

"ഒച്ചയെടുത്തത് മോശമായോ എന്ന് ചന്തു ചോദിച്ചു"; വളരെ വേദനാജകമെന്ന് രമേഷ് പിഷാരടി
നടൻ സലിംകുമാറിന്‍റെ സംസ്കാരത്തിനിടെ അനധികൃത ഓൺലൈൻ മാധ്യമങ്ങൾ എല്ലാ അതിർവരമ്പുകളും ലംഘിച്ചുവെന്ന് എംഎൽഎ രമേഷ് പിഷാരടി. മുഖ്യമന്ത്രി വി.ഡി. സതീശനും സലിം കുമാറിന്‍റെ മകനും ആവശ്യപ്പെട്ടിട്ടു പോലും ചുറ്റുമുണ്ടായിരുന്നവർ വിട്ടുവീഴ്ചയ്ക്ക് തയാറായില്ലെന്നും പിഷാരടി വിമർശിച്ചു. ചിത കത്തി കഴിഞ്ഞ ശേഷം മുറിയിലെത്തിയപ്പോൾ ചേട്ടാ ഞാൻ ഒച്ചയെടുത്തത് മോശമായിപ്പോയോ എന്ന് സലിം കുമാറിന്‍റെ മകൻ ചോദിച്ചു. മറ്റൊരു വഴിയും ഇല്ലാത്തതു കൊണ്ടല്ലേ എന്ന് താൻ ആശ്വസിപ്പിച്ചു.
സലിം കുമാറിന്‍റെ സംസ്കാരത്തിന് മതപരമായ ചടങ്ങുകൾ ഒന്നുമുണ്ടായിരുന്നില്ല. ഔദ്യോഗിക ബഹുമതികൾ നൽകുന്നതിനായി പൊലീസുകാർക്ക് സൗകര്യം ലഭിക്കാത്ത വിധത്തിലായിരുന്നു തിക്കും തിരക്കും. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം എല്ലാ അതിർവരമ്പുകളും ലംഘിക്കുകയായിരുന്നു.മുൻപ് നടി സുബിയും നവാസും മരിച്ചപ്പോഴും ഇതേ അവസ്ഥ തന്നെയായിരുന്നു. സലിമേട്ടൻ മരിച്ചപ്പോൾ എല്ലാ സീമകളും ലംഘിച്ചുള്ള കടന്നു കയറ്റമായിരുന്നു.
മൊബൈലുമായി എത്തിയ മാധ്യമപ്രവർത്തകരും കാഴ്ച്ചക്കാരുമെല്ലാം എല്ലാ കാര്യങ്ങളും ഷൂട്ട് ചെയ്യണം എന്നു നിർബന്ധം പിടിക്കുന്നതു പോലെയായിരുന്നു. സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രി ഒരു സാധാരണക്കാരനെപ്പോലെ നിങ്ങൾ ഒന്നു മാറിനിൽക്കൂ എന്ന് ആവശ്യപ്പെട്ടിട്ടും ഒരാൾ പോലും അത് കേൾക്കാനുള്ള മാന്യത കാണിച്ചില്ലെന്നും പിഷാരടി ആരോപിച്ചു.
ചന്തുവിനെ സംബന്ധിച്ച് അത് പെട്ടെന്നുണ്ടായതല്ല, മൊബൈൽ ഫ്രീസറിൽ സലിം കുമാറിന്‍റെ ശരീരം കൊണ്ടു വരുമ്പോൾ പോലും ചുറ്റും മൊബൈൽ ഫോണുകളുമായി ഒരു സംഘം നിൽക്കുകയായിരുന്നു. വേഗം നടക്കാൻ പോലും സാധിക്കാത്ത വിധത്തിലാണ് ഫോണിൽ വിഡിയോ ഷൂട്ട് ചെയ്തിരുന്നത്. മാറി നിൽക്കാൻ ആവശ്യപ്പെട്ടിട്ടു പോലും അവരത് അനുസരിക്കാതിരുന്നത് വേദനാജനകമാണെന്നും പിഷാരടി കൂട്ടിച്ചേർത്തു. ഇതിനെതിരേ ഒരു ജനകീയപ്രക്ഷോഭം തന്നെ ഉണ്ടായാലും കുഴപ്പമില്ല. സ്വകാര്യതയിൽ കടന്നു കയറുന്നത് അവസാനിപ്പിക്കണമെന്നും അഭ്യർഥനയായി കണക്കാക്കണം എന്നും പിഷാരടി കൂട്ടിച്ചേർത്തു.