

മോഹൻലാൽ | എസ്. ശാരദക്കുട്ടി
മലയാളികളുടെ പ്രിയനടനാണ് മോഹൻലാൽ. അദ്ദേഹത്തിന്‍റെ സിനിമകൾ കാണാത്തതായി ഒരു മലയാളി പോലും ഉണ്ടാവില്ല. കേരളത്തിൽ മാത്രമല്ല, രാജ്യത്തുടനീളം മോഹൻലാലിന് ആരാധകരുണ്ട്. അദ്ദേഹത്തിനൊപ്പം നിന്ന് ഒരു ഫോട്ടോ എടുക്കാനായി ആഗ്രഹിക്കുന്നവരാവും നമ്മളിൽ പലരും.
ഇപ്പോഴിതാ മോഹൻലാലിനെക്കുറിച്ചൊരു ഹൃദ്യമായ കുറിപ്പുമായി എത്തിയിരിക്കുകയാണ് എഴുത്തുകാരി ശാരദക്കുട്ടി. ഒരിക്കൽ ഓണപ്പതിപ്പിലേക്ക് മോഹൻലാലിന്‍റെ ഒരു ഇന്‍റർവ്യൂ ചെയ്യാൻ വിളിച്ചെങ്കിലും അന്ന് അതിന് സാധിച്ചില്ലെന്നും ഇന്ന് ഞാൻ മോഹൻലാലിനെ സ്വപ്നം കണ്ടുവെന്നുമാണ് ശാരദക്കുട്ടിയുടെ പോസ്റ്റ്. തന്‍റെ വരാന്തയിലെ വെറും തറയിൽ മലയാളത്തിന്‍റെ മഹാനടൻ ഇരുന്നുവെന്നും തന്നോട് സ്നേഹത്തോടെ സംസാരിച്ചെന്നുമാണ് ശാരദക്കുട്ടി കുറിച്ചത്.
ഫെയ്സ്ബുക്ക് കുറിപ്പ് ഇങ്ങനെ...
വർഷങ്ങൾക്കു മുൻപ് ഒരു മുഖ്യവാരികയുടെ ഓണപ്പതിപ്പിലേക്ക് മോഹൻലാലിനെ അഭിമുഖം ചെയ്യാമോ എന്ന് പത്രാധിപർ ചോദിച്ചു. അയ്യോ ഞാനില്ല എന്ന് പറഞ്ഞൊഴിഞ്ഞു. അദ്ദേഹത്തെ നേരിൽ കാണാനും കുറെ നേരം മുഖത്തു നോക്കി സംസാരിച്ചിരിക്കാനുമുള്ള ആഗ്രഹമില്ലാഞ്ഞിട്ടല്ല. എത്ര നിർബന്ധിച്ചിട്ടും അയ്യോ ഞാനില്ല എന്നു മാത്രമേ പറയാൻ തോന്നിയുള്ളു.
ഇന്നലെ സ്വപ്നത്തിൽ ആ ആഗ്രഹം സാധിച്ചു. നേരം വെളുക്കുന്നതു വരെ മോഹൻലാലുമായി എനിക്ക് പ്രിയപ്പെട്ട അദ്ദേഹത്തിന്‍റെ കഥാപാത്രങ്ങളെ കുറിച്ചു സംസാരിച്ചു. പഞ്ചാഗ്നിയിലെ റഷീദിനെ കുറിച്ചു പറഞ്ഞപ്പോഴുള്ള എന്‍റെ ആവേശം കണ്ട് അദ്ദേഹം നാണം കലർന്ന പതിവ് ചിരിയിൽ തലയൊന്ന് ചെറുതായി ചലിപ്പിച്ചു.
നമ്മൾ ഒരേ വർഷം ജനിച്ചവരാണെന്നും തലേന്നും പിറ്റേന്നുമായിട്ടായിരുന്നു നമ്മുടെ വിവഹമെന്നും ഞാൻ പറഞ്ഞപ്പോൾ ഒരു കൗതുകവാർത്ത കേട്ടതു മാതിരി അദ്ദേഹമൊന്ന് കൺവിടർത്തി.
വാനപ്രസ്ഥവും താഴ്‌വാരവും സദയവും ഒക്കെ പറഞ്ഞിരുന്നപ്പോഴാണ് എനിക്ക് കോളജിൽ നിന്ന് ഒപ്പിടുവാൻ ഒരു വിളി വന്നത്. എന്‍റെ തിരുനക്കരയിലെ വീടിന്‍റെ വരാന്തയിലെ തൂണിനോട് ചേർന്ന് ആ വെറും തറയിൽ മലയളത്തിന്‍റെ ആ മഹാനടൻ ഇരുന്നു. ഇപ്പോഴും ഇരിക്കുന്നുണ്ട്. ഞാൻ വരുന്നതു വരെ അദ്ദേഹം അവിടെ ഇരിക്കും.
നാണം കലർന്ന ചെറുചിരി ചുണ്ടിൻ കോണിൽ. ആരാധികയോടുള്ള കരുതലും വാത്സല്യവും കൺകോണുകളിൽ. സ്‌ത്രൈണഭംഗിയുള്ള നീണ്ട വിരലുകളുയർത്തി പോയി വാ എന്നോ മറ്റോ ഒരടയാളം. ഞാൻ എന്നാലാകുന്നത്ര അഴകോടെ മുന്നിലൂടെ സുമലതയോ പൂർണിമാ ജയറാമോ ഗീതയോ സുഹാസിനിയോ എന്ന മട്ടിൽ ഒഴുകിയൊഴുകി നടന്നു പോയി.
അവസരം കിട്ടിയിട്ടും ഫോട്ടോ എടുക്കാൻ ഓടിക്കൂടിയവർക്കൊപ്പം ഞാനുണ്ടായിരുന്നില്ല. എന്നിട്ടും കരുണയാലാകെത്തളർന്നൊരാ ദിവൃസ്മിതമെനിക്കായി നീണ്ടുവന്നു.
നീയറിയുമോ എന്നെ ?
നീയറിയുമോ എന്നെ !!
എന്ന് സ്വന്തം ആരാധനകളിൽ തീരെ ലജ്ജയില്ലാത്തൊരുവ