

പ്രിയദർശൻ, സെയ്ഫ് അലി ഖാൻ, ടൈഗർ പട്ടൗഡി
സൂപ്പർഹിറ്റ് സംവിധായകൻ പ്രിയദർശനെ പുകഴ്ത്തി ബോളിവുഡ് താരം സെയ്ഫ് അലി ഖാൻ. പ്രിയദർശനെ കാണുമ്പോൾ തന്‍റെ അച്ഛനെ ഓർമ വരുമെന്നാണ് താരം പറയുന്നത്. ക്രിക്കറ്റ് താരമായിരുന്ന ടൈഗർ പട്ടൗഡിയാണ് സെയ്ഫ് അലി ഖാന്‍റെ പിതാവ് . എന്‍റെ അച്ഛനും പ്രിയദർശനും ക്രിക്കറ്റ് കളിച്ചവരാണ്, ഇരുവരും ഒരു കണ്ണ് നഷ്ടമായവരാണ്. മാത്രമല്ല രണ്ട് പേരും അവരവരുടെ മേഖലകളിൽ ഏറ്റവും മികച്ചവരാണെന്നും സെയ്ഫ് അലിഖാൻ പറയുന്നു. യുഎസ് സംവിധായകനായ ക്രിന്‍റ് ഈസ്റ്റ് വുഡിനെപ്പോലെ ശാന്തമായ സ്വഭാവവും ആത്മവിശ്വാസമുള്ള സമീപനവുമാണ് പ്രിയദർശന്‍റേതെന്നും സെയ്ഫ് പറയുന്നു. ഷൂട്ടിങ് സമയത്ത് ഒരു ടേക്ക് മാത്രമേ പ്രിയദർശൻ നൽകുകയുള്ളൂ. അതു കൊണ്ടു തന്നെ അഭിനേതാവ് എന്ന നിലയിൽ പെട്ടെന്ന് തീരുമാനമെടുക്കണം. എല്ലാ ദിവസവും കൃത്യ സമയത്ത് തന്നെ അദ്ദേഹം ഷൂട്ടിങ് പൂർത്തിയാക്കുമെന്നും സെയ്ഫ് കൂട്ടിച്ചേർക്കുന്നു.
1861ൽ ലണ്ടനിൽ വച്ചുണ്ടായ ഒരു കാർ അപകടത്തിലാണ് ടൈഗർ പട്ടൗഡിയുടെ ഒരു കണ്ണിന്‍റെ കാഴ്ച നഷ്ടപ്പെട്ടത്. അന്ന് അദ്ദേഹത്തിന് 20 വയസായിരുന്നു. ടീം അംഗങ്ങളിൽ ഒരാളായിരുന്നു കാർ ഓടിച്ചിരുന്നത്. കണ്ണിൽ ഉടൻ ശസ്ത്രക്രിയ നടത്തിയെങ്കിലും ഒരു കണ്ണിന്‍റെ കാഴ്ച നഷ്ടപ്പെടുകയായിരുന്നു. അപകടത്തിനു ശേഷം അഞ്ച് മാസങ്ങൾക്കുള്ളിൽ അദ്ദേഹം ഇന്ത്യയ്ക്കു വേണ്ടി ആദ്യമായി ടെസ്റ്റ് മാച്ചിനിറങ്ങി. തൊട്ടടുത്ത വർഷം ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ ടെസ്റ്റ് ടീം ക്യാപ്റ്റനെന്ന വിശേഷണവും സ്വന്തമാക്കി.
ചെറുപ്പകാലത്ത് പ്രിയദർശൻ സംസ്ഥാനതല ക്രിക്കറ്റ് ടീം അംഗമായിരുന്നു. ക്രിക്കറ്റ് താരമാകണമെന്നായിരുന്നു അദ്ദേഹത്തിന്‍റെ ആഗ്രഹം. എന്നാൽ ക്രിക്കറ്റ് ബോൾ കണ്ണിലടിച്ച് കൊണ്ടതിനു പിന്നാലെ അദ്ദേഹത്തിന് ഒരു കണ്ണിന്‍റെ കാഴ്ച നഷ്ടപ്പെട്ടു. വൈകാതെ അദ്ദേഹം ക്രിക്കറ്റിൽ നിന്ന് പിന്മാറി സിനിമാ മേഖലയിൽ സജീവമാകുകയായിരുന്നു. പ്രിയദർസൻ സംവിധാനം ചെയ്യുന്ന ഹൈവാൻ എന്ന സിനിമയിൽ കാഴ്ചശക്തിയില്ലാത്ത സംഗീതജ്ഞനായാണ് സെയ്ഫ് അലി ഖാൻ എത്തുന്നത്.