Salim kumar death memorable characters

സലിം കുമാർ

"പെങ്ങളെക്കെട്ടിയ സ്ത്രീധനത്തുക തരുമോ അളിയാ"; മലയാളികളെ ആവേശിച്ച സലിം കുമാർ

അയാൾ സൃഷ്ടിച്ചു വച്ച ചിരിയുടെ മാന്ത്രിക ലോകത്തിൽപ്പെട്ടുഴലുന്നവരാണ് മലയാളികൾ.

നീതു ചന്ദ്രൻ

അവസരം തേടിച്ചെന്നപ്പോഴെല്ലാം അവഗണനയും അപഹാസവുമായിരുന്നു ഏറ്റു വാങ്ങിയിരുന്നത്... പല കാരണങ്ങൾ പറഞ്ഞ് ഓരോ തവണ തിരിച്ച് ഒഴുക്കി വിട്ടു. എന്നിട്ടും അതിലും ശക്തമായ മറ്റൊരു തിരയിലെന്ന പോലെ സിനിമയുടെ തീരത്തേക്ക് കയറി വരുകയായിരുന്നു സലിം കുമാർ. തീരത്ത് ഒന്നു കാലുറപ്പിച്ചപ്പോൾ തന്നെ അയാൾ സൃഷ്ടിച്ചു വച്ച ചിരിയുടെ മാന്ത്രിക ലോകത്തിൽപ്പെട്ടുഴലുന്നവരാണ് മലയാളികൾ. അതു കൊണ്ടാണ് സലിം കുമാറിന്‍റെ ഒരു ഡയലോഗ് എങ്കിലും ഇല്ലാത്ത ദിവസം മലയാളികൾക്ക് അപൂർണമായി തോന്നുന്നത്....

ഒരു പക്ഷേ മറ്റാരാൾ പറഞ്ഞിരുന്നെങ്കിൽ തികച്ചും പ്ലെയിൻ ആയിപ്പോകുമായിരുന്ന ചെറുസംഭാഷണങ്ങളാണ് സലിം കുമാർ ഭാവങ്ങൾ കൊണ്ടും ശബ്ദവിന്യാസം കൊണ്ടും ശരീരഭാഷ കൊണ്ടും അനശ്വരമാക്കി മാറ്റിയത്. കണ്ണടച്ച് സ്വയം ആസ്വദിച്ചു കൊണ്ടുള്ള സലിം കുമാറിന്‍റെ ഉഹുഹുഹു ചിരിയും, കാര്യമൊക്കെ മനസിലായെന്ന ഭാവത്തിലുള്ള ഓ... ഓ... ഓ... എന്ന ശബ്ദവും ആവശ്യത്തിനും അനാവശ്യത്തിനും സ്വയം എടുത്തണിയാത്തവരില്ല. ഒറ്റ നോട്ടത്തിൽ വെറും പ്രസ്താവനകളെന്നു തോന്നും പോലുള്ള ഡയലോഗുകൾ പോലും സലിം കുമാർ പറഞ്ഞ് മറ്റൊരു തലത്തിലേക്ക് എത്തിച്ചു. മധ്യ തിരുവിതാംകൂറിലെ രാജാവ് പേര് ശശി, എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ, സവാള കീറി കീറി, ഇതാ എന്‍റെ രാജിക്കത്ത്, പാടില്ല പാടില്ല നമ്മള് തമ്മിലും... അങ്ങനെ സാഹചര്യങ്ങൾക്കു ചേരുന്ന നർമസംഭാഷണങ്ങൾ അനവധി പിറന്നു. അയാൾ പറഞ്ഞപ്പോഴാണ് അതിൽ അനശ്വരമായ നർമമുണ്ടായത്, അല്ലാത്ത പക്ഷം അവയെല്ലാം ജീവനില്ലാത്ത വെറും സംഭാഷ‌ണങ്ങളായി തണുത്തു തുരുമ്പിച്ചു കിടന്നേനെ. കാലാകാലങ്ങളായി അയാളുടെയുള്ളിൽ എരിഞ്ഞു കൊണ്ടിരുന്ന പ്രതിഭയുടെ നെരിപ്പോടിൽ നിന്ന് തീപ്പൊരി പോലെ കഥാപാത്രങ്ങളുണ്ടായി. മണവാളനും പ്യാരിയും അഡ്വക്കറ്റ് മുകുന്ദനുണ്ണിയും കോശിയും ലീലാകൃഷ്ണനും മാക്രി ഗോപാലനും ഓമനക്കുട്ടനുമെല്ലാം പല ശിരസുകളുള്ള രാവണനെപ്പോലെ ഒരേ തേജസ്സോടെ നമ്മെ ചിരിപ്പിച്ചു കൊണ്ടോയിരിക്കുന്നു.

