തിരുവനന്തപുരം: ആറടി മൂന്നര ഇഞ്ച് ഉയരവും 101 കിലോ തൂക്കവുമുള്ള ലക്ഷണമൊത്ത വില്ലൻ... കീരിക്കാടൻ ജോസ്. അതായിരുന്നു സിനിമാസ്വാദകർ മോഹൻ രാജ് എന്ന കീരിക്കാടൻ ജോസിന് നൽകിയ വിശേഷണം. നാടിനെ സാക്ഷി നിർത്തിയ സംഘടനത്തിനൊടുവിൽ സേതുമാധവന്‍റെ കത്തിമുനയിൽ ജീവിതമൊടുങ്ങിയ ചട്ടമ്പി കീരിക്കാടൻ ജോസിനെ മലയാള സിനിമാ പ്രേക്ഷകർ നെഞ്ചോട് ചേർത്തു. 1989 ജൂലൈ 7ന് റിലീസായ കിരീടം സിനിമയിലെ വില്ലനെ മൂന്നരപ്പതിറ്റാണ്ട് പിന്നിടുമ്പോഴും അതേ പേരിൽത്തന്നെയാണ് ഇന്നും ആസ്വാദകർക്കിടയിൽ അറിയപ്പെടുന്നത്.
കീരിക്കാടനാണ് കിരീടത്തിന്‍റെ നട്ടെല്ലെന്ന് ലോഹിതദാസ് പലതവണ പറഞ്ഞിട്ടുണ്ട്. കീരിക്കാടന്‍റെ വരവും സംഘട്ടനവുമെല്ലാം ശ്വാസമടക്കിപ്പിടിച്ചാണ് പ്രേക്ഷകര്‍ വീക്ഷിച്ചത്.
അഭിനയമറിയാത്തവന്‍ വേണം കീരിക്കാടന്‍റെ വേഷം ചെയ്യാനെന്ന ലോഹിതദാസിന്‍റെ നിഗമനം തിയറ്ററുകളില്‍ അംഗീകരിക്കപ്പെടുകയായിരുന്നു.പോസ്റ്ററുകളില്‍ കീരിക്കാടന്‍റെ ചിത്രമെത്തിയത് സിനിമയിറങ്ങി 25 നാള്‍ കഴിഞ്ഞപ്പോഴാണ്. അതോടെ പുതിയ വില്ലന് സ്വീകാര്യത ലഭിച്ചു. വില്ലനെ കാണാനായി മാത്രം ചെറുപ്പക്കാര്‍ വീണ്ടും തിയറ്ററില്‍ കയറി. കിരീടം സിനിമയുടെ ക്ലൈമാക്സും കീരിക്കാടന്‍ ജോസിന്‍റെ ആകാരവും മലയാളിപ്രേക്ഷകരുടെ മനസില്‍ ആഴത്തില്‍ പതിഞ്ഞതാണ്. കീരിക്കാടനെന്ന വട്ടപ്പേരിനു മുന്‍പില്‍ മോഹന്‍രാജെന്ന യഥാർഥ പേര് മാഞ്ഞുപോയി. സെറ്റുകളിലും ആള്‍ക്കൂട്ടങ്ങള്‍ക്കു മുമ്പിലുമെല്ലാം മോഹന്‍രാജ് ഇന്നും കീരിക്കാടന്‍ ജോസാണ്.
നടനാകാൻ മോഹിച്ചു സിനിമാലോകത്ത് എത്തിയതായിരുന്നില്ല മോഹൻരാജ്. ആകസ്മികമായി സംഭവിച്ചതായിരുന്നു. ചെന്നൈയിൽ ജോലി ചെയ്യുന്ന സമയത്ത് 'കഴുമലൈ കള്ളൻ', 'ആൺകളെ നമ്പാതെ' എന്നീ തമിഴ് ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചു.
