
ജിൻ
സിയോൾ: ബിടിഎസ് ഗായകനെ അനുവാദമില്ലാതെ കെട്ടിപ്പിടിച്ച് ചുംബിച്ച ജാപ്പനീസ് വനിതയ്ക്ക് ദക്ഷിണ കൊറിയൻ പൊലീസിന്‍റെ സമൻസ്. ബിടിഎസ് ഗായകൻ കിം സിയോക് ജിൻ എന്ന ജിന്നിനെയാണ് 50 വയസ്സുള്ള ജപ്പാൻകാരി ചുംബിച്ചത്. ചോദ്യം ചെയ്യലിനായി ഹാജരാകാൻ ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. അതേ സമയം വനിതയുടെ വ്യക്തി വിവരങ്ങൾ പങ്കു വയ്ക്കാൻ പൊലീസ് തയാറായില്ല.
കഴിഞ്ഞ വർഷം ജൂണിലാണ് കേസിനാസ്പദമായ സംഭവം. 18 മാസം നീണ്ടു നിന്ന നിർബന്ധിത സൈനിക സേവനം അവസാനിപ്പിച്ച് ജിൻ തിരിച്ചെത്തിയതിന്‍റെ പിറ്റേദിവസം ബിടിഎസിന്‍റെ വാർഷികം പ്രമാണിച്ച് ആരാധകരുമൊത്ത് ചെലവഴിച്ചിരുന്നു. ആരാധകരെ ആലിംഗനം ചെയ്യുമെന്നും ജിൻ അറിയിച്ചിരുന്നു. ആയിരക്കണക്കിന് പേരാണ് അന്ന് പരിപാടിയിൽ പങ്കെടുത്തത്. അതിനിടെയാണ് 50 വയസ്സുള്ള സ്ത്രീ ജിന്നിനെ അപ്രതീക്ഷിതമായി കവിളിൽ ചുംബിച്ചത്. പെട്ടെന്നുള്ള പ്രവൃത്തിയിൽ ജിൻ അസ്വസ്ഥനാകുന്നതും വീഡിയോകളിൽ വ്യക്തമാണ്.
പിന്നീട് തന്‍റെ ഓൺലൈൻ ബ്ലോഗ് പോസ്റ്റിൽ എന്‍റെ ചുണ്ടുകൾ അവന്‍റെ കഴുത്തിൽ സ്പർസിച്ചു. അവന്‍റെ ചർമം മൃദുവാണ് എന്ന് ജാപ്പനീസ് വനിത കുറിച്ചതായും യോൻഹാപ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. അതിനു പിന്നാലെ ഓൺലൈനായി പരാതി ലഭിച്ചതോടെയാണ് പൊലീസ് വിഷയത്തിൽ അന്വേഷണം ആരംഭിച്ചത്. ചോദ്യം ചെയ്യാൻ ഹാജരാകണമെന്ന ആവശ്യം വനിത നിരസിക്കുകയാണെന്നും ജാപ്പനീസ് പൊലീസിന്‍റെ സഹായത്തോടെ അവരെ കണ്ടെത്തുമെന്നും ദക്ഷിണ കൊറിയൻ പൊലീസ് പറയുന്നു.