

"നിവിൻ പോളിയുടെ അഭിനയം വളരെ മോശം, ബാക്കി എല്ലാം ഓക്കെ"; വൈറലായി 'സോൾമേറ്റ്സ്'
സോഷ്യൽ മീഡിയയിൽ വൈറലായി സോൾമേറ്റ് എന്ന ഷോർട്ട് ഫിലിം. ഗിരീഷ് എ.ഡി.യുടെ സംവിധാനത്തിൽ നിവിൻ പോളിയും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ അഭിനയിച്ച 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' എന്ന ചിത്രത്തിന്‍റെ ഭാഗമായി പുറത്തിറങ്ങിയ ഒരു സ്പൂഫ് ഹ്രസ്വചിത്രമാണ് "സോൾമേറ്റ്സ്, ഒരു സാത്തുക്കുട്ടി പ്രണയം". 50 ലക്ഷം കാഴ്ചക്കാരുമായി ഈ ഷോർട്ട് ഫിലിം യൂട്യൂബിൽ വൈറലാണ്.
സിനിമയ്ക്കുള്ളിലെ കഥാപാത്രങ്ങൾ ചേർന്ന് നിർമിക്കുന്ന രീതിയിലാണ് ഇത് ഒരുക്കിയിരിക്കുന്നത്. തിയെറ്ററുകളിൽ വലിയ കൈയടിയും ചിരിയും ഉണ്ടാക്കിയ ഈ ഹ്രസ്വ ചിത്രത്തിന്‍റെ പൂർണരൂപം ഭാവന സ്റ്റുഡിയോസാണ് തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ പുറത്തു വിട്ടിരിക്കുന്നത്.
ഇതിലെ തമാശ നിറഞ്ഞ ഡയലോഗുകളും, പ്രണയരംഗങ്ങളിൽ പശ്ചാത്തലമായി വരുന്ന അയ്യപ്പ ഭക്തിഗാനവും വലിയ രീതിയിൽ ഇൻസ്റ്റാഗ്രാം റീലുകളിലും ട്രോളുകളിലും തരംഗമായി മാറിയിട്ടുണ്ട്. ഈ ഷോർട്ട് ഫിലിമിൽ സിനിമയിൽ ഈ ഷോർട്ട് ഫിലിം നിർമിക്കുന്ന നിവിൻ പോളിയുടെ ജസ്റ്റിൻ എന്ന കഥാപാത്രവും എത്തുന്നുണ്ട്.
സിനിമയിൽ സംഗീത് പ്രതാപ് അവതരിപ്പിക്കുന്ന ജോയൽ ഡേവിസ് അവതരിപ്പിക്കുന്ന കഥാപാത്രം തന്‍റെ ചേട്ടനായ ജസ്റ്റിന്‍റെ പണം കൊണ്ട് നിർമിക്കുന്ന ഷോർട്ട് ഫിലിമാണ് സോൾമേറ്റ്. പലരും ഈ ഷോർട്ട് ഫിലിമിന്‍റെ പശ്ചാത്തലം മനസിലാക്കാതെ നിവിന്‍റെ അഭിനയത്തെ വിമർശിക്കുന്നുണ്ട്. ഇതിൽ ഒരു വെയിറ്ററുടെ ചെറിയ റോളിലാണ് ജസ്റ്റിൻ എന്ന കഥാപാത്രമെത്തുന്നത്. വളരെ ആർട്ടിഫിഷ്യലായ സംസാരമാണ് ജസ്റ്റിന്‍റേത്.
ഇതിനെ തമാശ രൂപേണ നിരവധി പേർ ട്രോളുകളുമായി എത്തുന്നുണ്ട്. "ആ വെയിറ്ററുടെ അഭിനയം നേക്കിക്കേ, നിവിൻ പോളിയാണെന്നാണ് അവന്‍റെ വിചാരം", "വെയിറ്റർ ഒഴികെ ബാക്കി എല്ലാവരും നന്നായി അഭിനയിച്ചു", "ആ വെയിറ്ററാണ് പ്രൊഡ്യൂസർ, അവന്‍റെ ഭാവം കണ്ടാൽ ആന്‍റണി പെരുമ്പാവൂരാണെന്ന് തോന്നും' എന്നിങ്ങനെ നീളുന്നു ട്രോളുകൾ.