

അൻസിബ ഹസൻ.
File
കൊച്ചി: പൊലീസിൽ നിന്ന് നീതി കിട്ടിയില്ലെങ്കിൽ സുപ്രീം കോടതി വരെ പോകാനും തയാറാണെന്ന് നടി അൻസിബ ഹസൻ. ലക്ഷ്മിപ്രിയയുടെയും അൻസിബയുടെയും പരാതിയിൽ കഴമ്പില്ലെന്നും അൻസിബയുടെ പരാതിയിൽ കേസെടുക്കാൻ കഴിയില്ലെന്നും കാണിച്ചു കൊണ്ടുള്ള പൊലീസ് റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെയാണ് അൻസിബ പ്രതികരിച്ചത്.
ലക്ഷ്മിപ്രിയയുടെ പരാതിയിൽ കഴമ്പില്ലെന്ന് പൊലീസിന് ഇപ്പോഴാണോ മനസിലായതെന്ന് അൻസിബ ചോദിച്ചു. തന്നെ അപമാനിക്കാനും വ്യക്തിഹത്യ നടത്താനും വേണ്ടി മാത്രമാണ് അങ്ങനെയൊരു വ്യാജ പരാതി നൽകിയത്. മാത്രമല്ല മാപ്പ് എഴുതി നൽകാനും പൊലീസ് നിർബന്ധിച്ചു. സ്റ്റേഷനിൽ നിന്ന് പുറത്തു പോകുന്നതിനായി താൻ ഖേദപ്രകടനം എഴുതി നൽകാൻ തയാറായി.
എന്നാൽ അതിനൊപ്പം എസ് ഐ രേഷ്മ തന്‍റെ അറിവോ സമ്മതമോ ഇല്ലാതെ രണ്ട് വരി കൂടി എഴുതി ചേർത്തെന്നും അതിന് ആരാണ് അധികാരം നൽകിയതെന്ന് വ്യക്തമാക്കണെന്നും അൻസിബ പറയുന്നു.
എസ്ഐയുടെ മുറിയിൽ ലക്ഷ്മിപ്രിയയും ഫോണിലൂടെ അവരുടെ ഭർത്താവ് ജയേഷും ചേർന്നാണ് തന്നെ ചോദ്യം ചെയ്തത്. ഇത്തരത്തിലാണോ ജനാധിപത്യരാജ്യത്ത് ഒരാളെ ചോദ്യം ചെയ്യുക. എസ്ഐയും ലക്ഷ്മിപ്രിയയും തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചു. മാത്രമല്ല ലക്ഷ്മിപ്രിയയുടെ ഭർത്താവ് ജയേഷിനെതിരേ എഫ്ഐആർ ഇട്ടിട്ടുണ്ടെന്ന് പൊലീസ് തന്നോട് കള്ളം പറഞ്ഞുവെന്നും നടി ആരോപിക്കുന്നു.