

വിജയ്, പ്രകാശ് രാജ്
തമിഴകം വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ്ക്കെതിരേ രൂക്ഷ വിമർശനവുമായി പ്രകാശ് രാജ്. സിനിമയും രാഷ്ട്രീയവും രണ്ടും രണ്ടാണ്. വിജയ് എന്ന നടനു വേണ്ടി വിസിൽ അടിക്കാം പക്ഷേ നാട് വിട്ടുകൊടുക്കാനാവില്ല എന്നാണ് പ്രകാശ് രാജ് പറഞ്ഞത്. ഇതുവരെ രാഷ്ട്രീയം സംസാരിക്കാതെ രാഷ്ട്രീയത്തിൽ വന്ന ഉടനെ മുഖ്യമന്ത്രിയാവുകയാണോ ചെയ്യുന്നതെന്നും പ്രകാശ് രാജ് ചോദിച്ചു.
സിനിമയിൽ ഡോക്‌ടറോ എൻജിനീയറോ മുഖ്യമന്ത്രിയോ ആകാം. രാഷ്ട്രീയത്തിൽ വന്നാൽ ഉടൻ മുഖ്യമന്ത്രിയാകുകയാണോ? ആരാണ് രാഷ്ട്രീയം പറയുന്നത്. ഞാൻ പറയുന്ന അളവിൽ നിങ്ങൾ രാഷ്ട്രീയം സംസാരിക്കുന്നുണ്ടോ? ഇത്രയും വർഷത്തിനിടയ്ക്ക് തമിഴ്നാട്ടിലെ മക്കൾക്കോ, ഭാഷയ്ക്കോ നാടിനോ ഒരു പ്രശ്നം വന്നപ്പോൾ തുണയായി നിന്നിട്ടുണ്ടോ? - പ്രകാശ് രാജ് ചോദിച്ചു.
ആളുകൾ വിജയ്‌യെ സ്നേഹിക്കുന്നത് സിനിമയിലൂടെയാണെന്നും അല്ലാതെ രാഷ്ട്രീയത്തിലൂടെയല്ല എന്നാണ് നടൻ പറയുന്നത്. 'വെയിലത്ത് ക്യൂ നിന്ന്, കട്ടൗട്ടുകൾ വച്ച്, ടിക്കറ്റെടുത്ത്, നാടിനെയും കൂലിയെയുമൊക്കെ വിട്ട് ഇവർ കാണിക്കുന്ന സ്നേഹത്തെ രാഷ്ട്രീയത്തിനായി ഉപയോഗിക്കുകയാണോ? ഒരു നടനെ അവർക്കിഷ്ടപ്പെട്ടാൽ മൂന്ന് വിരൽ വച്ച് വിസിലടിക്കും, പക്ഷേ നാടിനെ നൽകാൻ സമ്മതിക്കില്ല. നാടിനെ വിട്ടു കൊടുക്കാൻ പറ്റില്ല.'
'രാഷ്ട്രീയം വേറെ സിനിമ വേറെ, ആ സ്നേഹം വേറെ സിനിമ വേറെ. ആ സ്നേഹം വേറെ ഈ സ്നേഹം വേറെ. അതിന് ഇറങ്ങണം, സംസാരിക്കണം. സീമാൻ പത്ത് വർഷമായി ജനങ്ങളോട് സംസാരിക്കുന്നുണ്ട്. വലിയ നടന്മാർക്കൊന്നും അങ്ങനെ പെട്ടന്ന് ശോഭിക്കാനാകില്ല. ദ്രവീഡിയന്‍ മോഡൽ വേണോ, അടിമ മോഡൽ വേണോ , സിനിമ മോഡൽ വേണോ. രാഷ്ട്രീയം ജനങ്ങള്‍ ചെയ്യേണ്ട കാര്യമാണ്. ജയിച്ചവർ ജനങ്ങൾക്കു വേണ്ടി പ്രവൃത്തിക്കണം.'- പ്രകാശ് രാജ് പറഞ്ഞു.