
മുംബൈ: ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാന് പിറന്നാൾ ആശംസിച്ച് സുഹൃത്തുക്കളും ആരാധകരും. അമ്പത്തെട്ടാം വയസിലേക്കു കടക്കുന്ന ഷാരൂഖിന് ആശംസകൾ നേരാനായി ആരാധകർ ഇത്തവണയും പാതിരാത്രിയിൽ അദ്ദേഹത്തിന്‍റെ വസതിയായ മന്നത്തിനു മുന്നിൽ തടിച്ചു കൂടിയിരുന്നു. ആരാധകർക്കു നേരെ കൈകൾ വീശിയാണ് ഷാരൂഖ് ആശംസകൾക്ക് നന്ദി അറിയിച്ചത്.
ഫറാഖാന്, അജയ് ദേവ്ഗൺ, ജൂഹി ചൗള, ആറ്റ്ലി എന്നിവരും സമൂഹമാധ്യമങ്ങളിലൂടെ ഷാരൂഖിന് പിറന്നാൾ ആശംസകൾ നേർന്നു. പുതിയ ചിത്രമായ ഡുങ്കിയുടെ ഫസ്റ്റ് ലൂക് പോസ്റ്ററും താരം പിറന്നാൾ ദിനത്തിൽ പുറത്തു വിട്ടു. രാജ് കുമാർ ഹിരാനിയുമായി ഒരുമിക്കുന്ന ചിത്രം ലളിതജീവിതം നയിക്കുന്ന സാധാരണക്കാർ അവരുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും പൂർത്തിയാക്കാൻ ശ്രമിക്കുന്നതിന്‍റെ കഥയാണെന്ന് ഷാരൂഖ് കുറിച്ചിട്ടുണ്ട്.
തപ്സി പാന്നു, വിക്ക് കൗശൽ, ബോമൻ ഇറാനി എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.