സംവിധായകൻ കലാധരനാണു കിരീടത്തിന്‍റെ സെറ്റിലേക്കു കൊണ്ടുപോകുന്നത്. കന്നടയിലെ പ്രശസ്തനായ നടനെയായിരുന്നു കീരിക്കാടന്‍റെ വേഷം ചെയ്യാൻ സംവിധായകൻ സിബി മലയിലും തിരക്കഥാകൃത്ത് ലോഹിതദാസും കണ്ടുവച്ചിരുന്നത്. എന്നാൽ പറഞ്ഞദിവസം നടന് എത്താൻ സാധിച്ചില്ല. ആറടി മൂന്നര ഇഞ്ച് ഉയരവും 101 കിലോ തൂക്കവുമുള്ള മോഹൻരാജിനെ കലാധരന്‍റെ മുറിയിൽവച്ചു സംവിധായകൻ കാണാനിടയായി. ഒറ്റമാത്രയിൽത്തന്നെ അദ്ദേഹം മുന്നിലിരിക്കുന്ന ആളിൽ കീരിക്കാടൻ ജോസിനെ കണ്ടു. പിന്നീടു ലോഹിതദാസും മോഹൻരാജിനെ കാണാനെത്തി. "" ഹോട്ടലിലെ ലിഫ്റ്റിനടുത്തുവച്ചു ലോഹിതദാസ് ഒന്നേ നോക്കിയുള്ളൂ. ആ നോട്ടം ജീവിതം വഴിതിരിച്ചുവിട്ടു'' - മോഹൻ രാജ് മുൻപ് ഒരു സിനിമാ മാസികയ്ക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.
കീരിക്കാടനെ പോലെയൊരു വേഷം ഇനി തേടിവരില്ല എന്നറിയാം. എന്നാലും എന്നും ഓർക്കാൻ പറ്റുന്ന നല്ലൊരു കഥാപാത്രം കൂടി ചെയ്താൽ കൊള്ളാമെന്നുണ്ട്. അത്തരമൊരു കഥാപാത്രവുമായി ഏതെങ്കിലും സംവിധായകൻ വരുമെന്നു പ്രതീക്ഷിക്കാമെന്നും മോഹൻരാജ് പറഞ്ഞിരുന്നു. മലയാള സിനിമ ന്യൂജൻ ആയതോടെ വില്ലൻമാരുടെയൊക്കെ പണി പോയി. പലരും കോമഡി വേഷങ്ങളിലേക്കു കൂടുമാറിയപ്പോൾ മോഹൻരാജ് അഭിനയത്തിൽനിന്നു മാറിനിൽക്കുകയായിരുന്നു. പിന്നീട് പുറത്തിറങ്ങിയ ഹലോ എന്ന മോഹൻ ലാൽ ചിത്രത്തിൽ കോമഡി വേഷം ചെയ്ത് പ്രേക്ഷക ശ്രദ്ധനേടി. ആറാം തമ്പുരാനിലെ ചെങ്കളം മാധവനെയും മലയാളി മറക്കാനിടയില്ല. " അങ്ങാടിയിൽ പത്താളിന്‍റെ നടുവിൽ കിട്ടണം നിന്നെ ' എന്ന് ജഗന്നാഥനോട് പറയുന്ന ചെങ്കളം മാധവൻ തീയെറ്ററിൽ പ്രകമ്പനം സൃഷ്ടിച്ചു. അഭിനയിച്ച സിനിമകളിലെല്ലാം നായകനോളം പോന്ന വില്ലൻ അതായിരുന്നു മോഹൻ രാജ്. ആറാം തമ്പുരാനിലും നരസിംഹത്തിലും നരനിലും മോഹന്‍ലാലെന്ന നായകന്‍ കരുത്തു തെളിയിച്ചത് പഴയ കീരിക്കാടനെ തല്ലിത്തോൽപ്പിച്ചായിരുന്നു.
