"പേട്രിയറ്റിന്‍റെ തിരക്കഥ ഞാൻ വായിച്ചിരുന്നു, ചിത്രം പൂർണമായി തൃപ്തിപ്പെടുത്തിയില്ല"; തുറന്നുപറഞ്ഞ് പൃഥ്വിരാജ്

ചിത്രത്തിലെ അമിതമായ താരപ്പകിട്ട് സിനിമയ്ക്ക് ഭാരമായെന്നും താരം
Prithviraj says Patriot film didn’t fully satisfy him

പൃഥ്വിരാജ്,പേട്രിയറ്റ് പോസ്റ്റർ

Updated on

മലയാളത്തിലെ സൂപ്പർതാരങ്ങൾ വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്നു എന്ന പ്രത്യേകതയോടെ തിയറ്ററിൽ എത്തിയ ചിത്രമാണ് പേട്രിയറ്റ്. മമ്മൂട്ടിയും മോഹൻലാലും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രത്തേക്കുറിച്ച് പ്രതീക്ഷകൾ ഏറെയായിരുന്നെങ്കിലും തിയറ്ററിൽ വലിയ മുന്നേറ്റം നടത്താൻ ചിത്രത്തിനായില്ല. ഇപ്പോൾ ചിത്രത്തേക്കുറിച്ച് പൃഥ്വിരാജ് നടത്തിയ നിരീക്ഷണമാണ് ശ്രദ്ധനേടുന്നത്.

ദേശീയപ്രാധാന്യമുള്ള ഒരു വിഷയത്തെക്കുറിച്ച് സംസാരിച്ചതുകൊണ്ട് തന്നെ 'പേട്രിയറ്റ്' തനിക്ക് വ്യക്തിപരമായി വളരെ ഇഷ്ടപ്പെട്ടു എന്നാണ് പൃഥ്വിരാജ് പറയുന്നത്. എന്നാൽ ചിത്രത്തിൽ‌ തന്നെ പൂർണമായി തൃപ്തിപ്പെടുത്താത്ത കാര്യങ്ങളുണ്ടായിരുന്നു. ചിത്രത്തിലെ അമിതമായ താരപ്പകിട്ട് സിനിമയ്ക്ക് ഭാരമായെന്നും താരം പറയുന്നു. ഗലാട്ട പ്ലസിന് നൽകിയ അിമുഖത്തിലാണ് പേട്രിയറ്റിനേക്കുറിച്ചുള്ള അഭിപ്രായം പൃഥ്വിരാജ് പങ്കുവച്ചത്.

'പേട്രിയറ്റ്' സിനിമയാകുന്നതിന് എത്രയോ മുൻപ് തന്നെ അതിന്റെ തിരക്കഥ വായിക്കാൻ തനിക്ക് അവസരം ലഭിച്ചിരുന്നു. സംവിധായകൻ മഹേഷ് നാരായണൻ തന്നോട് ഈ കഥ വന്ന് പറയുകയായിരുന്നു. ആ ആദ്യത്തെ നരേഷനിൽ തന്നെ ഞാൻ പൂർണമായും താൻ ചിത്രത്തിലേക്ക് ആകർഷിക്കപ്പെട്ടു. അതൊരു ഗംഭീരമായ എഴുത്താണെന്ന് എനിക്ക് തോന്നി. എന്നാൽ ഇതൊരു പൂർണതയുള്ള സിനിമയാണെന്ന് ഞാൻ പറയുന്നില്ല. ഒരു സിനിമയും അങ്ങനെ പൂർണമല്ല. 'പേട്രിയറ്റ്' കണ്ടപ്പോൾ, തിരക്കഥയിൽ നിന്നും സിനിമയിലേക്ക് എത്തിയപ്പോൾ ചില കാര്യങ്ങൾ ഇതിലും നന്നായി ചെയ്യാമായിരുന്നു അല്ലെങ്കിൽ കുറച്ചുകൂടി വ്യത്യസ്തമായി ചെയ്യാമായിരുന്നു എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഇപ്പോൾ തിരിഞ്ഞുനോക്കുമ്പോൾ, ഇത്രയധികം താരപ്പകിട്ടിന്റെ ഭാരമില്ലാതെയായിരുന്നെങ്കിൽ ഈ സിനിമ ഒരുപക്ഷേ ഇതിലും മികച്ചതായേനെ എന്ന് തോന്നുന്നു. - പൃഥ്വിരാജ് പറയുന്നു.

സിനിമയിൽ പോരായ്മകളുണ്ടെങ്കിലും മഹേഷ് നാരായണൻ ഗംഭീരമായി ചെയ്ത് വെച്ചിരിക്കുന്ന ചില രംഗങ്ങളും നിമിഷങ്ങളുമുണ്ട് എന്നാണ് പൃഥ്വിരാജ് പറയുന്നത്. സിനിമയിലെ ചില പ്രത്യേക രംഗങ്ങളും അതിലെ ഡ്രാമയും വളരെ ക്ലാസ്സോടെയാണ് മഹേഷ് കൈകാര്യം ചെയ്തിരിക്കുന്നത്. 'പേട്രിയറ്റ്' എന്ന ചിത്രത്തെ രാജ്യാന്തര നിലവാരമുള്ള ഒരു സിനിമയായി ഉയർത്തുന്ന നിരവധി നിമിഷങ്ങൾ അതിലുണ്ടെന്ന് എനിക്ക് തോന്നി. അതുകൊണ്ട് തന്നെ സിനിമ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. സിനിമയിൽ എനിക്ക് പൂർണമായി തൃപ്തി തരാത്ത ചില കാര്യങ്ങളുമുണ്ട്, എങ്കിലും കണ്ടപ്പോൾ ഞാൻ ശരിക്കും ആസ്വദിച്ച ഒരു ചിത്രമാണിത്.- താരം കൂട്ടിച്ചേർത്തു.

logo
Metro Vaartha
www.metrovaartha.com