

നടൻ സുശാന്ത് സിങ് രാജ്പുത്തിന്‍റെ മരണത്തിനു പിന്നാലെ വിവാദങ്ങളിൽ നിറഞ്ഞ നടിയാണ് റിയ ചക്രവർത്തി. സുശാന്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് റിയ അറസ്റ്റിലായിരുന്നു. ഇപ്പോൾ തിരിച്ചുവരവിന്‍റെ പാതയിലാണ് റിയ. ഇപ്പോൾ താരം നടത്തിയ ഒരു വെളിപ്പെടുത്തലാണ് ചർച്ചയാവുന്നത്. സുശാന്തിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ തനിക്ക് ക്ലീൻചിറ്റ് ലഭിച്ചതായാണ് റിയ വെളിപ്പെടുത്തിയത്.
ആമസോൺ പ്രൈമിൽ റിലീസാകുന്ന ട്രെയിറ്റേഴ്സ് എന്ന ഷോയുടെ ട്രെയിലറിലായിരുന്നു റിയയുടെ പരാമർശം. സംവിധായകൻ കരൺ ജോഹറാണ് ഷോയുടെ അവതാരകനായി എത്തുന്നത്. ഷോയിൽ നിഷ്കളങ്കയാവാനാണോ ചതിയനാകാനാണോ താൽപ്പര്യം എന്ന ചോദ്യത്തിനായിരുന്നു നടിയുടെ മറുപടി.
"എനിക്ക് നിഷ്കളങ്കയാവാനാണ് താൽപ്പര്യം. ഈ വർഷമാണ് എനിക്ക് ക്ലീൻ ചിറ്റ് ലഭിച്ചത്. ഞാൻ നിരപരാധിയാണെന്ന് ആളുകൾ തിരിച്ചറിഞ്ഞത് ഈ വർഷമാണ്. ഏറെകാലമായി ഞാൻ സംശയത്തിന്‍റെ നിഴലിലായിരുന്നു. ആ അവസ്ഥ എനിക്ക് ഇഷ്ടമല്ല. വർഷങ്ങളോളം ഞാൻ അത് അനുഭവിച്ചതാണ്."- റിയ പറഞ്ഞു.
2020ലാണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ നടൻ സുശാന്തിനെ കണ്ടെത്തുന്നത്. സുശാന്തും റിയയും തമ്മിൽ പ്രണയത്തിലായിരുന്നെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. നടന്‍റെ മരണത്തിനു പിന്നാലെ നിരവധി വിവാദങ്ങളും തലപൊക്കി. നടന്‍റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിലാണ് റിയയും സഹോദരൻ ഷോവിക് ചക്രവർത്തിയും അറസ്റ്റിലാകുന്നത്. ഈ വർഷം മാർച്ചിൽ ഇരുവരും പ്രതിയായ കേസ് സിബിഐ അവസാനിപ്പിക്കുകയും ക്ലീൻ ചിറ്റ് നൽകുകയുമായിരുന്നു.