എയർഫോഴ്സിൽ നിന്നും അഭ്രപാളിയിലേക്ക്
സിനിമയിൽ അഭിനയിച്ചതിന്‍റെ പേരിൽ 20 വർഷമാണു ജോലിയിൽനിന്നു പുറത്തുനിൽക്കേണ്ടിവന്നതെന്നു മോഹൻ രാജ് പറഞ്ഞിട്ടുണ്ട്. എൻഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥനായി ജോലി ചെയ്യുമ്പോഴാണു കിരീടത്തിൽ അഭിനയിക്കുന്നത്. ചിത്രം വൻ ഹിറ്റായതോടെ മോഹൻരാജ് മലയാളത്തിലെ വില്ലൻമാരിൽ മുൻനിരയിലെത്തി. തെലുങ്കിലും തമിഴിലും രണ്ടു ജാപ്പനീസ് ചിത്രങ്ങളിലും അഭിനയിച്ചു. കേന്ദ്ര സർവീസിൽ ജോലി ചെയ്യുമ്പോൾ സർക്കാരിൽനിന്ന് അനുവാദം വാങ്ങണം. അതൊന്നും ചെയ്യാതെയായിരുന്നു മോഹൻരാജ് സിനിമയിൽ അഭിനയിച്ചത്. സിനിമയിൽ പേരും പ്രശസ്തിയുമായി മോഹൻരാജ് ഉയരങ്ങളിലേക്കു കയറിപ്പോകുന്നതുകണ്ട ചില മേലുദ്യോഗസ്ഥർക്കതു പിടിച്ചില്ല. അവരുടെ ഇടപെടൽകൊണ്ട് സസ്പെൻഷൻ പെട്ടെന്നുതന്നെ കിട്ടി. അന്നു തുടങ്ങിയ നിയമപോരാട്ടം അവസാനിച്ചത് 20 വർഷത്തിനുശേഷമാണ്. 2010ൽ ആണു ജോലി തിരികെ ലഭിക്കുന്നത്.
പക്ഷേ, നഷ്ടപ്പെട്ട സർവീസ് തിരികെ ലഭിച്ചില്ല. കുറച്ചുകാലം ജോലി ചെയ്തപ്പോഴേ നിർത്തി പോരേണ്ടി വന്നു. 2015ൽ ജോലിയിൽനിന്നു സ്വമേധയാ വിരമിച്ചു. സിനിമയിൽ സജീവമാകാമെന്ന തീരുമാനത്തിലായിരുന്നു ജോലി രാജിവച്ചത്. ഒരിക്കലും നടനാകണമെന്നാഗ്രഹം മനസിലുണ്ടായിരുന്നില്ല. യാദൃച്ഛികമായാണു സിനിമയിലേയ്ക്കു വന്നത്. ""അഭിനയിക്കാനറിയില്ലെന്നാണ് ഇപ്പോഴും വിശ്വസിക്കുന്നത്. സംവിധായകന്‍ 'ആക്ഷന്‍' എന്നു പറയുമ്പോള്‍ പറഞ്ഞുതന്നത് ചെയ്യും, അത്രതന്നെ. തിരുവനന്തപുരം ആര്യനാട് മാര്‍ക്കറ്റിലായിരുന്നു കിരീടത്തിലെ എന്‍റെ രംഗം ആദ്യം ചിത്രീകരിച്ചത്. സ്റ്റണ്ട് മാസ്റ്ററുടെ നമ്പറുകള്‍ സംവിധായകനത്ര പിടിച്ചില്ല. തുടര്‍ന്ന് മോഹന്‍ലാല്‍ ഇടപെട്ടു. അണ്ണാ, ഇങ്ങനെ അടി, അങ്ങനെ തടുക്ക് എന്നെല്ലാം പറഞ്ഞു. ഞാനതുപോലതു ചെയ്തു, അത്രതന്നെ. പള്ളിവേട്ട മാര്‍ക്കറ്റില്‍ ക്ലൈമാക്സ് അടി മൂന്നര മണിക്കൂര്‍ നടന്നു. ശരീരമൊരുപാട് ചെളി തിന്നിട്ടുണ്ട്. വടികൊണ്ടുള്ള ലാലിന്‍റെ അടിവരുന്നതുവരെ അങ്ങോട്ടു കൊടുക്കുകയായിരുന്നല്ലോ. അതിനു വലിയ അഭിനയമൊന്നും വേണ്ടിവന്നില്ല. പഠിക്കുന്നകാലത്തു തന്നെ അത്‍ലറ്റായതിന്‍റെ മെച്ചം അന്നുണ്ടായി. ഒരു രംഗത്തുപോലും ഡ്യൂപ്പില്ലാതെയാണ് കിരീടത്തിലെ സംഘട്ടനരംഗം മൊത്തം ചിത്രീകരിച്ചത്.. '' മോഹൻ രാജ് അന്നു പറഞ്ഞിരുന്നു.
