അച്ഛനധികാരമോ അമ്മയധികാരമോ മോഹൻലാലിലും സുചിത്രയിലും ലവലേശം കണ്ടില്ല, എത്ര മനോഹരമായ കാഴ്ച; വിസ്മയയെ കുറിച്ച് ശാരദക്കുട്ടി

"മകളുടെ അഭിപ്രായങ്ങളെ ഒരിടത്തും തിരുത്തുകയോ പൊതുവേദിയിലെ അവളുടെ സംഭ്രമിച്ച ശരീരഭാഷയിൽ അസ്വസ്ഥനാകുകയോ ചെയ്യുന്നില്ല മോഹൻലാൽ"
saradakutty praises actress vismaya mohanlal

മോഹൻലാലും വിസ്മയയും

Updated on

വിസ്മയ മോഹൻലാൽ ആദ്യമായി അഭിനയിക്കുന്ന തുടക്കം എന്ന ചിത്രം വെള്ളിയാഴ്ച തിയറ്ററുകളിൽ എത്തും. ഇതിനിടെ വിസ്മയയെ കുറിച്ചുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. വിസ്മയയുടെ പരിഭ്രമത്തെ വിമർശിച്ചും ബോഡി ഷെയിം ചെയ്തും നിരവധി പേരാണ് എത്തുന്നത്. ഇതിനിടെ ഇപ്പോഴിതാ വിസ്മയയെ പ്രശംസിച്ച് എഴുത്തുകാരി ശാരദക്കുട്ടി രംഗത്തെത്തിയിരിക്കുകയാണ്.

വിസ്മയ കൂട്ടിലിട്ടു വളർത്തപ്പെട്ട പെൺകുട്ടിയല്ല. ആർജ്ജവവും അഭിപ്രായവും ഉള്ള വ്യക്തിയാണ്. ലോകപരിചയവും വിശാലമായ കാഴ്ചപ്പാടുകളും ഉണ്ടെന്നും ശാരദക്കുട്ടി പറയുന്നു. അഛനധികാരമോ അമ്മയധികാരമോ മോഹൻലാലിലും സുചിത്രയിലും ലവശേലം കണ്ടില്ലെന്നും ഇത് എത്ര മനോഹരമായ കാഴ്ചയാണെന്നും ശാരദക്കുട്ടി ഫെയ്സ് ബുക്കിൽ കുറിച്ചു.

ഫെയ്സ് ബുക്ക് കുറിപ്പ് ഇങ്ങനെ...

പൊതു വേദികളിലെ മോഹൻലാലിന്‍റെ സഭാകമ്പവും ലജ്ജാലുത്വവും നന്നായി ആസ്വദിച്ചിട്ടുണ്ട് മലയാളികൾ. ആ ലജ്ജാലുത്വം കുറച്ചു കൂടിയ അളവിൽ വളർന്ന പരിഭ്രമമായി മകളിലും കാണാം. മക്കളുടെ സഭാകമ്പങ്ങൾ ധാരാളം കണ്ടിട്ടുള്ള എനിക്ക് ആ മകളോടും അതേ വാത്സല്യമാണ് തോന്നിയത്.

മകളുടെ അഭിപ്രായങ്ങളെ ഒരിടത്തും തിരുത്തുകയോ പൊതുവേദിയിലെ അവളുടെ സംഭ്രമിച്ച ശരീരഭാഷയിൽ അസ്വസ്ഥനാകുകയോ ചെയ്യുന്നില്ല മോഹൻലാൽ എന്നത് എനിക്ക് മോഹൻലാലിനെ കൂടുതൽ പ്രിയങ്കരനാക്കുന്നുണ്ട്. അഛനധികാരമോ അമ്മയധികാരമോ മോഹൻലാലിലും സുചിത്രയിലും ലവശേലം കണ്ടില്ല എന്നത് സുന്ദരമായ കാഴ്ചയായി.

മക്കളുടെ ആത്മവിശ്വാസം കെടുത്തുന്നതും അവരെ socially awkward ആക്കുന്നതും പലപ്പോഴും രക്ഷിതാക്കളുടെ മുൻവിധികളും സങ്കൽപങ്ങളുമാണ്. സ്വന്തം മകളുടെ സഭാകമ്പത്തെ വളരെ normal ആയും natural ആയും കാണുന്നുണ്ട് മോഹൻലാൽ എന്നത് എത്ര ആശ്വാസകരമാണ്. നാട്ടുകാർ മുഴുവൻ അഛനും അമ്മാവനും കളിക്കാനുള്ളപ്പോൾ താൻ കൂടിയെന്തിന് എന്ന ആ പതിവ് മോഹൻലാൽ കൂൾനെസ്സ് നല്ല കൗതുകം പകർന്നു.

ആദ്യ ചിത്രത്തിന്‍റെ Promotion വേളയിൽ മലയാളിശീലങ്ങളുടെ oversmart മുഖംമൂടികളണിയാതെ വിസ്മയ തന്‍റെ ടെൻഷനും പരിഭ്രമവും മറച്ചുവെക്കാതെ ഓടി നടക്കുന്നു.

മോഹൻലാലിന്‍റെ മകളായതു കൊണ്ടല്ലേ ഈ വാത്സല്യം എന്നാണ് ചോദ്യമെങ്കിൽ .... സംശയിക്കേണ്ട അതുമുണ്ട്. ഇഷ്ടമുള്ളവരുടെ മക്കളേയും പ്രിയപ്പെട്ടവരേയും ഇഷ്ടമാകും എന്നൊരു logic മതി അതിന്.

വിസ്മയ കൂട്ടിലിട്ടു വളർത്തപ്പെട്ട പെൺകുട്ടിയല്ല. ആർജ്ജവവും അഭിപ്രായവും ഉള്ള വ്യക്തിയാണ്. ലോകപരിചയവും വിശാലമായ കാഴ്ചപ്പാടുകളുമുണ്ടവർക്ക്. മലയാളിക്യാമറകളുടെ മുന്നിലെ ഈ സങ്കോചം അവൾക്കൊരു കവചമാകട്ടെ എന്നാണെനിക്ക് ആശംസിക്കാനുള്ളത്.

എസ്. ശാരദക്കുട്ടി

logo
Metro Vaartha
www.metrovaartha.com