"ആ നടൻ ഷർട്ടില്ലാത്ത ഫോട്ടോ അയച്ചു, എന്നോടും അയക്കാൻ പറഞ്ഞു; സം​ഗീത രം​ഗത്തെ പ്രമുഖൻ കൂടെക്കിടക്കാൻ ആവശ്യപ്പെട്ടു"

താൻ ഏറ്റവും കൂടുതൽ കേട്ടിട്ടുള്ളത് വേശ്യ എന്ന പേരാണ് എന്നാണ് രഞ്ജിനി പറയുന്നത്
Ranjini reveals harassment by actor and others

രഞ്ജിനി ഹരിദാസ്

Updated on

അവതാരകയായി എത്തി മലയാളികളുടെ മനം കവർന്ന താരമാണ് രഞ്ജിനി ഹരിദാസ്. എത്ര വലിയ ജനക്കൂട്ടത്തേയും എളുപ്പത്തിൽ കൈയിലെടുക്കാൻ രഞ്ജിനിക്കാകും. എന്നാൽ നിലപാടുകൾ ശക്തമായി തുറന്നു പറയുന്നതിന്റെ പേരിൽ പലപ്പോഴും രഞ്ജിനി രൂക്ഷമായ വിമർശനങ്ങൾക്ക് ഇരയാവാറുണ്ട്. രഞ്ജിനി ഇൻഡസ്ട്രിയിലേക്ക് ചുവടുവച്ചിട്ട് 30 വർഷമാവുകയാണ്. ഇക്കാലയളവിൽ തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് രഞ്ജിനി. തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു രഞ്ജിനിയുടെ തുറന്നു പറച്ചിൽ.

സിനിമ രം​ഗത്തെ പ്രമുഖരിൽ നിന്ന് പോലും തനിക്ക് മോശം അനുഭവമുണ്ടായിട്ടുണ്ട് എന്നാണ് രഞ്ജിനിയുടെ വെളിപ്പെടുത്തൽ. "ഒരിക്കല്‍ എല്ലാവര്‍ക്കും അറിയാവുന്നൊരു നടന്‍. എന്‍റെ നല്ലൊരു സുഹൃത്തായിരുന്നു. ഒരു ദിവസം അവന്‍ ഷര്‍ട്ടില്ലാത്തൊരു ഫോട്ടോ അയച്ചു. എന്നോട് അയക്കാനും പറഞ്ഞു. എനിക്ക് താല്പര്യമില്ലെന്ന് പറഞ്ഞു. വേറൊരിക്കല്‍ മ്യൂസിക്ക് ഫീല്‍ഡിലെ പ്രമുഖനായൊരാള്‍, അയാള്‍ക്കൊപ്പം ഞാൻ കിടക്കണം. പറ്റില്ലെന്ന് ഞാനും പറഞ്ഞു. ഇക്കാര്യം ആവശ്യപ്പടുന്ന ഷോ കോഡിനേറ്റേഴ്സുണ്ട് ഇപ്പോഴും. ഇതാണ് ലോകം." - രഞ്ജിനി പറഞ്ഞു.

പരിപാടിക്കായി വിളിച്ചു വരുത്തിയ ശേഷം പലരും മോശമായി പെരുമാറാൻ ശ്രമിച്ചിട്ടുണ്ടെന്നാണ് രഞ്ജിനി പറയുന്നത്. ദുബായിൽ ഷോയ്ക്ക് പോകുമ്പോൾ താൻ ഹോട്ടലിൽ താമസിക്കാറില്ലെന്നും സുഹൃത്തിന്റെ ഫ്ലാറ്റിൽ പോകും എന്നും താരം കൂട്ടിച്ചേർത്തു. ദുബായിൽ ഷോയ്ക്ക് പോയ പല സമയത്തും പലരിൽ നിന്നും മോശം അനുഭവമുണ്ടായിട്ടുണ്ട് എന്നാണ്.

"കണ്ണൂര് ഒരു പരസ്യത്തിന്‍റെ ഷൂട്ടിന് പോയപ്പോൾ ഉണ്ടായ മോശം അനുഭവവും രഞ്ജിനി പങ്കുവച്ചു. എല്ലാം കഴിഞ്ഞു. ഞാന്‍ പോകുവാണെന്ന് അവരോട് പറഞ്ഞു. കാശ് ഒരാൾ കൊണ്ടുതന്നു. അയാള് ചോദിക്കുവാ നില്‍ക്കുന്നില്ലേന്ന്. എന്തിനെന്ന് ചോദിച്ചപ്പോള്‍, അതും ഇതിന്‍റെ ഭാഗമാണെന്ന്. ഞാനയാള്‍ക്കൊപ്പം കിടക്കണം എന്നതായിരുന്നു ആവശ്യം. അയാളെയും വിളിച്ച് കോഡിനേറ്ററുടെ അടുത്ത് പോയ് ഒപ്പം നിര്‍ത്തി ചോദിച്ചു. രണ്ടുപേരും ഒരു പരുങ്ങല്‍. ഒരിക്കലും മറക്കില്ല അത്. അതിനു ശേഷം അയാളുടെ വീട്ടില്‍ പോയി. അവിടെ പോയപ്പോള്‍ അതൊരു കൂട്ടുകുടുംബം. പിന്നീട് ഒരു കുടുംബത്തെ ഇല്ലാതാക്കണ്ടല്ലോന്ന് കരുതി ഒന്നും പറഞ്ഞില്ല. ഒരു സൈഡിൽ മാന്യനും മറ്റൊരു സൈഡില്‍ പ്രോക്രിത്തരവും. അയാളെ ഭീഷണിപ്പെടുത്തി അവിടെന്ന് ഇറങ്ങി. ഞാന്‍ ആരോടെങ്കിലും ഒപ്പം കിടക്കണമെങ്കില്‍ എനിക്കും അതിനോട് താല്പര്യം വേണം. അതെന്‍റെ വ്യക്തിപരമായ കാര്യമാണ്. അതിന് നിങ്ങൾക്ക് ഒരിക്കലും പൈസ തരാന്‍ പറ്റില്ല."- രഞ്ജിനി പറഞ്ഞു.

താൻ ഏറ്റവും കൂടുതൽ കേട്ടിട്ടുള്ളത് വേശ്യ എന്ന പേരാണ് എന്നാണ് രഞ്ജിനി പറയുന്നത്. സക്സസ്ഫുള്ളായിട്ടുള്ളൊരു സ്ത്രീ ഒറ്റയ്ക്ക് ജീവിക്കുന്നത് കാണാന്‍ എല്ലാവര്‍ക്കും കുറച്ച് ബുദ്ധിമുട്ടാണ്. അവരുടെ വിചാരം ആള്‍ക്കാരുടെ കൂടെ കിടന്നിട്ടാണ് കാശ് ഉണ്ടാക്കുന്നതെന്ന്. അങ്ങനെ കാശ് ഉണ്ടാക്കുന്നതാണ് ഏറ്റവും ഈസി. കഠിനാധ്വാനം ചെയ്യുന്നതാണ് ഏറ്റവും ബുദ്ധിമുട്ട് എന്നാണ് രഞ്ജിനി പറയുന്നത്.

logo
Metro Vaartha
www.metrovaartha.com