'ദാദ'യായി രാജ്കുമാര്‍ റാവു; 'ദാദ ദി സൗരവ് ഗാംഗുലി സ്റ്റോറി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

2027 മെയ് 14ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും
Rajkummar Rao in the first-look poster of 'Dada: The Sourav Ganguly Story'

'ദാദ ദി സൗരവ് ഗാംഗുലി സ്റ്റോറി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ രാജ്കുമാര്‍ റാവു

editorial
Updated on

ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ചരിത്രത്തില്‍ വികാരവും വീരവും ഒരുമിച്ച് ചേര്‍ന്ന ഏറ്റവും ഐതിഹാസികമായ കാഴ്ചകളിലൊന്നാണ് ലോര്‍ഡ്‌സ് ബാല്‍ക്കണിയില്‍ ജേഴ്‌സി അഴിച്ച് ആഘോഷിക്കുന്ന സൗരവ് ഗാംഗുലി. ആ നിമിഷം ഇപ്പോൾ വെള്ളിത്തിരയില്‍ പിറക്കാനൊരുങ്ങുകയാണ്. മുന്‍ ഇന്ത്യന്‍ നായകന്‍റെ ജീവിതം പറയുന്ന 'ദാദ ദി സൗരവ് ഗാംഗുലി സ്റ്റോറി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയില്‍ ആരാധകർ ഏറ്റെടുത്തു.

ഗാംഗുലിയുടെ വേഷത്തില്‍ എത്തുന്നത് ദേശീയ പുരസ്‌കാര ജേതാവായ ബോളിവുഡ് താരം രാജ്കുമാര്‍ റാവുവാണ്. ഗാംഗുലിയുടെ ജന്മദിനമായ ജൂലൈ എട്ടിന് പുറത്തിറക്കിയ പോസ്റ്ററില്‍ 2002ലെ ഇംഗ്ലണ്ടുമായുള്ള നാറ്റ് വെസ്റ്റ് ട്രോഫി വിജയത്തിനു ശേഷം ലോര്‍ഡ്‌സ് ബാല്‍ക്കണിയില്‍ ജേഴ്‌സി അഴിച്ച് വീശിയ ആ ചരിത്ര നിമിഷം അതേ തീവ്രതയോടെ രാജ്കുമാര്‍ റാവു പുനരാവിഷ്‌കരിക്കുന്നു. പോസ്റ്റര്‍ പുറത്തുവന്ന നിമിഷം മുതല്‍ ക്രിക്കറ്റ് ആരാധകരും സിനിമാപ്രേമികളും ഒരുപോലെ അത് ഏറ്റെടുത്തിരിക്കുകയാണ്.

ഗാംഗുലിയുടെ ആത്മവിശ്വാസവും ശരീരഭാഷയും മുഖഭാവവും വരെ അതിശയകരമായി പകര്‍ത്തിയെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. രാജ്കുമാര്‍ റാവുവിന്‍റെ കരിയറിലെ മറ്റൊരു ശക്തമായ ബയോപിക് പ്രകടനമാകും ഇതെന്നാണ് സിനിമാലോകത്തിന്‍റെ വിലയിരുത്തൽ.

ഫസ്റ്റ് ലുക്കിനൊപ്പം റിലീസ് തീയതിയും അണിയറപ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 2027 മെയ് 14ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും. ഇന്ത്യന്‍ ക്രിക്കറ്റിനെ ആക്രമണോത്സുകമായ പുതിയ യുഗത്തിലേക്ക് നയിച്ച നായകന്‍റെ പോരാട്ടങ്ങളും വിജയങ്ങളും വിവാദങ്ങളും വികാരനിമിഷങ്ങളും എല്ലാം സിനിമയില്‍ ഇടംപിടിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. അതുകൊണ്ടുതന്നെ, 'ദാദ ദി സൗരവ് ഗാംഗുലി സ്റ്റോറി' ഇപ്പോള്‍ തന്നെ 2027ലെ ഏറ്റവും പ്രതീക്ഷയുണര്‍ത്തുന്ന സ്‌പോര്‍ട്‌സ് ബയോപിക്കുകളിലൊന്നായി മാറിക്കഴിഞ്ഞു.

logo
Metro Vaartha
www.metrovaartha.com