

മുംബൈ: കിങ് ഖാൻ ഷാരൂഖ് ഖാന്‍റെ അറുപതാം പിറന്നാൾ ആഘോഷമാക്കാൻ ഒരുങ്ങി ആരാധകർ. നവംബർ 2നാണ് ഷാരൂഖിന്‍റെ പിറന്നാൾ. ലോകത്തിന്‍റെ വിവിധ കോണുകളിൽ നിന്നുള്ള ആരാധകർ സമ്മാനങ്ങളുമായി മുംബൈയിലേക്ക് ഒഴുകുകയാണ്. സാധാരണയായി ബാന്ദ്രയിലെ ആഡംബര വസതിയായ മന്നത്തിന്‍റെ ബാൽക്കണിയിലെത്തി താരം പിറന്നാൾ ദിനത്തിൽ ആരാധകരെ അഭിവാദ്യം ചെയ്യാറുണ്ട്. എന്നാൽ ഇത്തവണ മന്നത്തിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ താരത്തിനെ കാണാനാകുമോ എന്ന സംശയത്തിലാണ് ആരാധകർ. ഇത്തവണ ആലിബാഗിലെ വീട്ടിലായിരിക്കും കിങ് ഖാന്‍റെ പിറന്നാൾ ആഘോഷം എന്നാണ് റിപ്പോർട്ടുകൾ
പ്രത്യേകം നിർമിച്ച കരകൗശല വസ്തുവാണ് പെറുവിലെ എസ്ആർകെ ഫാൻസ് ക്ലബിന് നേതത്വം നൽകുന്ന ക്ലൗഡിയ കെയിൽ മുംബൈയിലെത്തിയിരിക്കുന്നത്. താരത്തിന്‍റെ പിറന്നാൾ ആഘോഷിക്കുന്നതിനായി ഫാൻസ് അസോസിയേഷനുകൾ നിരവധി പരിപാടികളാണ് സജ്ജീകരിച്ചിരിക്കുന്നത്.
ഒരാഴ്ചയാണ് ഇത്തവണ പിറന്നാൾ ആഘോഷിക്കുന്നതെന്ന് എസ്ആർകെ യൂണിവേഴ്സ് ക്ലബ് സ്ഥാപക യഷ് പര്യാണി പറയുന്നു. കാൻസർ രോഗികൾ, മുതിർന്ന പൗരന്മാർ, ഭിന്നശേഷിയുള്ള കുട്ടികൾ എന്നിവർക്കായുള്ള സന്നദ്ധപ്രവർത്തനം, രക്തദാനം എന്നിവയെല്ലാം ഉൾപ്പെടുത്തിയാണ് പിറന്നാളാഘോഷം. നായർ ഹോസ്പിറ്റലിലെ കുട്ടികൾക്കായി മേം ഹൂ നാ ചിത്രം പ്രദർശിപ്പിക്കും. സൗജന്യ ഭക്ഷണ വിതരണവുമുണ്ടായിരിക്കും.