കങ്കണ തെരഞ്ഞെടുപ്പു തിരക്കിൽ; 'എമർജൻസി' റിലീസ് തീയതി വീണ്ടും നീട്ടി

പുതിയ റിലീസ് തീയതി പിന്നീട് പ്രഖ്യാപിക്കും. ചിത്രത്തിൽ ഇന്ദിര ഗാന്ധിയെയാണ് കങ്കണ അവതരിപ്പിക്കുന്നത്
ഇന്ദിര ഗാന്ധിയുടെ ഗെറ്റപ്പിൽ കങ്കണ റണാവത്
ഇന്ദിര ഗാന്ധിയുടെ ഗെറ്റപ്പിൽ കങ്കണ റണാവത്

ന്യൂഡൽഹി: കങ്കണ റണാവത്ത് പ്രധാന കഥാപാത്രമായി എത്തുന്ന എമർജൻസി എന്ന സിനിമയുടെ റിലീസ് തീയതി വീണ്ടും നീട്ടി. ലോക്സഭാ തെരഞ്ഞെടുപ്പിൽ മാണ്ഡിയിൽ ബിജെപി സ്ഥാനാർഥിയായി കങ്കണ റണാവത്ത് മത്സരിക്കുന്ന സാഹചര്യത്തിലാണ് റിലീസ് തീയതി നീട്ടിയിരിക്കുന്നത്. ചിത്രം നിർമിക്കുന്ന മണികർണിക ഫിലിം പ്രൊഡക്ഷൻസ് ആണ് ഇക്കാര്യം എക്സിലൂടെ അറിയിച്ചിരിക്കുന്നത്.

''ഞങ്ങളുടെ ഹൃദയം ഞങ്ങളുടെ ക്വീൻ ആയ കങ്കണയോടുള്ള സ്നേഹത്താൽ‌ നിറഞ്ഞു തുളുമ്പുകയാണ്.

രാജ്യത്തോടുള്ള കടമയും ഉത്തരവാദിത്തവും നിറവേറ്റുന്നതിനാണ് കങ്കണ പ്രഥമ പരിഗണന നൽകുന്നത്. അതു കൊണ്ടു തന്നെ ഏറെ കാത്തിരിക്കുന്ന എമർജൻസിയുടെ റിലീസ് തിയതി നീട്ടുന്നു'' എന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. പുതിയ റിലീസ് തീയതി പിന്നീട് പ്രഖ്യാപിക്കും. ഇന്ത്യയുടെ ചരിത്രത്തെക്കുറിച്ചുള്ള കഥ പറയുന്ന സിനിമയിൽ മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ വേഷത്തിലാണ് കങ്കണ എത്തുന്നത്.

അനുപം ഖേർ, മഹിമ ചൗധരി, മിലിന്ദ് സോമൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഇതിനു മുൻപും പല കാരണങ്ങളാൽ ചിത്രത്തിന്‍റെ റിലീസ് തീയതി നീട്ടി വച്ചിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com