എന്നെ ചായ ഡേറ്റിനു കൊണ്ടുപോകുന്ന ഏക സുഹൃത്ത്, ഞാൻ നിനക്കൊപ്പം എന്നുമുണ്ടാകും: കുറിപ്പുമായി പ്രാചി തെഹ്ലാൻ

prachi tehlan about friendship with unni mukundan

ഉണ്ണി മുകുന്ദനും പ്രാചി തെഹ്ലാനും

Updated on

നടൻ ഉണ്ണി മുകുന്ദനുമായുള്ള സൗഹൃദത്തെക്കുറിച്ച് വാചാലയായി നടി പ്രാചി തെഹ്ലാൻ. മാമാങ്കം സിനിമയുടെ തയാറെടുപ്പിനിടെയാണ് ഉണ്ണിയുമായി സൗഹൃദത്തിലാവുന്നത്. ഏഴു വർഷമായി ഉണ്ണി തന്‍റെ അടുത്ത സുഹൃത്താണ് എന്നാണ് പ്രാചി പറയുന്നത്. ഉണ്ണി മുകുന്ദൻ യഥാർഥത്തിൽ ആരാണെന്ന് പലർക്കും അറിയില്ല. കുട്ടികളെപ്പോലെ നിഷ്കളങ്കനാണ് തനിക്ക് അറിയാവുന്ന ഉണ്ണി മുകുന്ദനെന്നും പ്രാചി കുറിച്ചു. ഉണ്ണി മുകുന്ദനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് പോസ്റ്റ്.

പ്രാചി തെഹ്ലാന്‍റെ കുറിപ്പ് വായിക്കാം

'2018-ൽ മാമാങ്കത്തിനായി തയാറെടുക്കുന്ന സമയത്താണ് ഉണ്ണി മുകുന്ദനെ ആദ്യമായി കാണുന്നത്. ചാണക്യതന്ത്രം സിനിമയുടെ പോസ്റ്ററിൽ സ്ത്രീവേഷത്തിൽ. വളരെ പുതുമയുള്ളതായി തോന്നിയ ആ പോസ്റ്റർ എന്റെ മനസിൽ പതിഞ്ഞു. ഇത്രയും മനോഹരമായി അത് ചെയ്തതാരാണെന്ന് അന്ന് ഞാൻ ചിന്തിച്ചു. തൊട്ടടുത്ത വർഷം 2019-ൽ ഞങ്ങൾ മാമാങ്കത്തിൽ ഒന്നിച്ച് അഭിനയിക്കുമെന്ന് അന്നെനിക്ക് അറിയില്ലായിരുന്നു. ഷൂട്ടിങ് സെറ്റിൽ എന്നോട് വളരെ ഒഴുക്കോടെ ഹിന്ദി സംസാരിക്കാൻ കഴിയുന്ന ഒരാളെ കിട്ടിയതോടെയാണ് ഞങ്ങളുടെ സൗഹൃദം ആരംഭിക്കുന്നത്. അന്ന് സെറ്റിൽ വച്ച് കണ്ട അതേ ഉണ്ണി തന്നെയാണ് ഇപ്പോഴും ഉള്ളത്.

ഉണ്ണി യഥാർഥത്തിൽ ആരാണെന്ന് എത്രപേർക്ക് അറിയാമെന്ന് എനിക്കറിയില്ല. കുട്ടിത്തം നിറഞ്ഞ നിഷ്‌കളങ്കത എപ്പോഴും കണ്ണുകളിൽ സൂക്ഷിക്കുന്ന സുഹൃത്തിനെയാണ് ഞാൻ എപ്പോഴും അവനിൽ കാണുന്നത്. ചിലർക്ക് അവൻ ശാഠ്യക്കാരനായിരിക്കാം. എന്നാൽ അതൊക്കെ തന്നെയാണ് അവനെ മറ്റുള്ളവരിൽ നിന്ന് വേറിട്ട് നിർത്തുന്നത്. ഒരു നടൻ എന്നതിലുപരി മികച്ചൊരു മനുഷ്യനാണ് അവൻ. യാതൊരു സിനിമാ പാരമ്പര്യവുമില്ലാതെ സ്വപ്രയത്നത്താലാണ് അവൻ മുൻനിര നടനായത്. അത് അത്ര എളുപ്പമുള്ള കാര്യമല്ല.

ഏറ്റവും ചെറിയ കാര്യങ്ങൾക്കും തമാശകൾക്കും പൊട്ടിച്ചിരിക്കാനും പരസ്പരം കളിയാക്കാനും ഒട്ടും വിരസതയില്ലാതെ മണിക്കൂറുകളോളം സംസാരിക്കാനും ഞങ്ങൾക്ക് സാധിക്കാറുണ്ട്. അതിനെയാണ് അനായാസമായ സൗഹൃ​ദം എന്ന് പറയുന്നത്. അതു മാത്രമല്ല എനിക്ക് ഏറെ ഇഷ്ടമുള്ള 'ടീ ഡേറ്റുകൾക്ക്' കൊണ്ടുപോകുന്ന ഏക സുഹൃത്താണ് ഉണ്ണി. പരസ്പരം കളിയാക്കലുകളും തമാശകളും പിണക്കങ്ങളുമായുള്ള നമ്മുടെ ഏഴ് വർഷത്തെ സൗഹൃദത്തിന് ചിയേഴ്സ്. ഉണ്ണി മുകുന്ദൻ ഫിലിംസിന് ആശംസകൾ. കൂടുതൽ മികച്ച രീതിയിൽ മുന്നോട്ടുപോകാനാവട്ടെ. ഓരോ ദിവസവും വെല്ലുവിളി നിറഞ്ഞതാണെന്ന് എനിക്കറിയാം. എന്നും ഞാൻ നിനക്കൊപ്പമുണ്ടാകും. ചിരിച്ചുകൊണ്ട് മുന്നോട്ടു പോകൂ. ജനങ്ങളെ എന്നും വിനോദിപ്പിക്കാൻ 'സൂപ്പർമാന്' കഴിയട്ടെ.

logo
Metro Vaartha
www.metrovaartha.com