'ശരപഞ്ജരം' വീണ്ടുമെത്തുന്നു; ഏപ്രിൽ 25ന് റീ റിലീസ്

ജയൻ കുതിച്ചുപായുന്ന കുതിരയെ മെരുക്കുന്നതും, തന്‍റെ ശരീരഭംഗി പ്രകടമാക്കുന്ന വിധത്തിൽ കുതിരക്ക് എണ്ണയിടുന്നതും സിനിമയിലെ പ്രശസ്തമായ രംഗങ്ങളാണ്.
Sarapanjaram re release on April 25th

'ശരപഞ്ജരം' വീണ്ടുമെത്തുന്നു; ഏപ്രിൽ 25ന് റീറിലീസ്

Updated on

നാലര ദശാബ്ദങ്ങൾക്കു മുമ്പ് ചലച്ചിത്രപ്രേമികളെ ഹർഷ പുളകിതരാക്കിയ ശരപഞ്ജരം വീണ്ടും ബിഗ് സ്ക്രീനിലേക്ക്. മലയാളികളുടെ ആവേശമായി മാറിയ ജയന്‍റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവ് സൃഷ്ടിച്ച ശര പഞ്ജരം പുതിയ ഡിജിറ്റൽ സാങ്കേതിക മികവോടെ, റീമാസ്റ്റേർഡ് വേർഷനിൽ ഏപ്രിൽ 25-നാണ് റീ റിലീസ് ചെയ്യുന്നത്. ഹരിഹരൻ, മലയാറ്റൂർ, ജയൻ ടീമിന്‍റെ ഏറ്റവും പ്രേക്ഷകപ്രീതി നേടിയ ഈ ചിത്രം, റോഷിക എന്‍റർപ്രൈസസ് ആണ് തിിയേറ്ററിലെത്തിക്കുന്നത്.

സിനിമാ ചരിത്രത്തിലെ നവതരംഗം

പതിറ്റാണ്ടുകൾക്കിപ്പുറവും, തലമുറകൾ കടന്നും ചർച്ചചെയ്യപ്പെടുന്നുഎന്നതാണ് ശരപഞ്ജരത്തിന്‍റെ വലിയൊരു പ്രത്യേകത. പുതുമയുള്ള പ്രമേയവും, ശക്തമായ കഥാപാത്രങ്ങളും, ഉജ്ജ്വലമായ അഭിനയ മുഹൂർത്തങ്ങളും, സാങ്കേതികത്തികവും, കലാപരമായ ഔന്നത്യവും ഒപ്പം കച്ചവട ചേരുവകളും സമന്വയിപ്പിച്ച ചടുലമായ ആഖ്യാന ശൈലിയുടെ ഉത്തമോദാഹരണമായി ഇന്നും വാഴ്ത്തപ്പെടുന്ന ചിത്രമാണ് ശരപഞ്ജരം. ലൈറ്റ് സബ്ജക്ടുകൾ മാത്രം ചെയ്തിരുന്ന ഹരിഹരന്‍റെ ആദ്യത്തെ ഹെവി സബ്ജക്ട് ആയി ശരപഞ്ജരത്തെ വിശേഷിപ്പിക്കാം.

ചന്ദ്രശേഖരൻ എന്ന കഥാപാത്രമായി ജയനും, സൗദാമിനി എന്ന കഥാപാത്രമായി ഷീലയും, പ്രേക്ഷക പ്രീതി നേടി. ജയൻ കുതിച്ചുപായുന്ന കുതിരയെ മെരുക്കുന്നതും, തന്‍റെ ശരീരഭംഗി പ്രകടമാക്കുന്ന വിധത്തിൽ കുതിരക്ക് എണ്ണയിടുന്നതും സിനിമയിലെ പ്രശസ്തമായ രംഗങ്ങളാണ്. നെഗറ്റീവ് ഇമേജുള്ള കഥാപാത്രങ്ങളെ ധൈര്യപൂർവ്വം ഏറ്റെടുക്കുന്ന ഷീലയുടെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രമായിരുന്നു ശരപഞ്ജരത്തിലേത്. നെല്ലിക്കോട് ഭാസ്കരന് ആ വർഷത്തെ ഏറ്റവും മികച്ച സഹനടനുള്ള സംസ്ഥാന അവാർഡും ചിത്രം നേടിക്കൊടുത്തു. ചുരുക്കം ചില ചിത്രങ്ങളിൽ മുമ്പ് അഭിനയിച്ചിട്ടുള്ള ഒടുവിൽ ഉണ്ണികൃഷ്ണൻ എന്ന നടനെ താരമാക്കിയതും ഈ ചിത്രം തന്നെയാണ്.

ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ സിനിമ

ചിത്രത്തിന്‍റെ ക്ലൈമാക്സിൽ ജയനും സത്താറും തമ്മിലുള്ള സംഘട്ടനരംഗം ഏറെ ശ്രദ്ധേയമായിരുന്നു. മലമുകളിലെ വഴുക്കലുള്ള പാറപ്പുറത്തുവച്ചുള്ള ഈ സംഘട്ടന രംഗം, ഹരിഹരന്‍റെ അനുവാദത്തോടെ ജയൻ തന്നെയായിരുന്നു സംഘട്ടനം ചിട്ടപ്പെടുത്തിയത്. ഷോലെയിൽ അംജത്ഖാൻ സൃഷ്ടിച്ച തരംഗം പോലെയുണ്ട് ജയന്‍റെ പ്രകടനം എന്നാണ് ഉമ്മർ ഈ സംഘട്ടന രംഗത്തെക്കുറിച്ച് പറഞ്ഞത്.

1979-ൽ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ ചിത്രമായിരുന്നു ശരപഞ്ജരം. 4 കെ. ഡോൽ ബി അറ്റ്മോസ് ദൃശ്യ, ശബ്ദ നിലവാരത്തിൽ, റീ മാസ്റ്റർ ചെയ്ത്, സിനിമാ സ്ക്കോപ്പിലാണ് ചിത്രം വീണ്ടും തിയേറ്ററിലെത്തുന്നത്. റോഷിക എന്‍റർപ്രൈസസാണ് ചിത്രം റിലീസ് ചെയ്യുന്നത്.

‌ജി.പി. ഫിലിംസിന്‍റെ ബാനറിൽ, ജി.പി ബാലൻ നിർമ്മിച്ച ശരപഞ്ജരം, ഹരിഹരൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്തു.നാടകാചാര്യൻ കെ.ടി.മുഹമ്മദ് സംഭാഷണം എഴുതി. കഥ - മലയാറ്റൂർ രാമകൃഷ്ണൻ, ഗാന രചന - യൂസഫലി കേച്ചേരി, സംഗീതം - ദേവരാജൻ, ആലാപനം - യേശുദാസ്, ജയചന്ദ്രൻ, വാണി ജയറാം, പി. ശുശീല, മാധുരി, സംഘട്ടനം - ത്യാഗരാജൻ, വിതരണം -റോഷിക എന്‍റർപ്രൈസസ്.

പൊയ്പ്പോയ ഒരു സുവർണ്ണകാലഘട്ടം വീണ്ടും വെള്ളിത്തിരയിലൂടെ അനുഭവിച്ചറിയാനും ആസ്വദിക്കാനും ഒരു അവസരം കൂടി സൃഷ്ടിക്കുകയാണ് ശരപഞ്ജരത്തിന്‍റെ റീറിലീസ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com