ കൗൺസിൽ.
ബംഗളൂരുവിലെ ചലച്ചിത്ര മേളയിലേക്ക് താരത്തെ ക്ഷണിച്ചതാണ് വിവാദങ്ങൾക്ക് അടിസ്ഥാനം. രശ്മിക കന്നഡ ചിത്രമായ കൃതിക് പാർട്ടിയിലൂടെയാണ് 2016ൽ അഭിനയ രംഗത്തേക്കെത്തിയത് തന്നെ. എന്നിട്ടിപ്പോൾ ബംഗളൂരു ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കാനായി ക്ഷണിച്ചപ്പോൾ കർണാടക എവിടെയാണെന്ന് അറിയാത്ത പോലെയാണ് നടി സംസാരിച്ചത്. അവർക്ക് ഹൈദരാബാദിൽ വീടുണ്ടെന്നും ഇപ്പോൾ സമയമില്ലെന്നുമാണ് ഫിലിം ഫെസ്റ്റിവൽ സംഘാടകർ പല തവണ ബന്ധപ്പെട്ടപ്പോഴും അവർ നൽകിയ മറുപടി. കന്നഡ മണ്ണിൽ വളർന്നിട്ടാണ് അവർ കന്നഡിഗരെ അവഹേളിക്കുന്നത്. അവരെ ഒരു പാഠം പഠിപ്പിക്കേണ്ടതല്ലേ എന്നാണ് എംഎൽഎ പറഞ്ഞത്. ഇതിനു പിന്നാലെ കൊടവ ദേശീയ കൗൺസിൽ വിഷയത്തിൽ ഇടപെട്ടു.
എംഎൽഎ അനാവശ്യമായി നടിയെ അവഹേളിക്കുകയാണെന്നാണ് കൗൺസിലിന്‍റെ ആരോപണം. എംഎൽഎയ്ക്ക് കൊടവ സമുദായത്തോടുള്ള ഇഷ്ടക്കേടാണ് ഇത്തരമൊരു പ്രസ്താവനയ്ക്ക് കാരണമെന്നും കൊടവ സമുദായത്തിൽ നിന്നുള്ള താരമായതിനാലാണ് രശ്മികയെ ലക്ഷ്യം വയ്ക്കുന്നതെന്നും കൗൺസിൽ പ്രസിഡന്‍റ് എൻ യു നാച്ചപ്പ പറയുന്നു. കഴിവും കഠിനാധ്വാനവും മൂലമാണ് നടി സിനിമയിൽ മികച്ച നിലയിൽ എത്തിയത്. വ്യക്തിപരമായ തീരുമാനം എടുക്കാൻ അവർക്ക് അവകാശമുണ്ട്. വിഷയത്തിൽ സർക്കാർ ഇടപെടണമെന്നും രശ്മികയുടെ സുരക്ഷ ഉറപ്പാക്കണമെന്നും അവരുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടാണ് കൗൺസിൽ ആഭ്യന്തര മന്ത്രിക്ക് കത്തെഴുതിയിരിക്കുന്നത്.