

രജനികാന്ത്
ഡ്രാഗൺ, ഓ മൈ കടവുളെ എന്നീ ചിത്രങ്ങളുടെ സംവിധായകൻ അശ്വന്ത് മാരിമുത്തുവിന്‍റെ പുതിയ ചിത്രം പ്രഖ‍്യാപിച്ചു. ഉലകനായകൻ കമൽ ഹസന്‍റെ നിർമാണ കമ്പനിയായ രാജ് കമൽ ഫിലിംസ് നിർമിക്കുന്ന ചിത്രത്തിൽ സൂപ്പർ സ്റ്റാർ രജനികാന്താണ് നായക വേഷത്തിലെത്തുന്നത്. ധർമൻ എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. ആദ‍്യം രവികുമാറായിരുന്നു ഈ ചിത്രം സംവിധാനം ചെയ്യാനിരുന്നത്.
പിന്നീട് അത് ശരിയാകാത്തതു മൂലം സുന്ദർ സിയിലേക്കെത്തി. എന്നാൽ അദ്ദേഹത്തിന് മറ്റ് പ്രൊജക്റ്റുകൾ മുടങ്ങിയത് കാരണം പിന്മാറി. ഇതോടെ സിബി ചക്രവർത്തിയെ അന്തിമമായി തീരുമാനിച്ചെങ്കിലും അത് നടക്കാത്തതിനാലാണ് അശ്വന്തിലേക്ക് എത്തിയത്. രജനികാന്തിന്‍റെ 173ാം ചിത്രമാണിത്. ഡോക്റ്റർ ധർമൻ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
രക്തത്തിൽ കുളിച്ച് ഓപ്പറേഷൻ തിയെറ്ററിന് മുന്നിൽ നിൽക്കുന്ന രജനികാന്തിനെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ നിന്നും കാണാനാകുന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൂലിയാണ് താരത്തിന്‍റെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. നെൽസൺ ദിലീപ് കുമാറിന്‍റെ ജയിലർ 2, കമൽഹാസനും രജനികാന്തും ഒരുമിച്ചുള്ള ചിത്രം എന്നിവയും അണിയറയിൽ ഒരുങ്ങുന്നു.