

പ്രിയദർശന്‍റെ നൂറാം ചിത്രം, നായകനായി മോഹൻലാൽ
മലയാളത്തിന്‍റെ പ്രിയ സംവിധായകൻ പ്രിയദർശൻ തന്‍റെ നൂറാം സിനിമ പ്രഖ്യാപിച്ചു. മോഹൻലാലാണ് ചിത്രത്തിൽ നായകനാവുന്നത്. തന്‍റെ ആദ്യ സിനിമയിലെ നായകൻ തന്നെ നൂറാം സിനിമയിലും നായകനാകുന്നതിന്‍റെ സന്തോഷം പ്രിയദർശൻ പങ്കുവെച്ചു. ആശിർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂർ ആണ് ചിത്രം നിർമിക്കുന്നത്. ബിനു ജോർജ് അലക്‌സാണ്ടർ സഹനിർമാതാവാണ്.
'നൂറാമത്തെ സിനിമ നമ്മൾ ഒരുമിച്ച് ചെയ്യുന്നു. എന്റെ നൂറാമത്തെ സിനിമയായതുകൊണ്ടുള്ള സുഖമല്ല, ആദ്യത്തെ സിനിമയിൽ അഭിനയിച്ച അതേ നായകൻ നൂറാമത്തെ സിനിമയിൽ അഭിനയിക്കുന്നു എന്നുള്ളത് ലോക സിനിമാ ചരിത്രത്തിൽ ആദ്യമായിരിക്കും. ഈ റെക്കോർഡ് ഒരുകാലത്തും തിരുത്തിയെഴുതപ്പെടാൻ പോകുന്നില്ല. അങ്ങനെയൊരു റെക്കോർഡോടുകൂടിയാണ് നൂറാമത്തെ സിനിമ ചെയ്യുന്നത്'- ചിത്രം പ്രഖ്യാപിച്ചുകൊണ്ടുള്ള വിഡിയോയിൽ പ്രിയദർശൻ പറഞ്ഞു.
മോഹൻലാലും പ്രിയദർശനും ആന്‍റണി പെരുമ്പാവൂരും ബിനു ജോർജ് അലക്‌സാണ്ടറും ഒന്നിച്ചുള്ള വിഡിയോയിലൂടെയാണ് പ്രഖ്യാപനം നടത്തിയത്. സിനിമ നല്ലതോ ചീത്തയോ എന്ന് ജനങ്ങൾ തീരുമാനിക്കുമെന്നും ഇതൊരു ഫീൽഗുഡ് എന്റർടെയ്‌നർ വിത്ത് മ്യൂസിക് ആൻഡ് ഡ്രാമ ആയിരിക്കും ആയിരിക്കുമെന്നും പ്രിയദർശൻ പറഞ്ഞു. ‘ആക്ഷൻ ഇല്ലേ’ എന്നാ മോഹൻലാലിന്‍റെ ചോദ്യത്തിന് ആക്ഷൻ ഇല്ലാതിരിക്കാൻ പറ്റില്ലല്ലോ എന്നായിരുന്നു പ്രിയദർശന്റെ മറുപടി. 2026-ൽ തന്നെ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുമെന്ന് ആന്റണി പെരുമ്പാവൂർ വ്യക്തമാക്കി.