എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് ദയ നായിക്കായി ഹർഷവർധൻ റാണെ; മുംബൈ അധോലോകത്തിന്‍റെ കഥയുമായി ആർജിവി

പൊലീസ് കമ്പനി'യെന്ന് പേര് നൽകിയിരിക്കുന്ന ചിത്രം ടി സീരിസാണ് നിർമിക്കുന്നത്
Ram Gopal Varma announces new film Police Company with Harshvardhan Rane

രാം ഗോപാൽ വർമ, ഹർഷവർധൻ റാണെ

Updated on

നിരവധി ഹിറ്റ് ചിത്രങ്ങളൊരുക്കിയ ബോളിവുഡ് സംവിധായകൻ രാം ഗോപാൽ വർമ തന്‍റെ പുതിയ ചിത്രം പ്രഖ‍്യാപിച്ചു. 'പൊലീസ് കമ്പനി'യെന്ന് പേര് നൽകിയിരിക്കുന്ന ചിത്രം ടി സീരിസാണ് നിർമിക്കുന്നത്. തന്‍റെ എക്സ് പോസ്റ്റിലൂടെയാണ് സംവിധായകൻ ഇക്കാര‍്യം അറിയിച്ചത്.

1990കളുടെ അവസാനത്തിലും 2000കളുടെ തുടക്കത്തിലും മുംബൈയിൽ ഗുണ്ടാ പ്രവർത്തനങ്ങൾ വർധിച്ചു വരുന്നത് തടയാൻ രൂപീകരിച്ച മുംബൈ പൊലീസ് സ്ക്വാഡിനെ കേന്ദ്രീകരിച്ചും അതിൽ അറിയപ്പെടുന്ന അംഗങ്ങളിൽ ഒരാളും അധോലോക നായകന്മാരുടെ പേടി സ്വപ്നവുമായിരുന്ന എൻകൗണ്ടർ സ്പെഷലിസ്റ്റ് ദയ നായിക്കിൽ നിന്നും പ്രചോദനം ഉൾകൊണ്ടാണ് ചിത്രം ഒരുങ്ങുന്നത്.

Ram Gopal Varma announces new film Police Company with Harshvardhan Rane

ദയ നായിക്

ബോളിവുഡ് താരം ഹർഷവർധൻ റാണെയാണ് ദയ നായിക്കിനെ സ്ക്രീനിൽ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ വലിയ താരനിരയാണ് അണിനിരക്കുന്നതെന്നാണ് വിവരം. വരും ദിവസങ്ങളിൽ ഇക്കാര‍്യം സംബന്ധിച്ചുള്ള വിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്തുവിടും. മുംബൈ അധോലോകത്തെ കേന്ദ്രീകരിച്ച് ആർജിവി മുൻപും ചിത്രങ്ങൾ ഒരുക്കിയിട്ടുണ്ട്. മനോജ് ബാജ്പേയിയും ജെ.ഡി. ചക്രവർത്തിയും അഭിനയിച്ച സത‍്യ, മോഹൻലാൽ പ്രധാന വേഷത്തിലെത്തിയ കമ്പനി എന്നീ ചിത്രങ്ങൾ അതിനുദാഹരണങ്ങളാണ്.

2002ൽ പുറത്തിറങ്ങിയ കമ്പനി അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം, ഛോട്ടാ രാജൻ എന്നിവർ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിനെ ചുറ്റിപ്പറ്റിയുള്ളതായിരുന്നു. എന്നാൽ പൊലീസ് കമ്പനിയിലേക്ക് വരുമ്പോൾ ഇതേ കഥ പൊലീസിന്‍റെ വീക്ഷണത്തിലൂടെ അവതരിപ്പിക്കാനാണ് ആർജിവി പദ്ധതിയിടുന്നതെന്നാണ് സൂചന. ദയാ നായിക്കിന്‍റെ ജീവിതത്തെ ആസ്പദമാക്കി 2004ൽ നാനാ പടെക്കറിനെ നായകനാക്കി ആർജിവി അബ് തക്ക് ഛപ്പൻ എന്ന ചിത്രമൊരുക്കിയിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും പുതിയ ചിത്രവുമായി സംവിധായകൻ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്.

logo
Metro Vaartha
www.metrovaartha.com