

വിജയ്, രാഘവ ലോറൻസ്
തമിഴ്നാട് മുഖ്യമന്ത്രി വിജയ് ഒഴിഞ്ഞ മണ്ഡലമായ തിരുച്ചിറപ്പള്ളി ഈസ്റ്റിൽ നിന്ന് നടൻ രാഘവ ലോറൻസ് ജനവിധി തേടുമെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. പിന്നാലെ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണ് എന്ന് വ്യക്തമാക്കിക്കൊണ്ട് താരവും രംഗത്തെത്തി. ഇപ്പോൾ തിരുച്ചിറപ്പള്ളി ഈസ്റ്റിൽ നിന്ന് മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് രാഘവ ലോറൻസ്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോയിലാണ് താരം ഇത് വ്യക്തമാക്കിയത്.
ലൊക്കേഷനിൽ പോലും തന്നെ ട്രിച്ചി ഈസ്റ്റ് എംഎൽഎ എന്നു വിളിക്കുന്നത്. ഇതിൽ സന്തോഷമുണ്ട് എന്നാണ് താരം പറയുന്നത്. എന്നാൽ പാർട്ടിയിൽ പ്രവർത്തിക്കാതെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് രാഷ്ട്രീയ ധർമ്മം അല്ല എന്നാണ് ലോറൻസ് വിഡിയോയിൽ പറയുന്നത്. ടിവികെ പാർട്ടിയിൽ സാധാരണ അംഗമായി മൂന്നു നാലു വർഷം പ്രവർത്തിച്ചതിനു ശേഷം അധികാരസ്ഥാനത്തേക്ക് വരാനാണ് താൻ ആഗ്രഹിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘‘വിജയ് ഒരു സിനിമാ നടനായിരുന്ന കാലം മുതൽ അദ്ദേഹത്തിന് വേണ്ടി പോസ്റ്ററുകൾ ഒട്ടിച്ചും, പാർട്ടി രൂപീകരിച്ചപ്പോൾ താഴെത്തട്ടിൽ കഠിനാധ്വാനം ചെയ്തും കൂടെനിന്ന ഒരുപാട് സാധാരണ പ്രവർത്തകരുണ്ട്. ആ മരത്തിന്റെ ഫലം അനുഭവിക്കേണ്ടത് വിത്ത് പാകി അതിനെ വളർത്തിയെടുത്തവരാണ്. അല്ലാതെ പെട്ടെന്നൊരു ദിവസം മറ്റൊരാൾ വന്ന് അത് തട്ടിയെടുക്കുന്നത് ശരിയല്ല. ഞാൻ രാഷ്ട്രീയത്തിൽ പ്രവേശിക്കുകയാണെങ്കിൽ ഒരു സാധാരണ പാർട്ടി അംഗമായി ചേർന്ന് കുറഞ്ഞത് മൂന്ന് നാല് വർഷമെങ്കിലും ജനങ്ങൾക്കായി അധ്വാനിക്കണമെന്നാണ് എന്‍റെ നയം.’’ - ലോറൻസ് വിഡിയോയിൽ വ്യക്തമാക്കി.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പെരമ്പൂർ, ട്രിച്ചി ഈസ്റ്റ് എന്നീ മണ്ഡലങ്ങളിൽ നിന്നാണ് വിജയ് മത്സരിച്ചത്. രണ്ട് മണ്ഡലങ്ങളിൽ നിന്നും വൻ ഭൂരിപക്ഷത്തിൽ താരം ജയിച്ചു കയറി. ഇതോടെയാണ് തിരുച്ചിറപ്പിള്ളി മണ്ഡലത്തിലെ എംഎൽഎ സ്ഥാനം വിജയ് ഒഴിഞ്ഞത്. അതിനിടെ രാഘവ ലോറൻസിനെ പരിഹസിച്ചുകൊണ്ട് നിരവധി കമന്‍റുകളും വരുന്നുണ്ട്. എം.കെ. സ്റ്റാലിൻ മണ്ഡലത്തിൽ സ്ഥാനാർഥിയാകുമെന്ന് വാർത്തകൾ വന്നതോടെയാണ് രാഘവ ലോറൻസ് പിൻവാങ്ങിയതെന്നാണ് ഒരു വിഭാഗത്തിന്‍റെ വിലയിരുത്തൽ. പേടിച്ച് മുങ്ങാനാണ് ലോറൻസിന്‍റെ ശ്രമമെന്നും പറയുന്നവരുണ്ട്.