ആ ചിരിയിൽ നിന്നു തന്നെയാണ് സലിം കുമാർ മാമൂലുകളെയെല്ലാം കവച്ചു വച്ചു കൊണ്ട് ഗൗരവമേറിയ കഥാപാത്രങ്ങളിലേക്കു ചേക്കേറിയത്. പെങ്ങളെ കെട്ടിയ സ്ത്രീധനത്തുക തരുമോ അളിയാ എന്നു പാടിക്കൊണ്ട് ചാടിച്ചാടി പോകുന്ന അതേ ലാഘവത്തോടെ തന്നെ, ഒരു മനുഷ്യന്‍റെ ആത്മസംഘർഷത്തിന്‍റെ അഗാധതലങ്ങളെ തുറന്നു കാണിക്കാനും സലിം കുമാറിനായി. അച്ഛനുറങ്ങാത്ത വീട്ടിലെ സാമുവൽ പ്രേക്ഷകർക്കൊരു അദ്ഭുതം തന്നെയായിരുന്നു. അന്നു വരെ തല്ലു കൊള്ളിയായി ഓടിയും ചാടിയും സ്ക്രീനിൽ നിറഞ്ഞു നിന്ന നടന്‍റെ അസാമാന്യ വൈഭവത്തോടെയുള്ള വേഷപ്പകർച്ച. അതേ വർഷം തന്നെയാണ് മായാവിയിലെ കുട്ടിസ്രാങ്കായി സലിം കുമാർ മലയാളികളെ കുടുകുടെ ചിരിപ്പിച്ചതും. കേരള കഫേയിലെ ബ്രിഡ്ജ് കണ്ടവരുടെയെല്ലാം ഉള്ളിൽ ഖനീഭവിച്ചു കിടക്കുന്നുണ്ടായിരിക്കും നിസ്സഹായനായി അമ്മയെ തെരുവിൽ ഉപേക്ഷിക്കുന്ന മണികണ്ഠന്‍റെ മുഖം. അവിടെ നിന്നു ചട്ടമ്പിനാട്ടിലെ തല്ലുകൊള്ളി മാക്രി ഗോപാലനിലേക്കു ചേക്കേറുമ്പോഴും സ്വാഭാവിക അഭിനയം ഒരു തട്ടും തടവുമില്ലാതെ തന്നെ ഒഴുകിക്കൊണ്ടിരുന്നു. കഥ പറയുമ്പോൾ എന്ന സിനിമയിൽ, ''പാലായിലുള്ളോർക്ക് പാലാണ് റബ്ബർ, ഇവിടെ ചിലരുടെ നട്ടെല്ലും റബ്ബർ'' എന്നു ധൈര്യത്തോടെ പാടി നാട്ടുകാരുടെ തല്ലു ചോദിച്ചു വാങ്ങുന്ന കവി ദാസ് വടക്കേമുറി തന്നെയാണ് കുറേ കാലത്തിനു ശേഷം ആദാമിന്‍റെ ‌മകൻ അബുവായി ദേശീയ പുരസ്കാരം നേടി മലയാള സിനിമയുടെ കിരീടത്തിലേക്ക് ഒരു പൊൻതൂവൽ കൂടി അണിയിച്ചത്. ''എനിക്കു കിട്ടിയ ദേശീയ പുരസ്കാരം മിമിക്രിക്കാർക്കെല്ലാമുള്ള പുരസ്കാരമാണ്'' എന്നായിരുന്നു അതേക്കുറിച്ചുള്ള സലിം കുമാറിന്‍റെ പ്രതികരണം. വർഷങ്ങളോളം മിമിക്രിക്കാരൻ എന്ന പേരിൽ അത്രയേറെ അധിക്ഷേപങ്ങളും അവഗണനയും നേരിടേണ്ടി വന്നതിനെല്ലാം കൂട്ടിച്ചേർത്ത് കാലം കാത്തു സൂക്ഷിച്ച ചുട്ട മറുപടി.

ചട്ടക്കൂടുകളിൽ ഒതുങ്ങേണ്ടതില്ലെന്നു തോന്നിയപ്പോഴാണ് ക്യാമറയ്ക്കു മുന്നിൽ നിന്ന് ക്യാമറയ്ക്കു പുറകിലേക്ക് ചുവടു മാറിയത്. അങ്ങനെ 2015ൽ കംപാർട്മെന്‍റും 2017ൽ കറുത്ത ജൂതനും 2018ൽ ദൈവമേ കൈ തൊഴാം കെ കുമാർ ആകണം എന്ന സിനിമയും സംവിധാനം ചെയ്തു. പൊക്കാളികൃഷ‌ിയെക്കുറിച്ച് ഒരു ഡോക്യുമെന്‍ററിയും പൂർത്തിയാക്കി. ആയിടെ സിനിമയിൽ ചെറിയൊരു ഇടവേളയുണ്ടായെങ്കിലും കട്ടപ്പനയിലെ ഹൃത്വിക് റോഷൻ എന്ന നാദിർഷാ ചിത്രത്തിലെ നക്സലൈറ്റ് ചന്ദ്രനായി സലിം കുമാർ ഊർജസ്വലതയോടെ തിരിച്ചെത്തി. ഒപ്പമുള്ളത് ആരു തന്നെയായാലും അവരെയെല്ലാം അപ്രസക്തരാക്കുന്ന പ്രകടനമായിരുന്നു ഓരോ സിനിമയിലും. അതു കൊണ്ടു തന്നെയാണ് സിനിമയിൽ അപ്രധാനമായിരുന്ന കഥാപാത്രങ്ങളെയും അവരുടെ സംഭാഷണങ്ങളെയും, എന്തിനേറെ, നോട്ടങ്ങളെയും ഭാവങ്ങളെയും പോലും മലയാളികൾ എപ്പിക് എന്ന വിശേഷണത്തോടെ ഹൃദയത്തിലേക്കു ചേർത്തു വച്ചത്.

logo
Metro Vaartha
www.metrovaartha.com