അടിവാങ്ങുന്ന വേഷങ്ങള്‍ തന്നെയാണ് ഇപ്പോഴും വരുന്നതെന്നും. അതിലൊരു പുതുമയില്ലെന്നും മോഹൻ രാജ് അടുത്ത കാലത്ത് പറഞ്ഞിട്ടുണ്ട്. സിനിമയിലെ വില്ലന്‍മാരുടെ ജീവിതം കഷ്ടമാണ്. മാനസികമായും സാമ്പത്തികമായി നേട്ടമൊന്നുമില്ല. സിനിമയോട് ഇന്നും വലിയ കമ്പമില്ല. പക്ഷേ, സിനിമ നല്‍കിയ പേരും പ്രശസ്തിയും ആസ്വദിച്ചിട്ടുണ്ടെന്നും അദ്ദേഹം.
മന്ത്രി സജി ചെറിയാന്‍ അനുശോചിച്ചു
തിരുവനന്തപുരം: നടന്‍ മോഹന്‍രാജിന്‍റെ വിയോഗത്തില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അനുശോചനം രേഖപ്പെടുത്തി. സ്വന്തം പേരിനെക്കാള്‍ തന്‍റെ കഥാപാത്രത്തിന്‍റെ പേരില്‍ അറിയപ്പെടാന്‍ അവസരം ലഭിച്ച അപൂര്‍വ്വം നടന്മാരില്‍ ഒരാളാണ് മോഹന്‍രാജ് എന്ന് മന്ത്രി സ്മരിച്ചു. മലയാള സിനിമയിലെ ശ്രദ്ധേയമായ ഒട്ടേറെ വില്ലന്‍ കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിച്ചു. മോഹന്‍രാജിന്‍റെ വേര്‍പാടില്‍ ബന്ധുമിത്രാദികളുടെയും സിനിമാപ്രേമികളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും മന്ത്രി പറഞ്ഞു. 'എന്നും മലയാളികളുടെ ഓര്‍മയില്‍ തങ്ങി നില്‍കുന്ന ഒരുപിടി കഥാപാത്രങ്ങള്‍ സമ്മാനിച്ച മോഹന്‍രാജിന്, മലയാള സിനിമയുടെ "കീരികാടന്‍ ജോസിന്" ആദരാഞ്ജലികൾ', എന്നാണ് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി കുറിച്ചത്. മമ്മൂട്ടിയും മോഹന്‍രാജിന് ആദരാഞ്ജലികൾ അറിയിച്ചിട്ടുണ്ട്.
അതികായനായ വില്ലൻ; മോഹൻരാജിനെ അനുസ്മരിച്ച് ദിനേശ് പണിക്കർ
നടൻ മോഹൻരാജിനെ അനുസ്മരിച്ച് നടനും നിർമാതാവുമായ ദിനേശ് പണിക്കർ. മലയാള സിനിമയിലെ അതികായനായ വില്ലനായിരുന്നു മോഹൻരാജ് എന്ന് ദിനേശ് പണിക്കർ പറഞ്ഞു. ചലച്ചിത്രലോകം എന്നെന്നും മോഹൻരാജിനെ ഓർക്കുമെന്നും സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ അദ്ദേഹം പറഞ്ഞു. മോഹൻരാജിനൊപ്പമുള്ള ചിത്രവും താരം പങ്കുവച്ചു.
ദിനേശ് പണിക്കരുടെ കുറിപ്പ് ഇങ്ങനെ : കിരീടം സിനിമയിലെ അതികായനായ വില്ലൻ... കീരിക്കാടൻ ജോസിനെ... അവതരിപ്പിച്ച മോഹൻരാജ് ഓർമ്മയായി.... കിരീടം സിനിമയ്ക്കു ശേഷം എന്‍റെ തന്നെ ചിത്രങ്ങളായ ചെപ്പു കിലുക്കണ ചങ്ങാതി , രജ പുത്രൻ, സ്റ്റാലിൻ ശിവദാസ് എന്നീ ചിത്രങ്ങളിലും എന്‍റെ സുഹൃത്തായ മോഹൻരാജ് അഭിനയിച്ച സഹകരിക്കുകയുണ്ടായി... ... Will miss u dear Mohanraj.