

രൺബീർ കപൂർ
കരിയറിലെ ഏറ്റവും മികച്ച ഘട്ടത്തിലൂടെയാണ് രൺബീർ കപൂർ കടന്നുപോകുന്നത്. അനിമലിന്റെ വമ്പൻ വിജയത്തിനു ശേഷം ഇതാ ബ്രഹ്മാണ്ഡ ചിത്രം രാമായണ തിയറ്ററിൽ എത്തിയിരിക്കുകയാണ്. എന്നാൽ അഭിനയം അവസാനിപ്പിക്കാനുള്ള തീരുമാനത്തിലാണ് രൺബീർ കപൂർ. നടനെന്ന നിലയിലെ തന്റെ അനസാനത്തെ ദശകമായിരിക്കും ഇത് എന്നാണ് താരം പറഞ്ഞത്. ബിബിസിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു രൺബീറിന്റെ വെളിപ്പെടുത്തൽ.
സംവിധാനത്തിലേക്ക് ചുവടുമാറ്റുന്നതിനായാണ് അഭിയത്തിന് ഫുൾസ്റ്റോപ് ഇടാൻ താരം ആലോചിക്കുന്നത്. സിനിമ നല്ലതോ ചീത്തയോ ആകട്ടെ ഒരു കഥ പറയാൻ ഒരുപറ്റം ആളുകളെ ഒന്നിച്ചുകൊണ്ടുവരുമ്പോൾ ലഭിക്കുന്ന ക്രിയേറ്റീവ് ഹൈ ആണ് സംവിധാനത്തിലേക്ക് തന്നെ ആകർഷിച്ചത് എന്നാണ് താരം പറയുന്നത്. ഫീൽ ഗുഡ് ഫാമിലി ഡ്രാമയായിരിക്കും താൻ നിർമിക്കാൻ ഉദ്ദേശിക്കുന്നതെന്നും താരം വ്യക്തമാക്കി.
കുറച്ച് മാസങ്ങൾക്ക് മുൻപ് ഒരു സ്ക്രിപ്റ്റ് എഴുതാൻ താൻ ശ്രമം നടത്തിയതായും രൺബീർ വെളിപ്പെടുത്തി. ശൂന്യതയിൽ നിന്ന് കഥ സൃഷ്ടിക്കുക എന്നത് ഏറെ പ്രയാസകരമായ കാര്യമാണെന്ന് മനസിലായെന്നും ഇതോടെ രചയിതാക്കളോടും സംവിധായകരോടും വലിയ ബഹുമാനം തോന്നിയെന്നും താരം കൂട്ടിച്ചേർത്തു. വരുന്ന ദശകം ഒരു നടനെന്ന നിലയിൽ തന്റെ അവസാനത്തേതായിരിക്കും. എന്നാൽ അഭിനയം തീർത്തും ഉപേക്ഷിക്കില്ലെന്നും താരം പറയുന്നു. പ്രേക്ഷകർക്ക് മടുക്കുമെന്നോ തനിക്ക് വയസായെന്നോ കരുതിയല്ല അഭിനയം ഉപേക്ഷിക്കുന്നതെന്നും രൺബീർ കൂട്ടിച്ചേർത്തു.