

വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും
കരൺ ജോഹറിന്‍റെ കോഫി വിത്ത് കരൺ എന്ന ടോക് ഷോയിൽ പങ്കെടുത്തതിനു പിന്നാലെ തെന്നിന്ത്യൻ താര ദമ്പതികളായ രശ്മിക മന്ദാനയും വിജയ് ദേവരക്കൊണ്ടയും രൂക്ഷ വിമർശനത്തിനാണ് ഇരയായത്. രശ്മികയോടുള്ള വിജയ് ദേവരക്കൊണ്ടയുടെ പെരുമാറ്റമാണ് വലിയ വിമർശനത്തിന് കാരണമായത്. വിജയ് ഒരു റെഡ് ഫ്ലാഗാണ് എന്നായിരുന്നു സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ. വിമർശനം രൂക്ഷമായതോടെ പ്രതികരണവുമായി ദമ്പതികൾ രംഗത്തെത്തിയിരുന്നു. ഇപ്പോൾ ഇതാ കോഫി വിത്ത് കരൺ വിവാദത്തിന് ശേഷം ആദ്യമായി പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് രശ്മികയും വിജയ്‌യും.
ഹൈദരാബാദ് വിമാനത്താവളത്തിൽ നിന്നുള്ള ദമ്പതികളുടെ വിഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. രശ്മികയുടെ തോളിലൂടെ കൈയിട്ട് നടന്നു നീങ്ങുന്ന വിജയ്‌യെ ആണ് വിഡിയോയിൽ കാണുന്നത്. ഇരുവരും കറുത്ത വസ്ത്രം ധരിച്ച് മുഖത്ത് മാസ്കും വച്ചാണ് എയർപോർട്ടിൽ എത്തിയത്. വിജയ്‌യുടെ സഹോദരനും നടനുമായ ആനന്ദ് ദേവരക്കൊണ്ടയും ഇവർക്കൊപ്പമുണ്ടായിരുന്നു.
വിഡിയോ വൈറലായതിനു പിന്നാലെ നിരവധി പേരാണ് ദമ്പതികളെ വിമർശിച്ചുകൊണ്ട് എത്തുന്നത്. പാപ്പരാസികളെ കാണിക്കാനുള്ള വെറും നാടകമാണ് ഇത് എന്നാണ് ഒരു വിഭാഗത്തിന്‍റെ വിമർശനം. ഭാര്യയോട് സ്നേഹമുണ്ടെന്ന് സ്വയം തെളിയിക്കാനാണോ വിജയ് ശ്രമിക്കുന്നതെന്നും ചോദിക്കുന്നവരുണ്ട്.