
നസ്ലെൻ പിന്മാറിയോ? പ്രേമലു 2 വൈകാൻ കാരണമെന്ത്‍?
സൂപ്പർഹിറ്റ് ചിത്രമായിരുന്ന പ്രേമലുവിന്‍റെ രണ്ടാം ഭാഗത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ. പക്ഷേ പ്രേമലു 2 രണ്ടാം ഭാഗം വൈകുമെന്നാണ് അണിയറപ്രവർത്തകർ വ്യക്തമാക്കിയിരിക്കുന്നത്. ചിത്രത്തിന്‍റെ സഹ നിർമാതാക്കളിലൊരാളായ ദിലീഷ് പോത്തനാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. പ്രേമലുവിന്‍റെ സംവിധായകൻ ഗിരീഷ് എ.ഡി മറ്റൊരു ചിത്രത്തിന്‍റെ പണിപ്പുരയിലാണെന്നും ദിലീഷ് വ്യക്തമാക്കിയിട്ടുണ്ട്.
അതേ സമയം ചിത്രത്തിൽ നിന്ന് നായകനായ നസ്ലെൻ ഗഫൂർ പിന്മാറിയതാണ് ചിത്രത്തെ പ്രതിസന്ധിയിലാക്കിയതെന്നും അഭ്യൂഹങ്ങൾ പടരുന്നുണ്ട്. പ്രേമലും 2 ന്‍റെ കഥ കേട്ട ശേഷം നസ്ലെൻ അതൃപ്തി പ്രകടിപ്പിച്ചുവെന്നും തിരക്കഥ മാറ്റി എഴുതാനും ചില കഥാപാത്രങ്ങളെ ഒഴിവാക്കാനും ആവശ്യപ്പെട്ടുവെന്നും ഇതൊന്നും സംവിധായകൻ അംഗീകരിക്കാഞ്ഞതിനെത്തുടർന്ന് നസ്ലെൻ ചിത്രത്തിൽ നിന്ന് പിന്മാറിയെന്നുമാണ് സ്ഥിരീകരിക്കാത്ത വാർത്തകൾ. നസ്ലെൻ ചിത്രത്തിൽ നിന്ന് പിന്മാറിയതോടെ സിനിമ അപ്പാടെ ഉപേക്ഷിച്ചുവെന്നും അഭ്യൂഹമുണ്ട്. എന്നാൽ പ്രേമലു 2 ന്‍റെ അണിയറപ്രവർത്തകർ ഈ അഭ്യൂഹങ്ങളെയെല്ലാം തള്ളിക്കളഞ്ഞിട്ടുണ്ട്.
നസ്ലിനെതിരേ ശക്തമായ ഹേറ്റ് ക്യാംപയിൻ നടക്കുന്നതായി സിനിമാ നിരീക്ഷകർ പറയുന്നു. ആസിഫ് അലി നായകനായ ടിക്കി ടാക്കയിൽ അഭിനയിക്കുന്നതിനായി നസ്ലെൻ ആസിഫിനേക്കാൾ കൂടുതൽ പ്രതിഫലം ആവശ്യപ്പെട്ടുവെന്നതാണ് മറ്റൊരു പ്രചരണം. മൾട്ടി സ്റ്റാർ ചിത്രങ്ങളോട് തനിക്ക് താത്പര്യമില്ലെന്ന് നസ്ലെൻ വെളിപ്പെടുത്തിയതായും പ്രചരിക്കുന്നുണ്ട്.
ആലപ്പുഴ ജിംഘാനയാണ് നസ്ലിന്‍റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. സിനിമ സൂപ്പർഹിറ്റായിരുന്നു. നസ്ലിനൊപ്പം മമിത, സംഗീത് എന്നിവർ തകർത്തഭിനയിച്ച പ്രേമലു മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യയിൽ അപ്പാടെ സൂപ്പർഹിറ്റായിരുന്നു. ചിത്രം ഹിറ്റായതിനു പിന്നാലെ നസ്ലിന്‍റെയും മമിതയുടെയും സ്റ്റാർ വാല്യുവും കുതിച്ചുയർന്നു. അജിത് നായകനായ ഗുഡ് ബാഡ് അഗ്ലി എന്ന ചിത്രത്തിലേക്ക് ലഭിച്ച അവസരം നസ്ലെൻ ഉപേക്ഷിച്ചതും വാർത്തകളിൽ ഇടം പിടിച്ചിരുന്നു. അതിനു പിന്നാലെയാണ് പ്രേമലു 2 പ്രതിസന്ധിയിലായിരിക്കുന്നത്.