

സഞ്ജിത ഉഗാലെ
ടെവിലിഷൻ താരം സഞ്ജിത ഉഗാലെയുടെ മരണത്തിൽ വിവാദം പുകയുകയാണ്. നടിയുടെ വ്യക്തി ജീവിതത്തേക്കുറിച്ചും പ്രൊഫഷണൽ ജീവിതത്തേക്കുറിച്ചും നിരവധി അഭ്യൂഹങ്ങളാണ് പ്രചരിക്കുന്നത്. ഇപ്പോൾ സഞ്ജിതയുടെ മരണത്തിൽ പ്രതികരണവുമായി നടിയുടെ സുഹൃത്തും നടിയുമായ ഗീതാഞ്ജലി രംഗത്തെത്തിയിരിക്കുകയാണ്. സഞ്ജിത കടുത്ത വിഷാദത്തിലായിരുന്നെന്നും മരിക്കാൻ ആഗ്രഹിച്ചിരുന്നു എന്നുമാണ് ഗീതാഞ്ജലി പറയുന്നത്.
ആറ് മാസത്തോളമായി സഞ്ജിത വിഷാദത്തിലായിരുന്നു. അവളുടെ മാനസികാരോഗ്യം വളരെ മോശമായെന്നും അത് ജോലിയെ ബാധിച്ചു എന്നുമാണ് ഗീതാഞ്ജലി പറയുന്നത്. ഇതിനെ തുടർന്ന് സഞ്ജിതയെ പ്രൊഡക്ഷൻ ടീം പല ഡോക്‌ടർമാരെ കാണിച്ചുവെന്നും അവർ കൂട്ടിച്ചേർത്തു. തനിക്ക് ഇങ്ങനെ ജീവിക്കേണ്ടെന്നും മരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും സഞ്ജിത തന്നോട് പറഞ്ഞിട്ടുണ്ടെന്നും ഗീതാഞ്ജലി വെളിപ്പെടുത്തി.
ഗുജറാത്തിലെ ഷൂട്ട് കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ തനിക്ക് മാനസികമായി ബുദ്ധിമുട്ടുണ്ടെന്നും ജോലി ചെയ്യാനാവുന്നില്ലെന്നും പറഞ്ഞിരുന്നില്ല. മികച്ച അവസരമാണെന്ന് പറഞ്ഞ് പ്രോത്സാഹിപ്പിക്കാൻ ശ്രമിച്ചപ്പോൾ എനിക്ക് ഒന്നിനോടും താൽപ്പര്യമില്ല എന്നായിരുന്നു മറുപടി. എന്തൊരു ജീവിതമാണ് ഇത്‍? ദുരിതമായാണ് എനിക്ക് തോന്നുന്നത്.- എന്നാണ് പറഞ്ഞത്. ജനുവരി മുതൽ സഞ്ജിത വിഷാദത്തിലായിരുന്നു.
വ്യക്തി പലവട്ടം മരണത്തേക്കുറിച്ചും ആത്മഹത്യയേക്കുറിച്ചും പറയുന്നുണ്ടെങ്കിൽ അത് അപ്രതീക്ഷിത മരണമല്ല. കഴിഞ്ഞ ആറ് മാസങ്ങളായി മരിക്കണമെന്ന് അവൾ പറയുന്നു. അവൾക്ക് ജീവിക്കേണ്ടെന്ന്. - ഗീതാഞ്ജലി പറഞ്ഞു. സഞ്ജിത അഭിനയിച്ചുകൊണ്ടിരുന്ന സീരിയലിലെ പ്രൊഡക്ഷൻ ടീമുമായി പ്രശ്നമുണ്ടായിരുന്ന വാദം ഗീതാഞ്ജലി തള്ളി. സഞ്ജിതയുടെ മാനസീകാരോഗ്യം മോശമായത് ഷൂട്ടിനെ ബാധിച്ചിരുന്നു. തുടർന്ന് നിർമാതാക്കൾ പല ഡോക്‌ടർമാരേയും കാണിച്ചു. ഷൂട്ടിങ്ങിന് എത്താൻ സാധിക്കാത്ത രീതിയിൽ പ്രശ്നങ്ങൾ വർധിച്ചതോടെ സഞ്ജിതയെ മാറ്റാനും അവർ ആലോചിച്ചിരുന്നുവെന്നും ഗീതാഞ്ജലി പറഞ്ഞു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതുപോലെ സഞ്ജിതയ്ക്ക് പ്രണയങ്ങളൊന്നുമില്ലെന്നും കെട്ടുകഥകൾ പ്രചരിപ്പിക്കരുതെന്നും നടി കൂട്ടിച്ചേർത്തു.